ഗ്രാമീണ മേഖലകളിലും സ്ത്രീകൾക്കിടയിലും ജനപ്രിയം; സ്വർണ്ണ വായ്പയെടുക്കുന്നവരിൽ 40% പേർക്കും 800-ന് മുകളിൽ സിബിൽ സ്കോറെന്ന് റിപ്പോർട്ട് | India gold loan market

Current: മലയാളം

കൊച്ചി: രാജ്യത്തെ സ്വർണ്ണ വായ്പാ വിപണി 2026ലും മികച്ച വളർച്ച രേഖപ്പെടുത്തിയതായി ട്രാൻസ്യൂണിയൻ സിബിലിന്റെ പുതിയ റിപ്പോർട്ട് ( India gold loan market). 2026 ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം സ്വർണ്ണ വായ്പകളുടെ ആകെ കുടിശ്ശിക 22.5 ലക്ഷം കോടി രൂപയിലെത്തി. 2023 ഓഗസ്റ്റിനെ അപേക്ഷിച്ച് മൂന്നിരട്ടി വർധനവാണിത്.
രാജ്യത്തെ വായ്പയെടുക്കുന്നവരിൽ 21 ശതമാനം പേരും, അതായത് ഏകദേശം 5.5 കോടി സജീവ വായ്പക്കാരും സ്വർണ്ണ വായ്പകളെ ആശ്രയിക്കുന്നവരാണെന്ന് ‘ലെൻഡിംഗ് അൺലോക്ക്ഡ്: ഗോൾഡ് ലോൺസ്’ എന്ന റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അതിവേഗം വളർന്ന വായ്പാ വിഭാഗങ്ങളിലൊന്നായി സ്വർണ്ണ വായ്പകൾ മാറിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വായ്പാ തുകയിൽ 16 ശതമാനം വളർച്ച
2026 ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ സ്വർണ്ണ വായ്പകളുടെ വിതരണ മൂല്യം മുൻവർഷത്തെ അപേക്ഷിച്ച് 16 ശതമാനം വർധിച്ച് 8.2 ലക്ഷം കോടി രൂപയായി. അതേസമയം, വായ്പകളുടെ എണ്ണത്തിൽ 15 ശതമാനം ഇടിവുണ്ടായി. ഈ കാലയളവിൽ ഏകദേശം 3.7 കോടി സ്വർണ്ണ വായ്പകളാണ് വിതരണം ചെയ്തത്. വായ്പയെടുത്ത വ്യക്തികളുടെ എണ്ണം മുൻവർഷത്തേതിന് സമാനമായി 2.4 കോടിയായി തുടർന്നു.
2.5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകളുടെ എണ്ണത്തിൽ 19 ശതമാനം വാർഷിക വളർച്ചയുണ്ടായി. ഉപഭോക്താക്കൾ കൂടുതൽ വലിയ തുകകളിലുള്ള സ്വർണ്ണ വായ്പകളിലേക്ക് മാറുന്നതിന്റെ സൂചനയായാണ് റിപ്പോർട്ട് ഈ പ്രവണതയെ വിലയിരുത്തുന്നത്.
ഗ്രാമീണ മേഖലകളിലും സ്ത്രീകളിലും സ്വർണ്ണ വായ്പയ്ക്ക് സ്വീകാര്യത
സ്വർണ്ണ വായ്പയെടുക്കുന്നവരിൽ മൂന്നിൽ രണ്ട് ഭാഗവും ഗ്രാമീണ, അർധനഗര മേഖലകളിൽ നിന്നുള്ളവരാണ്. വായ്പക്കാരിൽ അഞ്ചിൽ രണ്ട് ഭാഗവും സ്ത്രീകളാണ്. പുതുതലമുറ വായ്പക്കാരുടെ എണ്ണത്തിൽ 19 ശതമാനം വർധനവുണ്ടായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
800ന് മുകളിൽ സിബിൽ സ്കോറുള്ള വായ്പക്കാരുടെ വിഹിതം 40 ശതമാനമായി ഉയർന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് സ്വർണ്ണ വായ്പാ വിപണിയുടെ പ്രധാന അടിത്തറയെങ്കിലും മറ്റ് പ്രദേശങ്ങളിൽനിന്നുള്ള പങ്കാളിത്തവും വർധിച്ചുവരികയാണ്.
