തായ്‌വാനെ വിറപ്പിച്ച് ചാമ്പി ചുഴലിക്കാറ്റ്; ഒരാൾ മരിച്ചു, 527 പേർക്ക് പരിക്ക് | Typhoon Champi Taiwan

Current: മലയാളം

തായ്‌വാന്റെ വടക്കുകിഴക്കൻ തീരത്തുകൂടി കടന്നുപോയ ചാമ്പി ചുഴലിക്കാറ്റിൽ ഒരാൾ മരിച്ചു. ശക്തമായ കാറ്റിലും കനത്ത മഴയിലും 527 പേർക്ക് പരിക്കേറ്റു. നിരവധി മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം തകരാറിലാകുകയും ചെയ്തു. പസഫിക് മേഖലയിൽ ഈ വർഷം വീശിയ ശക്തമായ കൊടുങ്കാറ്റുകളിലൊന്നായ ചാമ്പി ഇപ്പോൾ ദുർബലമായെങ്കിലും ശക്തമായ കാറ്റുമായി വടക്കോട്ട് നീങ്ങുകയാണ്. (Typhoon Champi Taiwan)
ശനിയാഴ്ച പുലർച്ചെ യിലാൻ കൗണ്ടിയുടെ തീരത്തോട് ചേർന്നാണ് ചുഴലിക്കാറ്റ് കടന്നുപോയത്. പിന്നീട് കടലിൽ അപൂർവമായ രീതിയിൽ ദിശമാറി വടക്കോട്ട് നീങ്ങി. ചുഴലിക്കാറ്റിന്റെ കേന്ദ്രത്തിന് സമീപം മണിക്കൂറിൽ 126 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശിയപ്പോൾ ചില തീരപ്രദേശങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 227 കിലോമീറ്റർ വരെയെത്തിയതായി തായ്‌വാനിലെ കാലാവസ്ഥാ ഏജൻസി അറിയിച്ചു. ലിയൂച്യു ദ്വീപിൽ തിരമാലയിൽപ്പെട്ട് ഒഴുകിപ്പോയ ഒരാളാണ് മരിച്ചത്. 2.88 ലക്ഷത്തിലധികം വീടുകളിൽ വൈദ്യുതി മുടങ്ങിയെങ്കിലും ഭൂരിഭാഗം സ്ഥലങ്ങളിലും ബന്ധം പുനഃസ്ഥാപിച്ചു. വെള്ളിയാഴ്ച ഏകദേശം ആയിരത്തോളം വിമാനങ്ങൾ റദ്ദാക്കിയതിന് പിന്നാലെ ശനിയാഴ്ച 259 വിമാനങ്ങൾ കൂടി റദ്ദാക്കി. തായ്‌പേയ് ഉൾപ്പെടെയുള്ള വടക്കൻ, മധ്യ തായ്‌വാനിലെ നിരവധി പ്രദേശങ്ങളിൽ തുടർച്ചയായ രണ്ടാം ദിവസവും സ്കൂളുകളും സർക്കാർ ഓഫീസുകളും അടച്ചിട്ടു.
അർധരാത്രിയോടെയാണ് കാറ്റ് ഏറ്റവും ഭീതിജനകമായതെന്ന് യിലാനിലെ വിരമിച്ച അധ്യാപകൻ പ്രതികരിച്ചു. തായ്‌പേയ് നിവാസികളും ശക്തമായ കാറ്റിന്റെ ശബ്ദവും നാശനഷ്ടങ്ങളും ഭയപ്പെടുത്തിയതായി പറഞ്ഞു. നഗരത്തിൽ മരങ്ങൾ വീഴുകയും ഇടവിട്ടുള്ള ശക്തമായ മഴ തുടരുകയും ചെയ്തു. ചൈനയുടെ തീരത്തേക്ക് നീങ്ങുന്ന ചാമ്പി നേരിട്ട് കരയിൽ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും സെജിയാങ് പ്രവിശ്യയിൽ ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 400 രക്ഷാപ്രവർത്തകരെയും 600 ഉപകരണങ്ങളെയും സജ്ജമാക്കിയതായി ചൈനീസ് അധികൃതർ അറിയിച്ചു. തീരത്തെ ആയിരക്കണക്കിന് മത്സ്യബന്ധന ബോട്ടുകൾ തുറമുഖങ്ങളിലേക്ക് തിരിച്ചെത്തിക്കുകയും ദ്വീപുകളിലെ സന്ദർശകരെ ഒഴിപ്പിക്കുകയും ചെയ്തു.
Summary: Typhoon Champi swept past Taiwan, killing one person and injuring 527 as powerful winds and heavy rain caused widespread disruption. Thousands of homes lost electricity, flights were cancelled, and authorities in Taiwan and coastal China took precautionary measures as the storm moved north.






