Skip to content
November 12, 2026
⌕

‘അണ്ണാ ഹസാരെയുടെ സമരം ബിജെപിയും ആര്‍എസ്എസും രഹസ്യമായി ആസൂത്രണം ചെയ്തത്’: സോണിയ ഗാന്ധി

November 11, 2026
Share this post to

ന്യൂഡല്‍ഹി: 2012ല്‍ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടന്ന അഴിമതി വിരുദ്ധ സമരം ബിജെപിയും ആര്‍എസ്എസും രഹസ്യമായി ആസൂത്രണം ചെയ്തതാണെന്നും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിനെ താഴെയിറക്കുക ലക്ഷ്യമിട്ടായിരുന്നു ഇതെന്നും സോണിയ ഗാന്ധി.

ഇന്നലെ പുറത്തിറങ്ങിയ സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്.

അന്നത്തെ യുപിഎ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയാണ് അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ പ്രക്ഷോഭം ബിജെപിയും ആര്‍എസ്എസും രഹസ്യമായി ആസൂത്രണം ചെയ്തതെന്ന് സോണിയ ഗാന്ധി ആരോപിക്കുന്നു.

ഡല്‍ഹിയില്‍ നടന്ന വലിയ പ്രതിഷേധം സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി. യുപിഎ സര്‍ക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യം സാധ്യമാക്കിയതോടെ, പിന്നീട് അണ്ണാ ഹസാരെയെക്കുറിച്ചോ അഴിമതി വിരുദ്ധ പ്രസ്ഥാനത്തെക്കുറിച്ചോ യാതൊരുവിധ ചര്‍ച്ചകളും ഇല്ലാതെയായി എന്ന് സോണിയ പുസ്തകത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

അഴിമതി തടയാനായി 2014ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ലോക്പാല്‍ അപ്രത്യക്ഷമായെന്നും വിമര്‍ശനമുണ്ട്. ‘2014ല്‍ ഞങ്ങള്‍ ലോക്പാല്‍ ബില്‍ കൊണ്ടുവന്നു. ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതി കേസുകള്‍ അന്വേഷിക്കാന്‍ കേന്ദ്ര തലത്തില്‍ ലോക്പാലിനും സംസ്ഥാനങ്ങളില്‍ ലോകായുക്തകള്‍ക്കും അധികാരം നല്‍കി. എന്നാല്‍ ബിജെപിയുടെ കീഴില്‍ അത് അട്ടിമറിക്കപ്പെട്ടു. പല്ലില്ലാത്ത കടുവയായി തുടരുന്നു’ -സോണിയ പറഞ്ഞു.

Get more updates from Pudukad News on Google