നദികൾക്കും മലനിരകൾക്കും മുകളിലൂടെ പറക്കുന്ന ഹോവർബോർഡ്; ചൈനീസ് യുവാവിന്റെ പരീക്ഷണം വൈറൽ | Song Xingyu flying hoverboard

Current: മലയാളം

സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ടിരുന്ന പറക്കുന്ന ഹോവർബോർഡ് യാഥാർഥ്യമാക്കി ചൈനീസ് യുവാവ്. ഹുബെയ് പ്രവിശ്യയിലെ എൻഷി സ്വദേശിയായ 26കാരൻ സോങ് സിങ്യുവാണ് സ്വന്തം നിലയിൽ വികസിപ്പിച്ച പറക്കും ഉപകരണം പരീക്ഷിച്ച് ശ്രദ്ധ നേടിയത്. യാങ്സി നദിക്കും മലനിരകൾക്കും നഗരവീഥികൾക്കും മുകളിലൂടെ ഹോവർബോർഡ് പറത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഒക്ടോബർ 15ന് പങ്കുവച്ച വീഡിയോയിലാണ് പരീക്ഷണത്തിന്റെ ദൃശ്യങ്ങളുള്ളത്. (Song Xingyu flying hoverboard)
‘അമേസിങ് ആയു’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്ന സോങ് ഏകദേശം രണ്ടു മാസം കൊണ്ടാണ് ഹോവർബോർഡ് വികസിപ്പിച്ചത്. നാലുപേർക്ക് സഞ്ചരിക്കാനാകുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത ഉപകരണത്തിൽ എഐ നിരീക്ഷണ സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ബാലൻസ് നിലനിർത്തുന്നതിനായി ദീർഘകാല പരിശീലനവും അദ്ദേഹം നടത്തി. ചൈനയുടെ ദേശീയ ദിനാവധിക്കാലത്ത് എൻഷിയിലായിരുന്നു പ്രധാന പരീക്ഷണം. യാങ്സി നദിക്കും മലനിരകൾക്കും നഗരപ്രദേശങ്ങൾക്കും മുകളിലൂടെ പറന്നശേഷം ഒരു മലയിടുക്കിൽ സുരക്ഷിതമായി ഇറങ്ങാനും അദ്ദേഹത്തിന് കഴിഞ്ഞു.
ഗ്രാമീണ കുടുംബത്തിൽ വളർന്ന സോങ് 14-ാം വയസിൽ പഠനം ഉപേക്ഷിച്ച് പിതാവിന്റെ മരക്കച്ചവട സ്ഥാപനത്തിൽ ജോലിക്ക് പോയിരുന്നു. വിമാനപരീക്ഷണങ്ങളെക്കുറിച്ചുള്ള ഒരു ടെലിവിഷൻ പരിപാടി കണ്ടതോടെയാണ് വ്യോമയാനത്തോട് താൽപര്യം തോന്നിയത്. പിന്നീട് ഉപേക്ഷിച്ച വസ്തുക്കൾ ശേഖരിച്ച് മോഡൽ വിമാനങ്ങൾ നിർമിക്കാൻ തുടങ്ങി. 2022ൽ വായ്പയെടുത്ത് ഉപേക്ഷിക്കപ്പെട്ട ഒരു ഷെഡ് സ്വന്തം പരീക്ഷണശാലയാക്കി മാറ്റി. എന്നാൽ തട്ടിപ്പിനിരയായതോടെ 24 ലക്ഷം യുവാൻ കടബാധ്യതയുണ്ടായി. തുടർന്ന് സാങ്കേതികവിദ്യാ കമ്പനിയായ ഇൻസ്റ്റാ360 അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് 18 ലക്ഷം യുവാൻ സാമ്പത്തിക സഹായം നൽകി.
പരീക്ഷണങ്ങൾക്കിടെ അപകടകരമായ സാഹചര്യങ്ങളും നേരിടേണ്ടിവന്നു. 2024 മേയിൽ നിർമിച്ച റിമോട്ട് നിയന്ത്രിത വിമാനം ഹീലിയം ബലൂണിന്റെ സഹായത്തോടെ ഉയർന്ന അന്തരീക്ഷത്തിലേക്ക് അയക്കാനുള്ള ശ്രമം ശക്തമായ കാറ്റിൽ പരാജയപ്പെട്ടു. ആറുമാസത്തിനുശേഷം 5,000 മീറ്റർ ഉയരത്തിൽ ഹെലികോപ്റ്ററിൽനിന്ന് ജെറ്റ് എൻജിൻ ഘടിപ്പിച്ച ഉപകരണവുമായി ചാടിയപ്പോഴും പ്രധാന പാരച്യൂട്ട് തുറന്നില്ല. നിലത്തുനിന്ന് 600 മീറ്റർ മാത്രം ഉയരമുള്ളപ്പോഴാണ് ബാക്കപ്പ് പാരച്യൂട്ട് പ്രവർത്തിച്ചത്. ഇത്തരം പരീക്ഷണങ്ങൾ അനുകരിക്കരുതെന്ന് അദ്ദേഹം മറ്റുള്ളവർക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സ്പൈഡർമാൻ കഥയിലെ ഗ്രീൻ ഗോബ്ലിന്റെ പറക്കും ഗ്ലൈഡറിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ഹോവർബോർഡ് നിർമിച്ചതെന്ന് സോങ് പറയുന്നു. ആദ്യ രൂപകൽപ്പനയിൽ ഉപയോഗിച്ച ചെറിയ ടർബോജെറ്റ് എൻജിനുകൾ പരീക്ഷണത്തിനിടെ തീപിടിച്ചതോടെ വൈദ്യുത പ്രൊപ്പൽഷൻ സംവിധാനത്തിലേക്ക് മാറി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഹോട്ട് എയർ ബലൂണിന്റെ സഹായത്തോടെ ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള ഒരു സ്വീകരണമുറി ആകാശത്തേക്ക് ഉയർത്തി അവിടെ മുട്ട വറുക്കുകയും സാൻഡ്വിച്ചുകൾ തയ്യാറാക്കുകയും ചെയ്തും അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. പരാജയങ്ങളെ ഭയക്കാതെ പരീക്ഷണങ്ങൾ തുടരാനാണ് ആഗ്രഹമെന്നും ഭൗതികശാസ്ത്രത്തിന്റെ സാധ്യതകൾ പരീക്ഷിക്കുകയാണ് ലക്ഷ്യമെന്നും സോങ് പറയുന്നു.
Summary: A 26-year-old Chinese inventor, Song Xingyu, has built a homemade flying hoverboard and tested it over the Yangtze River, mountains and city streets. His experiments, which include several dangerous setbacks, have attracted widespread attention online.





