ഇറാന്റെ ആക്രമണ ഭീഷണി; ബ്രിട്ടനിലെ യുഎസ് വ്യോമതാവളത്തിൽനിന്ന് വിമാനങ്ങൾ യൂറോപ്പിലെ മറ്റ് സൈനിക താവളങ്ങളിലേക്ക് മാറ്റി. ഇന്ധന ടാങ്കറുകൾ ജർമനിയിലേക്ക്

ലണ്ടൻ: ഇറാനിൽനിന്നുള്ള ആക്രമണ ഭീഷണിയെ തുടർന്ന് ബ്രിട്ടനിലെ അമേരിക്കയുടെ പ്രധാന വ്യോമസേനാ താവളമായ ആർഎഎഫ് മിൽഡൻഹാളിൽനിന്ന് യുഎസ് വിമാനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. രഹസ്യാന്വേഷണ വിഭാഗത്തിന് ഭീഷണി സംബന്ധിച്ച വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് നടപടി.
രണ്ട് ഇന്ധന വിമാനങ്ങൾ ജർമനിയിലേക്ക് തിരിച്ചുവിട്ടതായും കൂടുതൽ വിമാനങ്ങൾ യൂറോപ്പിലെ മറ്റ് സൈനിക താവളങ്ങളിലേക്ക് മാറ്റിയതായും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ചയാണ് രണ്ട് ഇന്ധന വിമാനങ്ങൾ ജർമനിയിലേക്ക് മാറ്റിയത്. തുടർന്ന് കൂടുതൽ വിമാനങ്ങളും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്. എന്നാൽ ഇറാനിൽനിന്നുള്ള ഭീഷണിയുടെ സ്വഭാവത്തെക്കുറിച്ച് അമേരിക്കൻ അധികൃതർ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല.
യുഎസ് യൂറോപ്യൻ കമാൻഡ് വക്താവ് വിഷയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചു. മറ്റ് രാജ്യങ്ങളുടെ സൈനിക നീക്കങ്ങളെക്കുറിച്ച് അഭിപ്രായം പറയാനില്ലെന്നാണ് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാട്.
കിഴക്കൻ ഇംഗ്ലണ്ടിൽ സ്ഥിതി ചെയ്യുന്ന ആർഎഎഫ് മിൽഡൻഹാൾ അമേരിക്കൻ വ്യോമസേനയുടെ യൂറോപ്യൻ മേഖലയിലെ പ്രധാന സൈനിക കേന്ദ്രമാണ്. യുഎസ് വ്യോമസേനയുടെ 100-ാമത് എയർ റിഫ്യൂവലിങ് വിങ് ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
വിമാനങ്ങൾക്ക് ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കുന്ന കെസി-135 സ്ട്രാറ്റോടാങ്കർ വിമാനങ്ങളാണ് താവളത്തിലെ പ്രധാന സൈനിക സംവിധാനങ്ങളിലൊന്ന്. 131 അടി ചിറകുവിസ്താരവും 83,000 പൗണ്ട് ചരക്ക് വഹിക്കാനുള്ള ശേഷിയുമുള്ള വിമാനങ്ങളാണിവ.
ഇറാനുമായി ബന്ധപ്പെട്ട സുരക്ഷാ ഭീഷണിയെ തുടർന്ന് ബ്രിട്ടനിലെ യുഎസ് വ്യോമതാവളങ്ങളിൽനിന്ന് വിമാനങ്ങൾ മാറ്റുന്നത് രണ്ട് മാസത്തിനിടെ രണ്ടാം തവണയാണ്.
സെപ്റ്റംബറിൽ ആർഎഎഫ് ഫെയർഫോർഡ് വ്യോമതാവളത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ മൂന്ന് വാനുകൾ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ യുഎസ് അവിടെനിന്ന് ബോംബർ വിമാനങ്ങൾ പിൻവലിച്ചിരുന്നു.
പശ്ചിമേഷലിലെ സംഘർഷസാഹചര്യങ്ങൾക്കിടെ യൂറോപ്പിലെ സൈനിക കേന്ദ്രങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തൽ. എന്നാൽ വിമാനങ്ങൾ മാറ്റാനുള്ള കൃത്യമായ കാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.




