അസൂയപ്പെടേണ്ട….അയര്‍ലണ്ടിലെ ശമ്പളത്തില്‍ മുന്നില്‍ ഇന്ത്യക്കാര്‍; സ്ത്രീകള്‍ക്ക് കൂടുതല്‍ വരുമാനം

Current: മലയാളം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ശമ്പളം കൈപ്പറ്റുന്നവരുടെ പ്രതിവാര കണക്കില്‍ ഇന്ത്യന്‍ പൗരന്മാര് മുന്നില്‍. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് ഒക്ടോബറില്‍ പുറത്തുവിട്ട 2025ലെ കണക്കുകള്‍ പ്രകാരം, പഠനത്തില്‍ പ്രത്യേകം ഉള്‍പ്പെടുത്തിയ ദേശീയതകളില്‍ ഇന്ത്യക്കാരുടെ പ്രതിവാര മധ്യവേതനം 862.14 യൂറോയാണ്. ബ്രിട്ടിഷ് പൗരന്മാര്ക്ക് 814.30 യൂറോയുള്ളപ്പോള് ഐറിഷ് പൗരന്മാര്ക്ക് 792.89 യൂറോ മാത്രമാണ് വരുമാനം..രാജ്യത്തെ എല്ലാ വിഭാഗം ജീവനക്കാരെയും ചേര്‍ത്താല്‍ അവരുടെ മീഡിയന് വേതനം 759.21 യൂറോ മാത്രമാകുമ്പോഴാണ് ഇന്ത്യക്കാര്‍ ഇവിടെ ശരാശരി നൂറു യൂറോയോളം നാട്ടുകാരേക്കാള്‍ കൂടുതല്‍ ശമ്പളം വാങ്ങുന്നത്.
ഇന്ത്യന്‍ സ്ത്രീകള്‍ക്ക് നേട്ടം
ഇന്ത്യന്‍ സ്ത്രീകളുടെ പ്രതിവാര മധ്യവേതനം 916.88 യൂറോയാണ്; പുരുഷന്മാരുടേത് 801.56 യൂറോയും. പുരുഷന്മാരെക്കാള് 14.4 ശതമാനം കൂടുതലാണ് ഇന്ത്യന്‍ സ്ത്രീകളുടെ വരുമാനം. റിപ്പോര്‍ട്ടില്‍ പ്രത്യേകം പരിശോധിച്ച ദേശീയതകളില്‍ സ്ത്രീകളുടെ ശരാശരി വേതനം പുരുഷന്മാരുടേതിനെ മറികടന്നത് ഇന്ത്യക്കാരില്‍ മാത്രമാണ്.
ഒന്നാമതെങ്കിലും നേരിയ ഇടിവ്
മുന്‍നിര സ്ഥാനം നിലനിര്‍ത്തിയെങ്കിലും ഇന്ത്യക്കാരുടെ മധ്യവേതനം മുന്‍വര്‍ഷത്തെക്കാള്‍ 1.6 ശതമാനം കുറഞ്ഞു. 2024ല്‍ ഇത് 876.04 യൂറോയായിരുന്നു. ഉയര്‍ന്ന വേതനമുള്ള ആരോഗ്യം, ഐടി, പ്രഫഷനല്‍ സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലെ ഇന്ത്യന്‍ തൊഴിലുകളുടെ അനുപാതം കുറഞ്ഞത് ഇതിനു കാരണമായിരിക്കാമെന്നാണ് സിഎസ്ഒയുടെ വിലയിരുത്തല്‍.
അതേസമയം, ആകെയുള്ള ഇന്ത്യക്കാരുടെ ശരാശരി പ്രതിവാര വേതനം 0.3 ശതമാനം ഉയര്‍ന്ന് 1,044 യൂറോയായി.
തൊഴില്‍രംഗത്ത് സാന്നിധ്യം ശക്തം
2020-2025 കാലയളവില്‍ ഇന്ത്യന്‍ പൗരന്മാര് വഹിക്കുന്ന തൊഴിലുകളുടെ എണ്ണം 251.8 ശതമാനം വര്‍ധിച്ചു. അയര്‍ലണ്ടിലെ ആകെ തൊഴിലുകളില്‍ ഇന്ത്യക്കാരുടെ വിഹിതം 2024ലെ 3.1 ശതമാനത്തില്‍നിന്ന് 2025ല്‍ 3.6 ശതമാനമായി ഉയര്‍ന്നു.
