യുക്രെയ്നിൽ ആശുപത്രിക്കും വൈദ്യുതി നിലയങ്ങൾക്കും നേരെ റഷ്യൻ ആക്രമണം; 73 പേർക്ക് പരിക്ക് | Kharkiv hospital Russian attack

Current: മലയാളം

കീവ്: യുക്രെയ്നിലെ ഖാർകിവിൽ ആശുപത്രിക്കു നേരെയുണ്ടായ റഷ്യൻ ആക്രമണത്തിൽ കുറഞ്ഞത് 73 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തിനും കേടുപാടുകൾ സംഭവിച്ചതായി പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിലായിരുന്നവർക്കും ആക്രമണത്തിന്റെ ആഘാതമുണ്ടായി. കെട്ടിടത്തിലെ ആയിരത്തിലധികം ജനൽച്ചില്ലുകൾ തകർന്നതായി ഖാർകിവ് മേയർ ഇഹോർ തെരേഖോവും വ്യക്തമാക്കി. (Kharkiv hospital Russian attack)
ആശുപത്രിക്ക് പുറമെ രാജ്യത്തെ വിവിധ മേഖലകളിലെ ഊർജ അടിസ്ഥാനസൗകര്യങ്ങളും റഷ്യ ലക്ഷ്യമിട്ടു. ഒഡേസ, ചെർക്കാസി, ഷിറ്റോമിർ, വിന്നിറ്റ്സിയ, ഖാർകിവ്, ഡ്നിപ്രോ, ചെർനിവ്റ്റ്സി, ചെർനിഹിവ്, റിവ്നെ മേഖലകളിലെ വൈദ്യുതി ഉൽപ്പാദന കേന്ദ്രങ്ങൾക്കും സബ്സ്റ്റേഷനുകൾക്കും നേരെ ആക്രമണമുണ്ടായതായി സെലൻസ്കി പറഞ്ഞു. രാത്രിയിൽ 289 ഡ്രോണുകളും 17 ബാലിസ്റ്റിക് മിസൈലുകളും 59 ക്രൂയിസ് മിസൈലുകളും റഷ്യ വിക്ഷേപിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. ആക്രമണത്തെത്തുടർന്ന് ഷിറ്റോമിർ മേഖലയിൽ ചൊവ്വാഴ്ച രാവിലെ 1.8 ലക്ഷത്തിലധികം ആളുകൾക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു. ഒഡേസയിൽ നിയന്ത്രിത വൈദ്യുതി മുടക്കവും ഏർപ്പെടുത്തി. അതേസമയം, വിന്നിറ്റ്സിയ, ഡ്നിപ്രോപെട്രോവ്സ്ക്, ഖാർകിവ് മേഖലകളിലെ വൈദ്യുതി കേന്ദ്രങ്ങളാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇവ യുക്രെയ്ൻ സൈന്യത്തിനും സൈനിക ഫാക്ടറികൾക്കും വൈദ്യുതി നൽകുന്ന കേന്ദ്രങ്ങളാണെന്നും മന്ത്രാലയം അവകാശപ്പെട്ടു.
ഇതിനിടെ, റഷ്യയിലെ യാരോസ്ലാവ് എണ്ണശുദ്ധീകരണശാലയ്ക്ക് നേരെ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. ആക്രമണത്തെത്തുടർന്ന് ശുദ്ധീകരണശാലയിൽ തീപിടിത്തമുണ്ടായതായി പ്രാദേശിക ഗവർണർ മിഖായേൽ യെവ്റയേവ് അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ആക്രമണങ്ങൾ തുടരുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ. യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ നയതന്ത്ര നീക്കങ്ങളും ഇതിനിടെ പുരോഗമിക്കുകയാണ്. അടുത്തയാഴ്ച അബുദാബിയിൽ യുഎസ്, റഷ്യ, യുക്രെയ്ൻ പ്രതിനിധികൾ തമ്മിൽ കൂടിക്കാഴ്ച നടത്താനാണ് പദ്ധതി. യുദ്ധാനന്തര സുരക്ഷാ ക്രമീകരണങ്ങൾ, സംഘർഷം കുറയ്ക്കൽ, മാനുഷിക സഹായം, സമാധാനത്തിലേക്കുള്ള തുടർനടപടികൾ എന്നിവ ചർച്ചയാകുമെന്ന് യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അറിയിച്ചു. യുക്രെയ്നുള്ള സുരക്ഷാ ഉറപ്പുകളും പുനർനിർമാണത്തിനുള്ള സാമ്പത്തിക പിന്തുണയും സംബന്ധിച്ച് യൂറോപ്യൻ രാജ്യങ്ങളുമായും നാറ്റോയുമായും ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Summary: Russian strikes on a hospital in Kharkiv injured at least 73 people and damaged its cardiology department. Attacks also hit energy infrastructure across several Ukrainian regions, leaving more than 180,000 people without power in Zhytomyr. Meanwhile, diplomatic efforts involving the US, Russia and Ukraine are expected to continue next week in Abu Dhabi.




