ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ പി.എസ്.സി ചെയർമാൻ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിൽ അനിശ്ചിതത്വം. എത്തിയില്ലെങ്കിൽ ഹൈക്കോടതിയെ അറിയിക്കാൻ ക്രൈംബ്രാഞ്ച്. 5 കമ്മീഷൻ അംഗങ്ങളുടെ മൊഴി ആസ്ഥാനത്തെത്തി രേഖപ്പെടുത്തും. കമ്മീഷനിലെ മറ്റ് ഉന്നതരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ചെയർമാൻ എം.ആർ. ബൈജു അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു.
ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും, ഹാജരാകുന്നതിലുള്ള അസൗകര്യം അദ്ദേഹം ഇതുവരെയും അന്വേഷണ സംഘത്തെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
എങ്കിലും ചെയർമാൻ ഇന്ന് ഹാജറായേക്കുമെന്ന കണക്കുകൂട്ടലിലാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം. നേരത്തെ ഒരു തവണ എം.ആർ. ബൈജു അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായി മൊഴി നൽകിയിരുന്നു.
എന്നാൽ, ലഭിച്ച മൊഴികളിലെ വൈരുദ്ധ്യങ്ങളും കൂടുതൽ തെളിവുകളും പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ബുധനാഴ്ച വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല.
ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് വന്നശേഷം മാത്രം ഹാജരായാൽ മതിയെന്ന നിലപാടിലാണ് പി.എസ്.സി ചെയർമാൻ. എന്നാൽ ഇന്നത്തെ ദിവസവും അദ്ദേഹം ഹാജരായില്ലെങ്കിൽ ആ വിവരം ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
പരീക്ഷാ തട്ടിപ്പ് കേസിന്റെ അന്വേഷണം കമ്മീഷനിലെ മറ്റ് ഉന്നതരിലേക്കും വ്യാപിച്ചിരിക്കുകയാണ്. പി.എസ്.സി അംഗങ്ങളിൽ 5 പേരുടെ മൊഴിയെടുക്കലാണ് ഇനി പൂർത്തിയാക്കാനുള്ളത്.
ഇതിൽ നാല് പേരും വനിതാ അംഗങ്ങളാണ്. ഇവരുടെ മൊഴികൾ തിരുവനന്തപുരത്തെ പി.എസ്.സി ആസ്ഥാനത്ത് നേരിട്ടെത്തി രേഖപ്പെടുത്താനാണ് എസ്.ഐ.ടിയുടെ തീരുമാനം.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പി.എസ്.സി അംഗം എച്ച്. ജോഷിനെ ആസ്ഥാനത്ത് വിളിച്ചുവരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇതുവരെ തൊണ്ണൂറിലധികം പരാതികളാണ് എസ്.ഐ.ടിക്ക് ലഭിച്ചിട്ടുള്ളത്.
കേസുമായി ബന്ധപ്പെട്ട് പി.എസ്.സി ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ്, അഡീഷണൽ സെക്രട്ടറി ആർ. ഹരി എന്നിവരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പരീക്ഷാ നടത്തിപ്പിലും മൂല്യനിർണ്ണയ പ്രക്രിയകളിലും ഗുരുതരമായ വീഴ്ചകളും കൃത്രിമത്വങ്ങളും നടന്നിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.
തുടർന്നുള്ള നിയമനടപടികളിലേക്കും പ്രതിചേർക്കലുകളിലേക്കും അന്വേഷണ സംഘം കടക്കുമെന്നാണ് സൂചന.
ആസൂത്രണ ബോർഡ് പരീക്ഷയിൽ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് പി.എസ്.സിയുടെ ഉന്നത തലത്തിലുള്ളവർക്ക് പങ്കുണ്ടോ എന്നും, പരീക്ഷ നടത്തിപ്പിലോ ചോദ്യപേപ്പർ- മൂല്യനിർണ്ണയ ഘട്ടങ്ങളിലോ അട്ടിമറി നടന്നിട്ടുണ്ടോ എന്നുമാണ് പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്.
ഉന്നത ഉദ്യോഗസ്ഥരുടെയും കമ്മീഷൻ അംഗങ്ങളുടെയും മൊഴികൾ പൂർത്തിയാകുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.