‘മധ്യവേതനം’ ശരാശരിയല്ല
വേതനങ്ങള്‍ ക്രമത്തില്‍ നിരത്തുമ്പോള്‍ മധ്യത്തില്‍ വരുന്ന തുകയാണ് മധ്യവേതനം അഥവാ മീഡിയന്. ബന്ധപ്പെട്ട തൊഴിലുകളില്‍ പകുതിക്ക് ഈ തുകയേക്കാള്‍ കൂടുതലും പകുതിക്ക് കുറവുമായിരിക്കും വരുമാനം. അതിനാല്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ആഴ്ചയില്‍ 862.14 യൂറോ ലഭിക്കുന്നുവെന്ന് ഈ കണക്കിന് അര്‍ഥമില്ല.
ഉയര്‍ന്ന വേതനത്തിനു പിന്നില്‍ തൊഴില്‍മേഖലകളുടെ സ്വാധീനം
അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ ഉയര്‍ന്ന വേതനമുള്ള ഏതൊക്കെ മേഖലകളില്‍ ജോലി ചെയ്യുന്നു എന്നതാണ് ഈ കണക്കിലെ പ്രധാന ഘടകം. ഇന്ത്യന്‍ വംശജരായ ഐറിഷ് പൗരത്വമുള്ളവരെ സി എസ് ഓ ഇന്ത്യക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല ആരോഗ്യപരിചരണം, വിവരസാങ്കേതികവിദ്യ, പ്രഫഷനല്‍-സാങ്കേതിക സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലെ ഇന്ത്യന്‍ ജീവനക്കാരുടെ സാന്നിധ്യം മൊത്തത്തിലുള്ള മധ്യവേതനം ഉയരാന്‍ സഹായിക്കുന്നു. പ്രത്യേക വിദ്യാഭ്യാസവും പരിശീലനവും സാങ്കേതിക പരിജ്ഞാനവും ആവശ്യമായ ജോലികള്‍ ഈ മേഖലകളിലുണ്ട്. നഴ്സിംഗില്‍ മാത്രം പതിനയ്യായിരത്തോളം ഇന്ത്യന്‍ പൗരന്മാര് ജോലി നേടിയിട്ടുണ്ട്. ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരും, ധനകാര്യ ഐ ടി മേഖലകളില്‍ ജോലി ചെയ്യുന്നവരും ആയിരകണക്കിന് പേരാണ്.
ഈ ബന്ധം സിഎസ്ഒയുടെ റിപ്പോര്‍ട്ടിലും കാണാം. ആരോഗ്യം, ഐടി, പ്രഫഷനല്‍ സേവനങ്ങള്‍ തുടങ്ങിയ ഉയര്‍ന്ന വേതനമുള്ള മേഖലകളിലെ ഇന്ത്യന്‍ തൊഴിലുകളുടെ അനുപാതം കുറഞ്ഞത്, 2025ല്‍ ഇന്ത്യക്കാരുടെ മധ്യവേതനം 1.6 ശതമാനം ഇടിഞ്ഞതിന് കാരണമായിരിക്കാമെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.
എന്നാല്‍, ഒരേ ജോലി ചെയ്യുന്ന ഐറിഷ് ജീവനക്കാരനെക്കാള്‍ ഇന്ത്യന്‍ ജീവനക്കാരന് കൂടുതല്‍ ശമ്പളം ലഭിക്കുന്നുവെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നില്ല. വിവിധ ദേശീയതകളിലുള്ളവര് ജോലി ചെയ്യുന്ന മേഖലകള്‍, തസ്തികകള്‍, ജോലി സമയം, പരിചയം എന്നിവയിലെ വ്യത്യാസങ്ങള്‍ മൊത്തത്തിലുള്ള വേതനക്കണക്കിനെ സ്വാധീനിക്കാം.
ഇന്ത്യന്‍ സ്ത്രീകളുടെ മധ്യവേതനം പുരുഷന്മാരുടേതിനെക്കാള് കൂടുതലായതും അവര്‍ ജോലി ചെയ്യുന്ന മേഖലകളുടെയും തസ്തികകളുടെയും ഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്..ആരോഗ്യമേഖലയിലടക്കം കൂടുതല്‍ ഇന്ത്യന്‍ സ്ത്രീകള്‍ അയര്‍ലണ്ടില്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നതും ഇന്ത്യന്‍ സ്ത്രീകളുടെ വരുമാനകണക്കുകളെ സ്വാധീനിക്കുന്നുണ്ട്.






