പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ഡൽഹി വിമാനത്താവളത്തിൽ 3 മണിക്കൂറോളം തടഞ്ഞുവച്ചു: 50,000 രൂപ പിഴയീടാക്കിയെന്ന് AAP | Punjab CM

Current: മലയാളം

ന്യൂഡൽഹി : പാരീസ് സന്ദർശനം കഴിഞ്ഞ് മടങ്ങിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്ന് മണിക്കൂറോളം തടഞ്ഞുവെച്ചതായി ആം ആദ്മി പാർട്ടി. തുടന്ന് അദ്ദേഹത്തിന് 50,000 രൂപ പിഴചുമത്തി ചലാൻ നൽകിയതായും പാർട്ടി നേതൃത്വം ആരോപിച്ചു. കേന്ദ്ര സർക്കാരിന്റെ കനത്ത സമ്മർദ്ദത്തെ തുടർന്നാണ് ഉദ്യോഗസ്ഥർ ഈ നടപടി സ്വീകരിച്ചതെന്നും എ.എ.പി ആരോപിക്കുന്നു.(Punjab CM Bhagwant Mann Detained At Delhi Airport AAP Alleges)
പാരീസിൽ നടന്ന അന്താരാഷ്ട്ര ഭക്ഷ്യ വ്യാപാര പ്രദർശനമായ ‘SIAL Paris 2026’-ൽ പഞ്ചാബിന്റെ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നതിനാണ് മുഖ്യമന്ത്രി പാരീസിലേക്ക് പോയത്. ഈ യാത്രയ്ക്ക് കേന്ദ്രം നേരത്തെ അനുമതി നിഷേധിച്ചിരുന്നെങ്കിലും, പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങിയ ശേഷമാണ് അദ്ദേഹം യാത്ര തിരിച്ചത്. ലഗേജ് പരിശോധനയുടെ പേരിൽ മാത്രം മൂന്ന് മണിക്കൂറോളമാണ് മുഖ്യമന്ത്രിയെ വിമാനത്താവളത്തിൽ പിടിച്ചുനിർത്തിയത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മുഖ്യമന്ത്രി മടങ്ങാൻ നേരം ഓടിയെത്തിയ ഉദ്യോഗസ്ഥർ തങ്ങൾക്കു മേൽ “ഉന്നതങ്ങളിൽ നിന്ന് കനത്ത സമ്മർദ്ദമുണ്ടെന്ന്” അറിയിച്ചതായി പഞ്ചാബ് എ.എ.പി മീഡിയ ഇൻ-ചാർജ് ബാൽതേജ് പന്നു ആരോപിച്ചു. യാതൊരു വ്യക്തതയുമില്ലാതെ 50,000 രൂപ പിഴ ചുമത്തി ചലാൻ നൽകുകയായിരുന്നു. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയോട് ഇത്തരത്തിൽ അപമര്യാദയായി പെരുമാറിയത് പഞ്ചാബിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പാർട്ടി പ്രതികരിച്ചു. മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്ന ലഗേജുകളിലെ അധിക സാധനങ്ങളെയും പണത്തെയും കുറിച്ച് കസ്റ്റംസ് അധികൃതർ ചോദ്യം ചെയ്തിരുന്നതായി ശിരോമണി അകാലിദൾ നേതാവ് വിക്രം സിംഗ് മജീതിയയും ആരോപിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ നിരന്തരം പഞ്ചാബിനെയും മുഖ്യമന്ത്രിയെയും അപമാനിക്കാൻ ശ്രമിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും എ.എ.പി വ്യക്തമാക്കി.
Story Summary
The Aam Aadmi Party alleged that Punjab Chief Minister Bhagwant Mann was detained for three hours at the Delhi airport upon returning from Paris and fined Rs 50,000 under immense pressure from central authorities. The trip, meant for promoting Punjab’s products at an international exhibition, had earlier faced roadblocks from the Centre before the High Court cleared it.






