"> Skip to content
Sample Header Banner
October 31, 2026
⌕
Breaking

പിണറായി വിജയൻ കന്‍റോണ്‍മെന്‍റ് ഹൗസിലേക്ക് ഉടനില്ല. ആഡംബര വസതി തന്നെ ശരണം. ഉപകാരമായി ഔദ്യോഗിക വസതിയിലെ തീപിടുത്തവും. അറ്റകുറ്റപ്പണിക്ക് കുറഞ്ഞത് രണ്ട് വർഷമെന്ന് വിലയിരുത്തൽ. വി.ഡി സതീശൻ അടക്കമുള്ള മുൻ പ്രതിപക്ഷ നേതാക്കൾ ഭരണാധികാരികൾക്കെതിരെ തന്ത്രങ്ങൾ മെനഞ്ഞത് ഇവിടെ നിന്നും. ചരിത്രം പേറുന്ന കൻേറാൺമെൻറ് ഹൗസിൽ താമസിക്കാൻ പിണറായിക്ക് ഭാഗ്യം കിട്ടുമോ ?

October 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ ചരിത്രപ്രസിദ്ധമായ കന്റോൺമെന്റ് ഹൗസിലേക്കുള്ള മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ താമസം മാറ്റം ഇനിയുമേറെ വൈകും.

ഒക്ടോബർ 17-നുണ്ടായ തീപിടുത്തത്തിൽ മന്ദിരത്തിന്റെ അടുക്കളയും കിടപ്പുമുറികളും ഉൾപ്പെടെയുള്ള പ്രധാന ഭാഗങ്ങൾ പൂർണ്ണമായി നശിച്ചതാണ് മാറ്റം അനിശ്ചിതത്വത്തിലാക്കിയത്. നിലവിലെ സാഹചര്യത്തിൽ കെട്ടിടം പൂർണ്ണമായും താമസയോഗ്യമല്ലെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിലയിരുത്തൽ.

ഹാളും ഓഫീസ് മുറികളും വരാന്തയും മാത്രമുള്ള മുൻവശത്തെ പ്രധാന കെട്ടിടം മാത്രമാണ് ഇപ്പോൾ കേടുപാടുകൾ കൂടാതെ അവശേഷിക്കുന്നത്. പുതിയ കിടപ്പുമുറികളും അടുക്കളയും നിർമ്മിക്കാതെ ആർക്കും താമസിക്കാൻ വിട്ടുകൊടുക്കാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

നിർമ്മാണത്തിന് ഔദ്യോഗിക ഭരണാനുമതി നേടുകയും ടെൻഡർ നടപടികൾ പൂർത്തിയാക്കി പണി പൂർത്തിയാക്കാൻ കുറഞ്ഞത് രണ്ട് വർഷമെങ്കിലും വേണ്ടിവരും. അതുവരെ പ്രതിപക്ഷ നേതാവിന് വാടകവീട്ടിൽ തന്നെ തുടരേണ്ടി വരും.

“കിടപ്പുമുറികൾ അടക്കമാണ് കത്തിപ്പോയത്. കെട്ടിടം ഒട്ടും താമസയോഗ്യമല്ല, പുതുക്കിപ്പണിയേണ്ടി വരും. സർക്കാർ അത് തീരുമാനിക്കട്ടെ, നമ്മൾ വഴിയാധാരം തന്നെ” എന്നായിരുന്നു കന്റോൺമെന്റ് ഹൗസിലേക്ക് മാറുന്നത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് പിണറായി വിജയന്റെ പ്രതികരണം.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ക്ലിഫ് ഹൗസ് ഒഴിഞ്ഞ അദ്ദേഹം നിലവിൽ ബേക്കറി ജങ്ഷനിലെ വാടകവീട്ടിലാണ് താമസിക്കുന്നത്. സഭാ സമ്മേളനം കഴിഞ്ഞാലുടൻ ഓഫീസ് പ്രവർത്തനങ്ങളെങ്കിലും കന്റോൺമെന്റ് ഹൗസിലേക്ക് മാറ്റാനിരിക്കെയാണ് അപ്രതീക്ഷിതമായി തീപിടുത്തമുണ്ടായത്.

കഴിഞ്ഞ 17-ന് രാത്രി പത്ത് മണിയോടെ കന്റോൺമെന്റ് ഹൗസിന്റെ പിൻഭാഗത്തുള്ള അടുക്കള ഭാഗത്തായിരുന്നു തീപടർന്നത്. ഷെഡിന്റെ മേൽക്കൂരയ്ക്കും ഫർണിച്ചറുകൾക്കും ഉപകരണങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു.

സുരക്ഷാ ജീവനക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാ സേനയുടെ മൂന്ന് യൂണിറ്റുകളെത്തി ഒരു മണിക്കൂറോളം പ്രയത്നിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് പ്രാഥമിക നിഗമനമെങ്കിലും സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

1805-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തിരുവനന്തപുരത്ത് സൈനിക താവളമുറപ്പിച്ച കാലത്ത് സൈനിക മേധാവിയുടെ വസതിയായി നിർമ്മിച്ചതാണ് തിരുവിതാംകൂർ-യൂറോപ്യൻ വാസ്തുവിദ്യാ ശൈലിയിലുള്ള കന്റോൺമെന്റ് ഹൗസ്.

പിന്നീട് സ്റ്റേറ്റ് ഗസ്റ്റ് ഹൗസായും പ്രതിപക്ഷ നേതാക്കളുടെ ഔദ്യോഗിക വസതിയായും മാറിയ ഈ പൈതൃക മന്ദിരത്തിൽ നിന്നാണ് വി.എസ്. അച്യുതാനന്ദൻ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ തുടങ്ങിയവർ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് തന്ത്രങ്ങൾ മെനഞ്ഞത്.

 

Get more updates from Pudukad News on Google