ഒക്ടോബർ 24-ലെ ഹർത്താലിൽ മാറ്റമില്ലെന്ന് എൽ.ഡി.എഫ്; പരിസ്ഥിതിലോല പ്രദേശ വിജ്ഞാപനത്തിൽ ഉൾപ്പെട്ട ഏഴ് വില്ലേജുകളിൽ ഒന്നുപോലും ഒഴിവാക്കിയില്ലെന്ന് സി.പി.എം. ഹർത്താൽ ജനങ്ങളെ വഞ്ചിക്കാനെന്ന് പഴകുളം മധു എം.എൽ.എയുടെ വിമർശനം. നിയമസഭയിൽ അടിയന്തര പ്രമേയം കൊണ്ടുവരാൻ പോലും ഇടതുമുന്നണി തയ്യാറായില്ലെന്നും ആരോപണം

Current: മലയാളം

പത്തനംതിട്ട: പരിസ്ഥിതിലോല പ്രദേശ വിജ്ഞാപനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 24-ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജില്ലയിലെ 7 വില്ലേജുകൾ വിജ്ഞാപനത്തിൽ ഉൾപ്പെട്ടതിൽ ഒന്ന് പോലും ഒഴിവാക്കിയിട്ടില്ലെന്നും, ഇതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ വെറുംകയ്യോടെ ഇറങ്ങിപ്പോകണമെന്നാണോ റാന്നി എം.എൽ.എ പറയുന്നത് എന്ന് ചോദിച്ച രാജു എബ്രഹാം, റാന്നി എം.എൽ.എ എന്തുകൊണ്ടാണ് ഹർത്താലിനെ എതിർക്കുന്നത് എന്ന് അറിയില്ലെന്നും കൂട്ടിച്ചേർത്തു.
എന്നാൽ എൽ.ഡി.എഫിന്റെ ഹർത്താൽ ആഹ്വാനത്തെ രൂക്ഷമായി വിമർശിച്ച് പഴകുളം മധു എം.എൽ.എ രംഗത്തെത്തി. സർക്കാർ സമർപ്പിക്കുന്ന റിപ്പോർട്ടിനെതിരെ തന്നെയാണ് ഇവർ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നതെന്നും, ജനങ്ങളെ വഞ്ചിക്കാനാണ് ഈ ഹർത്താലെന്നും അദ്ദേഹം ആരോപിച്ചു.
വിഷയത്തിൽ ഒരു അടിയന്തര പ്രമേയം പോലും നിയമസഭയിൽ കൊണ്ടുവരാൻ ഇടതുമുന്നണി തയ്യാറായിട്ടില്ലെന്നും, കേരളത്തിൽ മറ്റൊരു ജില്ലയിലും ഇത്തരത്തിൽ ഹർത്താൽ ഇല്ലെന്നും പഴകുളം മധു എം.എൽ.എ ചൂണ്ടിക്കാട്ടി.






