കിഫ്ബി ഭൂമി ഏറ്റെടുക്കൽ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതോടെ സിപിഎമ്മിന് നെഞ്ചിടിപ്പ്. കണ്ണൂരിൽ 12,240 കോടിയുടെ ഭൂമി ഏറ്റെടുത്തതിൽ റിയൽ എസ്റ്റേറ്റ് താല്പര്യങ്ങളും ചട്ടലംഘനങ്ങളും പരിശോധിക്കും. പൊതുഖജനാവിന് വൻ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന നീക്കത്തിന് തടയിട്ട് സർക്കാർ

Current: മലയാളം

തിരുവനന്തപുരം: കണ്ണൂർ ജില്ലയിൽ കിഫ്ബി മുഖേന കോടികൾ മുടക്കി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ വീഴ്ചകളെക്കുറിച്ച് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിറക്കി സർക്കാർ.
മന്ത്രിസഭാ തീരുമാനപ്രകാരമാണ് അഭ്യന്തരവകുപ്പിൻെറ മേധാവി അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് അലം ഉത്തരവ് ഇറക്കിയത്. അന്വേഷണത്തിന് സംസ്ഥാന വിജിലൻസ് & ആൻ്റി കറപ്ഷൻ ബ്യൂറോയെ ചുമതലപ്പെടുത്തുന്നതാണ് ഉത്തരവ്.
ബഹുമുഖ വ്യവസായ മേഖലകൾ സ്ഥാപിക്കുന്നതിനായി 2018 ഒക്ടോബർ 25-ന് ചേർന്ന കിഫ്ബിയുടെ 33-ാമത് യോഗ തീരുമാനപ്രകാരമാണ് വിവിധ ജില്ലകളിൽ ഭൂമി ഏറ്റെടുത്തത്. പാലക്കാട് ജില്ലയിൽ 470 ഏക്കർ ഭൂമിയും കണ്ണൂർ ജില്ലയിൽ 4896 ഏക്കർ ഭൂമിയും അടക്കം ആകെ 5336 ഏക്കർ ഭൂമി ഏറ്റെടുക്കാനായിരുന്നു തീരുമാനം.
ഇതിനായി 12,710 കോടി രൂപ ചെലവഴിക്കാനും അംഗീകാരം നൽകിയിരുന്നു.ഇതിൽ കണ്ണൂരിൽ മാത്രം 4896 ഏക്കർ ഭൂമി 12,240 കോടി രൂപ ചെലവഴിച്ച് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളാണ് ഇപ്പോൾ വിജിലൻസ് അന്വേഷണ പരിധിയിൽ വന്നിട്ടുള്ളത്.
ഏറ്റെടുക്കാൻ ഉദ്ദേശിച്ച വിപുലമായ ഭൂവിസ്തൃതിയുടെ ആവശ്യകതയോ സാമ്പത്തിക പ്രായോഗികതയോ വ്യക്തമാക്കുന്ന സമഗ്രമായ ചെലവ്-നേട്ട വിശകലനമോ ലാഭകരമായ വാണിജ്യ പദ്ധതികളോ ഇല്ലാതെയാണ് ഭൂമി ഏറ്റെടുത്തത്.
കിൻഫ്ര സമർപ്പിച്ച ആശയക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് തീരുമാനമെടുത്തത്. പൊതുഖജനാവിന് വൻ സാമ്പത്തികബാധ്യത സൃഷ്ടിക്കുന്ന തരത്തിലുള്ള ഈനീക്കം സാമ്പത്തിക ജാഗ്രതയെക്കുറിച്ചും ഫണ്ടുകളുടെ വിനിയോഗത്തെ കുറിച്ചും ഗൗരവമായ ആശങ്കകൾക്ക് വഴിവെച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് വിജിലൻസിനെ ചുമതലപ്പെടുത്തുന്നതെന്ന് ഉത്തരവ് വിശദമാക്കുന്നു. നാല് കാര്യങ്ങളായിരിക്കും വിജിലൻസ് പ്രധാനമായും അന്വേഷിക്കുക.
ഭൂമി ഏറ്റെടുക്കുന്നതിൽ നടപടിക്രമങ്ങൾ പാലിച്ചോ, വീഴ്ച വരുത്തിയോ എന്നതാണ് വിജിലൻസിൻെറ അന്വേഷണ പരിധിയിൽ വരുന്ന ഒന്നാമത്തെ വിഷയം.ഭൂമിയുടെ വിലയും നഷ്ടപരിഹാരവും നിർണയിക്കുന്നതിൽ 2013-ലെ ഭൂമിയേറ്റെടുക്കൽ നിയമം പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്നതാണ് പരിശോധിക്കുക.
ഏറ്റെടുക്കുന്ന ഭൂമിയുടെ വില അഥവാ മൂല്യം നിർണയിക്കുന്നതിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നതും വിജിലൻസിൻെറ അന്വേഷണ പരിധിയിൽ വരും. ഭൂമി ഏറ്റെടുത്തപ്പോൾ അതിൻെറ മൂല്യനിർണയ പ്രക്രിയയിൽ വല്ല ക്രമക്കേടുകളോ കൃത്രിമങ്ങളോ നടന്നിട്ടുണ്ടോ എന്ന് വിജിലൻസ് വിശദമായി അന്വേഷിക്കും.
ഭൂമി ഏറ്റെടുക്കലിൽ റിയൽ എസ്റ്റേറ്റ് താൽപര്യം പ്രതിഫലിച്ചോ എന്നതിലും വിശദമായ അന്വേഷണം ഉണ്ടാകും. ഭൂമി ഏറ്റെടുക്കൽ തീരുമാനത്തെ സ്വാധീനിക്കുന്ന തരത്തിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കോ മറ്റ് നിക്ഷിപ്ത താൽപ്പര്യങ്ങൾക്കോ ഏതെങ്കിലും തരത്തിലുള്ള പങ്കുണ്ടായിരുന്നോ എന്നതാണ് അന്വേഷണ വിധേയമാക്കുക.
ഭൂമി ഏറ്റെടുക്കലിൽ വിവിധ നിയമങ്ങളുടെ ലംഘനം ഉണ്ടായിട്ടുണ്ടോ എന്നതും വിജിലൻസ് അന്വേഷണത്തിൻെറ പരിഗണനാ വിഷയങ്ങളിൽ ഉൾപ്പെടുന്നു.
ഭൂമി ഏറ്റെടുക്കൽ തീരുമാനം 2016-ലെ കിഫ്ബി ഭേദഗതി നിയമത്തിലെ വകുപ്പ് 6F-ൻ്റെയും 2018-ലെ മാർഗ്ഗ നിർദേശങ്ങളിലെയും വ്യവസ്ഥകൾ പൂർണ്ണമായും പാലിച്ചിട്ടുള്ളതാണോ എന്നതാണ് വിജിലൻസ് പരിശോധിക്കുക. കൂടാതെ, പദ്ധതിക്കായി തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ വരുത്തിയ മാറ്റങ്ങളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും.





