ഇസ്രയേൽ വീണ്ടും കടുത്ത രാഷ്ട്രീയ അനിശ്ചിതത്വത്തിൽ. ആർക്കും ഭൂരിപക്ഷമില്ല. 120 അംഗ സഭയിൽ കുരുക്കഴിക്കാനാവാതെ ഇരുമുന്നണികളും. മുന്നിലുള്ളത് അഞ്ച് വഴികൾ. സമവാക്യങ്ങൾ നെതന്യാഹുവിന് അനുകൂലമെന്ന് നിരീക്ഷകർ. യുദ്ധ കൊതിയൻ വീണ്ടും ഇസ്രായേലിനെ നയിക്കുമോ ?

Current: മലയാളം

ജറുസലേം: പൊതുതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഇസ്രയേൽ വീണ്ടും സങ്കീർണ്ണമായ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്.
120 അംഗ നെസ്സെറ്റിൽ (പാർലമെന്റ്) കേവലഭൂരിപക്ഷമായ 61 സീറ്റുകൾ തികയ്ക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പക്ഷത്തിനോ പ്രതിപക്ഷത്തിനോ സാധിക്കാതെ വന്നതോടെയാണ് ഭരണപ്രതിസന്ധി രൂക്ഷമായത്.
എന്നാൽ ഈ രാഷ്ട്രീയ അനിശ്ചിതത്വത്തിൽ നിന്ന് കരകയറാൻ രാഷ്ട്രീയ നിരീക്ഷകർ പ്രധാനമായും ചൂണ്ടിക്കാണിക്കുന്ന അഞ്ച് സാധ്യതകളിൽ ഭൂരിഭാഗവും ബെഞ്ചമിൻ നെതന്യാഹുവിന് തന്നെ രാഷ്ട്രീയമായി മുൻതൂക്കം നൽകുന്നതാണെന്നാണ് പുതിയ വിലയിരുത്തലുകൾ.
പ്രതിസന്ധി മറികടക്കാൻ ഇസ്രയേലിന് മുന്നിലുള്ള പ്രധാന അഞ്ച് വഴികൾ:
ദേശീയ ഐക്യമുന്നണി സർക്കാർ
ഭൂരിപക്ഷം ആർക്കുമില്ലാത്ത സാഹചര്യത്തിൽ നെതന്യാഹുവിന്റെ ലിക്വിഡ് പാർട്ടിയും പ്രതിപക്ഷ പാർട്ടികളും ചേർന്ന് ഒരു ദേശീയ ഐക്യസർക്കാർ രൂപീകരിക്കുക.
പ്രധാനമന്ത്രി പദം ഇരുപക്ഷവും മാറിമാറി പങ്കിടുന്ന റൊട്ടേഷൻ വ്യവസ്ഥയോടെ ഭരണം നടത്താനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. മുൻനിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെങ്കിലും അധികാരം നിലനിർത്താൻ ഇത് നെതന്യാഹുവിനെ സഹായിക്കും.
പ്രതിപക്ഷ അംഗങ്ങളെ കൂറുമാറ്റൽ
പ്രതിപക്ഷ ചേരിയിലെ അതൃപ്തരായ എം.പിമാരെ ചാക്കിട്ടുപിടിച്ച് സ്വന്തം പാളയത്തിലെത്തിക്കുകയെന്നതാണ് നെതന്യാഹുവിന്റെ മറ്റൊരു പ്രധാന നീക്കം.
പ്രതിപക്ഷ നിരയിൽ വിള്ളലുണ്ടാക്കാൻ നെതന്യാഹുവിന്റെ പാർട്ടി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്.
ന്യൂനപക്ഷ സർക്കാർ
ചെറുപാർട്ടികളുടെ പുറത്തുനിന്നുള്ള പിന്തുണയോടെ ഒരു ന്യൂനപക്ഷ സർക്കാരുണ്ടാക്കുകയെന്നതാണ് മൂന്നാമത്തെ സാധ്യത. ആയുസ്സ് കുറഞ്ഞതും അസ്ഥിരവുമാണെങ്കിൽപ്പോലും തല്ക്കാലം ഭരണത്തുടർച്ച ഉറപ്പാക്കാൻ ഇത് നെതന്യാഹുവിന് അവസരമൊരുക്കും.
അറബ് പാർട്ടികളുടെ പിന്തുണ തേടൽ
ഇസ്രയേലിലെ അറബ് പാർട്ടികളുടെ സഹായത്തോടെ ഭരണം പിടിക്കാൻ പ്രതിപക്ഷം ശ്രമിച്ചേക്കാമെന്നതാണ് നാലാമത്തെ സാധ്യത. എന്നാൽ അറബ് വോട്ടുകൾ തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചുവെന്ന് ആരോപിക്കുന്ന നെതന്യാഹു, അറബ് പിന്തുണയോടെയുള്ള സർക്കാർ രൂപീകരണ നീക്കത്തെ അതിശക്തമായി എതിർക്കുന്നുണ്ട്.
പുനഃതെരഞ്ഞെടുപ്പ്
സർക്കാർ രൂപീകരണ ചർച്ചകളെല്ലാം അന്തിമമായി പരാജയപ്പെട്ടാൽ രാജ്യത്തെ വീണ്ടും മറ്റൊരു പൊതുതെരഞ്ഞെടുപ്പിലേക്ക് തള്ളിവിടുക.
പുതിയ തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാകുന്നതുവരെ കാവൽ പ്രധാനമന്ത്രിയായി അധികാരത്തിൽ തുടരാൻ സാധിക്കും എന്നത് നെതന്യാഹുവിന് രാഷ്ട്രീയമായി വീണ്ടും സമയം അനുകൂലമാക്കും.
മുന്നണി സമവാക്യങ്ങൾ മാറിമറിഞ്ഞാലും രാഷ്ട്രീയ വാഗ്ദാനങ്ങൾ ലംഘിക്കപ്പെട്ടാലും, നിലവിലെ സാഹചര്യത്തിൽ പ്രതിസന്ധി പരിഹരിക്കാനുള്ള ഭൂരിഭാഗം വഴികളുടെയും ആത്യന്തിക ഗുണഭോക്താവ് ബെഞ്ചമിൻ നെതന്യാഹു തന്നെയായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പൊതുവിലയിരുത്തൽ.
ഇസ്രയേൽ രാഷ്ട്രീയത്തിൽ വരും ദിവസങ്ങളിലുണ്ടാകുന്ന ഓരോ ചലനങ്ങളെയും ആകാംക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.





