Skip to content
November 11, 2026
⌕

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസ്: ഡോ. ജോൺസൺ കെ. വർഗീസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസിന് നോട്ടീസ്. ജാമ്യത്തെ എതിർക്കാൻ പോലീസ്. കേസ് കള്ളപ്പരാതിയെന്നും 3 കോടിയുടെ ബ്ലാക്ക്‌മെയിലിംഗെന്നും ഡോക്ടർ; പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ്

November 10, 2026
Share this post to

കൊച്ചി: വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ ഡോ. ജോൺസൺ കെ. വർഗീസ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി പോലീസിന് നോട്ടീസ് അയച്ചു. ഹർജിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാനാണ് നിർദ്ദേശം.

പ്രതിക്ക് ഒരു കാരണവശാലും മുൻകൂർ ജാമ്യം നൽകരുതെന്ന കർശന നിലപാടോടെ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അതേസമയം, തനിക്കെതിരെയുള്ള ബലാത്സംഗ പരാതി പൂർണ്ണമായും വ്യാജവും കെട്ടിച്ചമച്ചതുമാണെന്നാണ് ഡോക്ടറുടെ മുൻകൂർ ജാമ്യാപേക്ഷയിലെ പ്രധാന വാദം. താൻ മുൻപ് നൽകിയ പരാതിയെ പ്രതിരോധിക്കാനും കള്ളക്കേസിൽ കുടുക്കാനുമാണ് എതിർവിഭാഗം ശ്രമിക്കുന്നത്.

ഒക്ടോബർ 10-ന് പീഡനം നടന്നുവെന്ന് പറയപ്പെടുന്ന സംഭവത്തിൽ നവംബർ 4-ന് ശേഷമാണ് പോലീസിൽ പരാതി നൽകിയിട്ടുള്ളത്. ഇത്രയും ദിവസത്തെ അസ്വാഭാവികമായ കാലതാമസം തന്നെ കേസ് ആസൂത്രിതമാണെന്നതിന് തെളിവാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

തനിക്കെതിരെ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതുല്യ ഉൾപ്പെടെയുള്ള പ്രതികൾ ചേർന്ന് തന്നെ ക്രൂരമായി മർദ്ദിച്ച് 3 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ഡോക്ടർ ആരോപിക്കുന്നു.

എന്നാൽ, വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇൻഫോപാർക്ക് പോലീസ് കേസെടുത്തതിന് പിന്നാലെ ഡോക്ടർ ഒളിവിൽ പോവുകയായിരുന്നു. ഇയാളെ കണ്ടെത്താനായി അന്വേഷണ സംഘം ഇതിനകം ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

കേസ് രജിസ്റ്റർ ചെയ്തയുടൻ ഡോക്ടർ വിദേശത്തേക്ക് കടന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

 

Get more updates from Pudukad News on Google