ദീപാവലി യു.എസിൽ ഫെഡറൽ അവധിയാക്കാൻ ബിൽ; ഹിന്ദുക്കൾക്കെതിരായ വിദ്വേഷ അതിക്രമങ്ങൾ വർദ്ധിക്കുന്നതായി അമേരിക്കൻ എം.പി ഗ്രേസ് മെങ്

വാഷിംഗ്ടണ്‍: യുണൈറ്റഡ് സ്റ്റേറ്റ്സില്‍ ദീപാവലി ഔദ്യോഗിക ഫെഡറല്‍ അവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന ‘ദീപാവലി ഡേ ആക്ട്’ ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു.
യു.എസ് കോണ്‍ഗ്രസ് അംഗവും കോണ്‍ഗ്രഷണല്‍ ഏഷ്യന്‍ പസഫിക് അമേരിക്കന്‍ കോക്കസ് അധ്യക്ഷയുമായ ഗ്രേസ് മെങ് ആണ് ബില്‍ സഭയില്‍ സമര്‍പ്പിച്ചത്.
അമേരിക്കയിലുടനീളം ഹിന്ദു, ദക്ഷിണേഷ്യന്‍ സമൂഹങ്ങള്‍ക്ക് നേരെ വര്‍ദ്ധിച്ചുവരുന്ന വിദ്വേഷവും ഭീഷണിയും അതിക്രമങ്ങളും കടുത്ത ആശങ്കയുണ്ടാക്കുന്നുവെന്നും, ദീപാവലിക്ക് ഫെഡറല്‍ അവധി അനുവദിക്കുന്നത് ഈ സമൂഹങ്ങള്‍ യു.എസ് സമൂഹത്തിന്റെ പ്രധാന ഭാഗമാണെന്ന ശക്തമായ സന്ദേശം നല്‍കുമെന്നും ഗ്രേസ് മെങ് വ്യക്തമാക്കി.
ഇന്ത്യന്‍ വംശജരായ റോ ഖന്ന, രാജ കൃഷ്ണമൂര്‍ത്തി എന്നിവരുള്‍പ്പെടെ 19 ജനപ്രതിനിധികള്‍ ബില്ലിനെ പിന്തുണച്ച് ഒപ്പുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ ഇല്ലിനോയിസിലെ ഓറോറയിലുള്ള ഹിന്ദു ക്ഷേത്രത്തിന് നേരെ നടന്ന വെടിവെപ്പ് ശ്രമവും വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ ദീപാവലി ആഘോഷത്തിനിടെയുണ്ടായ വര്‍ഗ്ഗീയ അധിക്ഷേപങ്ങളും ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജനപ്രതിനിധി സഭയില്‍ നടപടി വേഗത്തിലാക്കണമെന്ന ആവശ്യം ഉയര്‍ന്നത്.
സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഓര്‍ഗനൈസ്ഡ് ഹേറ്റിന്റെ പഠനപ്രകാരം ദക്ഷിണേഷ്യക്കാര്ക്കെതിരായ വിദ്വേഷ പ്രസംഗങ്ങളില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.




