“എന്റെ വൈബ് മാച്ചാകുന്ന ആൾ, കൂടെയുള്ളപ്പോൾ വലിയ ആത്മവിശ്വാസം”: ജിം ട്രെയിനറായ ലിബിൻ മാത്യുവുമായുള്ള വിവാഹവാർത്ത പങ്കുവെച്ച് റിമി ടോമി | Rimi Tomy wedding

Current: മലയാളം

തിരുവനന്തപുരം: മലയാളികളുടെ പ്രിയഗായിക റിമി ടോമി വീണ്ടും വിവാഹിതയാകുന്നു (Rimi Tomy wedding). തന്റെ ജിം ട്രെയിനറായ ലിബിൻ മാത്യുവുമായുള്ള വിവാഹവാർത്ത റിമി തന്നെയാണ് യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ഏറെ നാളായുള്ള സൗഹൃദം പ്രണയത്തിലേക്കും വിവാഹ തീരുമാനത്തിലേക്കും വഴിമാറുകയായിരുന്നുവെന്ന് റിമി പറഞ്ഞു.
നവംബർ 14ന് മുംബൈയിലെ ഡോംബിവല്ലി മാർത്തോമ പള്ളിയിൽ വെച്ചാണ് വിവാഹം നടക്കുകയെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടെയുണ്ടാകുമ്പോൾ ധൈര്യവും ആത്മവിശ്വാസവും തോന്നുന്ന തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെയാണ് ജീവിതപങ്കാളിയായി തിരഞ്ഞെടുത്തതെന്നും റിമി വ്യക്തമാക്കി.
‘എന്റെ വൈബ് മാച്ചാകുന്നയാൾ’
തനിക്ക് 15 വയസ്സുള്ള കാലം മുതൽ ആരാധകർ ജീവിതത്തിലെ പല ഘട്ടങ്ങൾക്കും സാക്ഷികളാണെന്ന് റിമി പറഞ്ഞു. ജീവിതത്തിലെ ഈ സന്തോഷവാർത്ത തന്നോട് ഏറെ സ്നേഹമുള്ളവർ അറിയണമെന്ന് ആഗ്രഹിച്ച കാര്യമായിരുന്നുവെന്നും അവർ വ്യക്തമാക്കി.
വരൻ നടനോ ഗായകനോ കോടീശ്വരനോ അല്ലെന്നും തന്റെ സ്വഭാവത്തോടും ജീവിതരീതിയോടും ചേർന്നുപോകുന്ന ആളാണെന്നും റിമി പറഞ്ഞു. ദൈവം കൊണ്ടുതന്ന ബന്ധമായി ഇതിനെ കാണുന്നുവെന്നും ഒരുമിച്ചുള്ള ജീവിതം മുന്നോട്ടുപോകുമ്പോഴേ കൂടുതൽ കാര്യങ്ങൾ മനസ്സിലാകൂവെന്നും അവർ കൂട്ടിച്ചേർത്തു.
തന്റെ ദേഷ്യം, വാശി, അഹങ്കാരം തുടങ്ങി നല്ലതും മോശവുമായ വശങ്ങൾ മനസ്സിലാക്കിയ ഒരാളാണ് ലിബിനെന്നും ജീവിതത്തിൽ സന്തോഷവും സുരക്ഷിതത്വവും ലഭിക്കുമെന്ന വിശ്വാസത്തിലാണ് വിവാഹതീരുമാനമെടുത്തതെന്നും റിമി വ്യക്തമാക്കി. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും വേണമെന്നും അവർ അഭ്യർഥിച്ചു.
സംഗീതലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ഗായിക
കോട്ടയം പാലായിൽ ജനിച്ച റിമി ടോമി ‘ഏയ്ഞ്ചൽ വോയ്സ്’ എന്ന സംഗീത ട്രൂപ്പിലൂടെയാണ് കലാരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. ട്രൂപ്പിന്റെ പരിപാടിക്കിടെയാണ് മിമിക്രി കലാകാരനും സംഗീതസംവിധായകനുമായ നാദിർഷ റിമിയുടെ കഴിവ് തിരിച്ചറിഞ്ഞത്. തുടർന്ന് മലയാള സിനിമാ സംഗീതരംഗത്തേക്കുള്ള വഴിയൊരുങ്ങി. പിന്നീട് പിന്നണി ഗാനരംഗത്തും ടെലിവിഷൻ പരിപാടികളിലൂടെയും റിമി മലയാളികൾക്ക് സുപരിചിതയായി.
Story Summary:
Singer Rimi Tomy has announced that she is set to marry her gym trainer, Libin Mathew. She shared the news through her YouTube channel, describing him as a close friend whose presence gives her confidence. The wedding is scheduled for November 14 at a Mar Thoma church in Dombivli, Mumbai, according to her announcement.





