"> Skip to content
November 5, 2026
⌕

മലയാള സിനിമയിലെ മുതിർന്ന മേക്കപ്പ്മാൻ വി. പാണ്ഡ്യൻ അന്തരിച്ചു; വിടവാങ്ങിയത് 500ലേറെ ചിത്രങ്ങളുടെ മേക്കപ്പ്മാൻ | V Pandian makeup artist

November 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

V pandiyan

മലയാള സിനിമയിലെ മുതിർന്ന മേക്കപ്പ്മാൻ വി. പാണ്ഡ്യൻ (75) അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ട് ചെന്നൈ വിരുഗമ്പാക്കത്തെ വസതിയിലായിരുന്നു അന്ത്യം. കുറച്ചുനാളായി ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘ഹൃദയപൂർവ്വം’ ആണ് അവസാന ചിത്രം. (V Pandian makeup artist)

തമിഴ്‌നാട് സ്വദേശിയായ പാണ്ഡ്യൻ 16-ാം വയസ്സിലാണ് മലയാള സിനിമയിലെത്തിയത്. നടൻ സത്യന്റെ പേഴ്‌സണൽ മേക്കപ്പ്മാനായ കൃഷ്ണരാജന്റെ സഹായിയായിട്ടായിരുന്നു തുടക്കം. 1972ൽ പുറത്തിറങ്ങിയ ‘പുള്ളിമാൻ’ എന്ന ചിത്രത്തിൽ എം.ഒ. ദേവസ്യയുടെ സഹായിയായി മേക്കപ്പ് വിഭാഗത്തിൽ പ്രവർത്തിച്ചു. പ്രശസ്ത ഛായാഗ്രാഹകൻ ജെ. വില്യംസിനൊപ്പവും നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം തമിഴിൽ അസിസ്റ്റന്റ് എഡിറ്ററായും ജോലി ചെയ്തിട്ടുണ്ട്.

1978ൽ ജെ. വില്യംസ് കഥയെഴുതി സംവിധാനം ചെയ്ത ‘മദാലസ’യിലൂടെയാണ് പാണ്ഡ്യൻ സ്വതന്ത്ര മേക്കപ്പ്മാനായത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 500ലേറെ ചിത്രങ്ങളിൽ പ്രവർത്തിച്ചു. കമൽ, സത്യൻ അന്തിക്കാട്, ജോഷി തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിലെ സ്ഥിരം ചമയക്കാരനായിരുന്നു അദ്ദേഹം. 2001ൽ കമൽ സംവിധാനം ചെയ്ത ‘മധുരനൊമ്പരക്കാറ്റ്’ എന്ന ചിത്രത്തിലെ മേക്കപ്പിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. മലയാളത്തിന് പുറമെ തെലുങ്ക് താരങ്ങളായ എൻ.ടി.ആർ, എസ്.വി.ആർ, കൃഷ്ണ എന്നിവർക്കും തമിഴ് താരങ്ങളായ രജനികാന്ത്, കമൽഹാസൻ എന്നിവർക്കുമൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ‘യോദ്ധ’, ‘ആറാം തമ്പുരാൻ’, ‘ഭാഗ്യദേവത’, ‘അലിഭായ്’, ‘ബ്ലാക്ക്’, ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്’ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.

Summary: Veteran makeup artist V. Pandian, who worked in more than 500 films across Malayalam, Tamil, Telugu and Kannada cinema, has died aged 75. He won the Kerala State Film Award for Best Makeup for Kamal’s Madhuranombarakattu (2001). His final film was Sathyan Anthikad’s Hridayapoorvam.

Get more updates from Pudukad News on Google