ട്രെയിനിൽ ഉച്ചത്തിൽ പാട്ടും വീഡിയോയും വേണ്ട; നിയമലംഘനത്തിന് പിഴയും തടവും | Indian Railways loud music in trains

Current: മലയാളം

ഡൽഹി: ട്രെയിനിൽ സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഉച്ചത്തിൽ പാട്ട് കേൾക്കുന്നതും വീഡിയോകൾ കാണുന്നതും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കെതിരെ നടപടിയുമായി ഇന്ത്യൻ റെയിൽവേ (Indian Railways loud music in trains). മൊബൈൽ ഫോണിന്റെ സ്പീക്കർ ഉപയോഗിച്ച് ശബ്ദമുണ്ടാക്കി മറ്റുള്ളവരെ ശല്യപ്പെടുത്തുന്നവർക്കെതിരെ പിഴയും തടവും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ മുന്നറിയിപ്പ് നൽകി.
യാത്രക്കാരുടെ സമാധാനവും സ്വകാര്യതയും ഉറപ്പാക്കുകയാണ് നടപടിയുടെ ലക്ഷ്യം. ട്രെയിനിലും റെയിൽവേ പരിസരങ്ങളിലും മൊബൈൽ ഫോണുകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്നും റെയിൽവേ അഭ്യർഥിച്ചു.
നിയമലംഘനത്തിന് പിഴ
ജൻ വിശ്വാസ് (നിയമ ഭേദഗതി) ആക്ട് പ്രകാരം ഭേദഗതി ചെയ്ത റെയിൽവേ ആക്ടിലെ സെക്ഷൻ 145(2)(a) അനുസരിച്ചാണ് നടപടിയെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്.
ട്രെയിനിനുള്ളിൽ മാത്രമല്ല, പ്ലാറ്റ്‌ഫോം ഉൾപ്പെടെയുള്ള റെയിൽവേ പരിസരങ്ങളിലും ഉച്ചത്തിൽ പാട്ട് കേൾക്കുകയോ വീഡിയോകൾ കാണുകയോ സ്പീക്കർ മോഡിൽ സംസാരിക്കുകയോ ചെയ്ത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവർക്കെതിരെ നടപടിയുണ്ടാകും. നിയമലംഘനം നടത്തുന്നവർക്ക് 1,000 രൂപ പിഴ ചുമത്തുകയും റെയിൽവേ പരിസരത്തുനിന്ന് പുറത്താക്കുകയും ചെയ്യാമെന്നാണ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
മുന്നറിയിപ്പ് അവഗണിച്ചാൽ തടവും പിഴയും
റെയിൽവേ ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പിനുശേഷവും ശല്യമുണ്ടാക്കുന്ന പ്രവർത്തനം തുടരുകയാണെങ്കിൽ കൂടുതൽ കടുത്ത നടപടികൾ നേരിടേണ്ടിവരും. ആറുമാസം വരെ തടവോ 5,000 രൂപ വരെ പിഴയോ ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരം കേസ് കോടതിയിലെത്തിക്കാമെന്നും മുന്നറിയിപ്പുണ്ട്.
സഹയാത്രികരുടെ സൗകര്യം കണക്കിലെടുത്ത് ഇയർഫോൺ ഉപയോഗിക്കാനും പൊതുസ്ഥലങ്ങളിൽ മൊബൈൽ ഫോണിന്റെ ശബ്ദം നിയന്ത്രിക്കാനും റെയിൽവേ യാത്രക്കാരോട് നിർദേശിക്കുന്നു.
Story Summary:
Indian Railways has warned passengers against playing loud music, watching videos on phone speakers or making loud speakerphone calls in trains and railway premises when these activities disturb others. The reported measures aim to protect passengers’ comfort and privacy, with penalties potentially including fines, removal from railway premises and further legal action for continued violations.






