ടൈഗർ ഷ്രോഫ് ആക്രമണക്കേസിൽ നിർണ്ണായക വഴിതിരിവ്; ആയുധങ്ങൾ എത്തിക്കാനും പ്രതികളെ രക്ഷപ്പെടുത്താനും എൻക്രിപ്റ്റ് ചെയ്ത ആപ്പുകൾ ഉപയോഗിച്ചതായി പോലീസ് കണ്ടെത്തൽ

Current: മലയാളം

മുംബൈ: ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫിന് നേരെ നടന്ന വെടിവെപ്പ് കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. ലോറന്‍സ് ബിഷ്ണോയ് ഗാംഗ് തലവന്‍ അനില്‍ പണ്ഡിറ്റിന്റെ സഹായിയായ കുനാല്‍ എന്നയാളും മറ്റ് മൂന്ന് പേരെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് കേസില്‍ പുതിയ വഴിതിരിവുണ്ടായത്.
അനിലിന്റെ നിര്‍ദ്ദേശപ്രകാരം അമൃത്സറില്‍ നിന്ന് ഒരു പിസ്റ്റളും 20 തിരകളും കുനാല്‍ കൈവശപ്പെടുത്തുകയായിരുന്നു. രാധ എന്ന യുവതിയുമായി അടുപ്പത്തിലായ കുനാല്‍, ഇവരുടെ ബാഗില്‍ തോക്ക് ഒളിപ്പിച്ച് മുംബൈയിലേക്ക് കടത്താന്‍ പദ്ധതിയിടുകയായിരുന്നു.
ഒക്ടോബര്‍ 15-ന് ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് രാധയ്ക്കും ബബിതയ്ക്കും തോക്ക് കൈമാറുകയും, എന്‍ക്രിപ്റ്റ് ചെയ്ത ആപ്ലിക്കേഷന്‍ വഴി അനിലിന്റെ നിര്‍ദ്ദേശങ്ങള്‍ ഇവര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുകയും ചെയ്തു.
ഒക്ടോബര്‍ 17-ന് ദാദറിലെത്തിയ യുവതികള്‍ ഒരു ഹോട്ടലില്‍ മുറിയെടുക്കുകയും, തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടി ഹോട്ടലിന് സമീപമെത്തി ബാഗ് ഏറ്റുവാങ്ങുകയും ചെയ്തു.
ഒക്ടോബര്‍ 18-ന് വൈകുന്നേരം ജുഹുവിലെ ജമ്നബായ് നര്‍സി ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളി കഴിഞ്ഞ് മടങ്ങുകയായിരുന്ന ടൈഗര്‍ ഷ്രോഫിന്റെ കാറിന് നേരെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെടിവെപ്പ് നടത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികളെ സഹായിക്കാന്‍ കുനാലിനോട് അനില്‍ പണ്ഡിറ്റ് ആവശ്യപ്പെട്ടിരുന്നു.
സംഭവദിവസം തന്നെ രാധയും ബബിതയും ഡാദര്‍-ഹരിദ്വാര്‍ എക്‌സ്പ്രസില്‍ ഡല്‍ഹിയിലേക്ക് മടങ്ങുകയും, ഒക്ടോബര്‍ 20-ഓടെ ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലും സോണിപത്തുമായി പ്രതികള്‍ പിടിയിലാകുകയും ചെയ്തു. ഇതുവരെ ഈ കേസില്‍ ആകെ ഏഴ് പേരാണ് അറസ്റ്റിലായിട്ടുള്ളത്.






