ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ കാറും ബൈക്കും കൂട്ടിയിടിച്ചു; കോളേജ് വിദ്യാര്‍ത്ഥി മരിച്ചു

Current: മലയാളം

പത്തനംതിട്ട: കോന്നി കൂടല്‍ ജംക്ഷനില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ സഞ്ചരിച്ചിരുന്ന കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തില്‍ കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. കലഞ്ഞൂര്‍ ഐ.എച്ച്.ആര്.ഡി കോളേജ് വിദ്യാര്‍ത്ഥിയായ കൃഷ്ണനന്ദു (19) ആണ് മരണപ്പെട്ടത്. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ കൂടലില്‍ വ്യാഴാഴ്ച രാവിലെയോടെയായിരുന്നു ദാരുണമായ സംഭവം. ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങളുടെ ഭാഗമായി പത്തനംതിട്ടയിലേക്ക് ഔദ്യോഗിക ആവശ്യത്തിനായി വരികയായിരുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വാഹനത്തിലേക്കാണ് വിദ്യാര്‍ത്ഥി ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്.
രാവിലെ കോളേജിലേക്ക് പോവുകയായിരുന്ന കൃഷ്ണനന്ദുവിന്റെ ബൈക്കിന് മുന്നിലേക്ക് റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച വയോധികന് പെട്ടെന്ന് ചാടുകയായിരുന്നു. വയോധികനെ ഇടിച്ചുവീഴ്ത്തിയ ശേഷം നിയന്ത്രണം വിട്ട ബൈക്ക് എതിര്‍ദിശയില്‍ നിന്ന് വന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ കാറിനടിയിലേക്ക് മറിയുകയായിരുന്നു.
അപകടത്തില്‍ കാര്‍ വിദ്യാര്‍ത്ഥിയുടെ തലയിലൂടെ കയറിയിറങ്ങി ഗുരുതരമായി പരുക്കേറ്റു. ഉടന്‍ തന്നെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകടത്തില്‍പ്പെട്ട വയോധികന് വലിയ പരുക്കുകളില്ല. കാറിലുണ്ടായിരുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.
സംഭവത്തിന് പിന്നാലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മറ്റൊരു വാഹനത്തില്‍ സ്ഥലത്തുനിന്ന് യാത്ര തുടര്‍ന്നു. അപകടം നടന്നയുടന്‍ കൂടല്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.





