ഇൽഹാൻ ഒമർ രാജിവയ്ക്കണമെന്ന് ട്രംപ്; പേരിനെ ച്ചൊല്ലി വിവാദം

Current: മലയാളം

വാഷിങ്ടൺ: കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ രാജിവയ്ക്കണമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇൽഹാൻ ഒമറിന്റെ യഥാർഥ പേര് ‘ഇൽഹാൻ നൂർ സെയ്‌ദ് എൽമി’ ആണെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കാനും കോൺഗ്രസിൽ സത്യപ്രതിജ്ഞ ചെയ്യാനും വ്യാജപേര് ഉപയോഗിച്ചെന്നുമുള്ള ആരോപണങ്ങൾ ഉയർത്തിയാണ് ട്രംപിന്റെ ആവശ്യം. ഫോക്സ് ന്യൂസ് റിപ്പോർട്ട് പങ്കുവച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രതികരണം.
എന്നാൽ, ഇൽഹാൻ ഒമർ തന്നെയാണ് തന്റെ യഥാർഥ പേരെന്നും വാർത്തയിലെ ആരോപണങ്ങൾ പൂർണമായും തെറ്റാണെന്നും കോൺഗ്രസ് അംഗത്തിന്റെ ഓഫീസ് വ്യക്തമാക്കി. തൻ്റെ സഹോദരനെ വിവാഹം കഴിച്ചെന്ന പഴയ ആരോപണവും ട്രംപിന്റെ പോസ്റ്റിൽ പരാമർശിച്ചിരുന്നു. എന്നാൽ, ഈ ആരോപണങ്ങൾ തെളിയിക്കപ്പെട്ട വസ്‌തുതകളായി സ്ഥിരീകരിച്ചിട്ടില്ല.
ഒമറിന്റെ വാഷിങ്ടണിലെ വസതിയിൽ ഒക്ടോബർ 13ന് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് വിഭാഗം പരിശോധന നടത്തിയിരുന്നു. കുടിയേറ്റ രേഖകളുമായി ബന്ധപ്പെട്ട് നടക്കുന്ന ഫെഡറൽ അന്വേഷണത്തിന്റെ ഭാഗമായിരുന്നു നടപടിയെന്ന് നീതിന്യായ വകുപ്പ് സ്ഥിരീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കുട്ടിയായിരുന്ന കാലത്ത് ഒമറിന്റെ പിതാവ് പൂരിപ്പിച്ച രേഖകൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ടെന്നാണ് മാധ്യമങ്ങൾ ഉദ്ധരിച്ച വൃത്തങ്ങൾ വ്യക്തമാക്കിയത്.
പരിശോധനയെ രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്താനുള്ള അധികാരദുരുപയോഗമെന്ന് വിശേഷിപ്പിച്ച ഒമർ, താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ആരോപിച്ചു. ഒരു ദശാബ്ദമായി ട്രംപ് തന്നെ ലക്ഷ്യമിട്ട് പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നുണ്ടെന്നും ഫെഡറൽ നിയമസംവിധാനത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും അവരുടെ ഓഫീസ് പ്രതികരിച്ചു.
മിനസോട്ടയിലെ അഞ്ചാം കോൺഗ്രസ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സൊമാലിയൻ വംശജയായ ഇൽഹാൻ ഒമർ ഡെമോക്രാറ്റിക് പാർട്ടി അംഗമാണ്. ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒമറിനെതിരായ ട്രംപിൻ്റെ നീക്കം അമേരിക്കൻ രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.