വീണ്ടും സ്വർണ്ണ വായ്പയെടുക്കുന്നവരുടെ എണ്ണവും ഉയരുന്നു
മികച്ച ക്രെഡിറ്റ് സ്കോറുള്ള സ്വർണ്ണ വായ്പക്കാർക്കിടയിൽ വീണ്ടും വായ്പയെടുക്കുന്ന പ്രവണത കൂടുതലാണെന്നും റിപ്പോർട്ട് പറയുന്നു. കുറഞ്ഞ റിസ്കുള്ള വായ്പക്കാരിൽ 2.5 ലക്ഷം രൂപയോ അതിൽ താഴെയോ വായ്പയെടുത്തവരിൽ 57 ശതമാനം പേരും 2.5 ലക്ഷം രൂപയ്ക്ക് മുകളിൽ വായ്പയെടുത്തവരിൽ 54 ശതമാനം പേരും തുടർന്നുള്ള 12 മാസത്തിനുള്ളിൽ വീണ്ടും സ്വർണ്ണ വായ്പ എടുത്തിട്ടുണ്ട്.
വ്യക്തിഗത വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ, ബിസിനസ് വായ്പകൾ തുടങ്ങിയ മറ്റ് വായ്പാ ഉൽപ്പന്നങ്ങളെ അപേക്ഷിച്ച് സ്വർണ്ണ വായ്പയെടുത്തവർ വീണ്ടും അതേ വായ്പാ വിഭാഗം തിരഞ്ഞെടുക്കാനുള്ള സാധ്യത കൂടുതലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
തിരിച്ചടവിലും പുരോഗതി
സ്വർണ്ണ വായ്പകളുടെ തിരിച്ചടവിലും മെച്ചപ്പെട്ട പ്രവണതയാണ് റിപ്പോർട്ട് രേഖപ്പെടുത്തുന്നത്. മുൻപ് തിരിച്ചടവിൽ വീഴ്ച വരുത്തിയവരിൽ 42 ശതമാനം പേരും 12 മാസത്തിനുശേഷം കുടിശ്ശികകളില്ലാതെ കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവരായി മാറി. മറ്റ് വായ്പാ ഉൽപ്പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഉയർന്ന നിരക്കാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
30 ദിവസത്തിലധികം കുടിശ്ശികയുള്ള സ്വർണ്ണ വായ്പകളുടെ അനുപാതം 2025 ജൂണിലെ 2 ശതമാനത്തിൽനിന്ന് 2026 ജൂണിൽ 1.4 ശതമാനമായി കുറഞ്ഞതായും റിപ്പോർട്ടിലുണ്ട്.
വായ്പക്കാരുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കണം
ഉപഭോക്താക്കൾ അവരുടെ സാമ്പത്തിക ആവശ്യങ്ങളുടെ വിവിധ ഘട്ടങ്ങളിൽ സ്വർണ്ണ വായ്പകളെ ആശ്രയിക്കുമ്പോൾ, ഈടായി നൽകുന്ന സ്വർണ്ണത്തിന്റെ മൂല്യത്തിനപ്പുറം അവരുടെ മൊത്തത്തിലുള്ള വായ്പാ ആവശ്യങ്ങളും സാമ്പത്തിക സാഹചര്യവും മനസ്സിലാക്കേണ്ടതുണ്ടെന്ന് ട്രാൻസ്യൂണിയൻ സിബിൽ എംഡിയും സിഇഒയുമായ ഭവേഷ് ജെയിൻ പറഞ്ഞു.
ഉപഭോക്താക്കളുടെ വായ്പാ ചരിത്രം, നിലവിലുള്ള വായ്പകൾ, തിരിച്ചടവ് ശേഷി എന്നിവ വ്യക്തമായി വിലയിരുത്തുന്നത് മികച്ച സാമ്പത്തിക അവസരങ്ങൾ നൽകാനും വായ്പാ പോർട്ട്ഫോളിയോയിലെ റിസ്ക് നിയന്ത്രിക്കാനും ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary:
India’s gold loan market has recorded significant growth, with outstanding gold loans reaching ₹22.5 lakh crore as of August 2026, according to a new TransUnion CIBIL report. The report highlights increased loan values, strong participation from rural and semi-urban borrowers, and a growing share of women and younger borrowers. It also notes improvements in repayment performance, with overdue accounts declining between June 2025 and June 2026.











