എംഡിഎംഎ കേസിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ; 14 ദിവസത്തേക്ക് റിമാൻഡ് | MDMA seizure Wayanad

Current: മലയാളം

വൈത്തിരി: ലക്കിടിയിൽ രണ്ട് തമിഴ്‌നാട് സ്വദേശികളിൽനിന്ന് എംഡിഎംഎ പിടികൂടിയ കേസിൽ മലപ്പുറം സ്വദേശിയായ ഡോക്ടർ അറസ്റ്റിൽ (MDMA seizure Wayanad0. കോഴിക്കോട് സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയായ ഡോ. കെ.എൻ. മുഹമ്മദ് ഫാബിൻ (41) ആണ് പിടിയിലായത്. കേസിലെ പ്രതികളിൽനിന്ന് ലഭിച്ച മൊഴികളുടെയും ബാങ്ക് ഇടപാടുകൾ, ഫോൺ സംഭാഷണങ്ങൾ എന്നിവയുടെ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കഴിഞ്ഞ മാസം 22ന് 8.52 ഗ്രാം എംഡിഎംഎയുമായി തമിഴ്‌നാട് സ്വദേശികളായ പന്തല്ലൂർ എരുമാട് കല്ലെങ്കൽ കെ.ഇ. നൗഫൽ (50), ഗൂഡല്ലൂർ രാജഗോപാലപുരം കെ.എം. മുഹമ്മദ് നഫീസ് (37) എന്നിവരെ വൈത്തിരി പൊലീസ് പിടികൂടിയിരുന്നു. ലക്കിടിയിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെയായിരുന്നു പൊലീസിന്റെ പരിശോധനയെന്നാണ് റിപ്പോർട്ട്.
ഇരുവരെയും വിശദമായി ചോദ്യം ചെയ്തപ്പോൾ പിടിച്ചെടുത്ത എംഡിഎംഎ ഡോക്ടർ മുഹമ്മദ് ഫാബിന് വേണ്ടിയുള്ളതാണെന്നും ഇയാളോടൊപ്പം സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും മൊഴി നൽകിയതായി പൊലീസ് പറയുന്നു.
ഫോൺ സംഭാഷണങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചു
പ്രതികളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡോക്ടറുടെ ബാങ്ക് ഇടപാടുകളും ഫോൺ സംഭാഷണങ്ങളും പൊലീസ് പരിശോധിച്ചു. കേസിലെ ഒന്നാം പ്രതിയായ നൗഫലും ഡോക്ടർ ഫാബിനും തമ്മിലുള്ള ഫോൺ കോളുകൾ, വാട്‌സ്ആപ്പ് ചാറ്റുകൾ, പണമിടപാട് വിവരങ്ങൾ എന്നിവയും അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.
മലപ്പുറം മൊറയൂർ സ്വദേശിയായ ഫാബിൻ നിലവിൽ കോഴിക്കോട് മുക്കത്താണ് താമസിക്കുന്നത്. നർക്കോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ് ഡിവൈഎസ്പി മനോഹരൻ തച്ചമ്പത്തിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും വൈത്തിരി സർക്കിൾ ഇൻസ്പെക്ടർ പി.ജി. രാംജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും നടത്തിയ അന്വേഷണത്തിലാണ് ഡോക്ടറെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
തുടർന്ന് കോഴിക്കോട് മണാശ്ശേരിയിലെ വാടകവീടിന് സമീപത്തുനിന്ന് വൈത്തിരി പൊലീസ് ഫാബിനെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൽപ്പറ്റ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിനെ തുടർന്ന് വൈത്തിരി സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുകയാണ്.
Story Summary: A doctor from Malappuram, identified as Dr. K.N. Mohammed Fabin, was arrested in connection with an MDMA seizure in Lakkidi, Wayanad. Police said two Tamil Nadu natives arrested earlier had named him during questioning. Investigators also examined phone records, WhatsApp chats and financial transactions. A court remanded the doctor to judicial custody for 14 days.











