Skip to content
November 11, 2026
⌕

‘വ്യക്തമായ മറുപടിയില്ലാതെ വരുമ്പോൾ, ക്യാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ ചെയ്തുകൂട്ടിയ തെറ്റായ കാര്യങ്ങൾ വെളുത്തുപോകില്ല’: മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ | Pinarayi Vijayan

November 11, 2026
Share this post to
 Pinarayi Vijayan

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിൽ കൃത്രിമമായി വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ച് വൻകിട കരാറുകളുടെ മറവിൽ കോടികളുടെ അഴിമതി നടത്താനാണ് സർക്കാർ ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ പൂർണ്ണമായ സത്യം പുറത്തുകൊണ്ടുവരാൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(Pinarayi Vijayan Demands Judicial Probe Over Power Purchase Controversy Against Chief Minister)

ജനങ്ങളെ പവർക്കട്ട് ഭീതിയിലാഴ്ത്തി ഇരുട്ടിന്റെ മറവിൽ നടത്തിയ വഴിവിട്ട വൈദ്യുതിക്കച്ചവട നീക്കങ്ങൾ ഒന്നൊന്നായി പൊളിഞ്ഞുവീഴുകയാണ്. പ്രതിപക്ഷം കൃത്യമായ വസ്തുതകളോടെ വിരൽ ചൂണ്ടുമ്പോൾ വ്യക്തമായ മറുപടി നൽകാൻ കഴിയാതെ മുഖ്യമന്ത്രി പരിഹാസ ശൈലിയിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഔദ്യോഗിക ഫയലുകളെ തരംതാഴ്ത്തി സംസാരിക്കുന്നതും ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടാൻ മുൻ സർക്കാരുകളുടെ മേൽ കുറ്റം ചാരുന്നതും ഭീരുത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈദ്യുതി പ്രതിസന്ധിയുടെയും കരാറുകളുടെയും കാര്യത്തിൽ സ്വന്തം മന്ത്രിസഭയിലെ വകുപ്പ് മന്ത്രിയെയും മുന്നണി കൺവീനർ അടൂർ പ്രകാശിനെയും പോലും ഇരുട്ടിൽ നിർത്തിയാണ് മുഖ്യമന്ത്രി നേരിട്ട് തീരുമാനങ്ങൾ എടുത്തതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ജി.എൻ.എ വഴി ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ പിടിവാശി കാണിച്ചതും ആരുടെ താല്പര്യപ്രകാരമാണെന്ന് വ്യക്തമാക്കണം. സെക്രട്ടേറിയറ്റിന് പുറത്തിരുന്ന് ഔദ്യോഗിക ഫയലുകൾ നിയന്ത്രിക്കുന്ന ‘അദൃശ്യ നിഴൽസംഘം’ ആരാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട പിണറായി വിജയൻ, റൂൾസ് ഓഫ് ബിസിനസ് കാറ്റിൽപ്പറത്തി പുറത്തുള്ള സംഘങ്ങളുമായി ചർച്ച നടത്തിയത് ഗുരുതരമായ സത്യപ്രതിജ്ഞാലംഘനമാണെന്നും ചൂണ്ടിക്കാട്ടി.

ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങണമെന്ന് താൻ വാദിച്ചു എന്ന തരത്തിൽ മുഖ്യമന്ത്രി നടത്തുന്ന പ്രചാരണം നട്ടാൽ കുരുക്കാത്ത നുണയാണെന്ന് അദ്ദേഹം പറഞ്ഞു. ജി.എൻ.എ കൊള്ളയെക്കുറിച്ച് സംസാരിച്ചപ്പോൾ താരതമ്യം ചെയ്യുക മാത്രമാണ് ചെയ്തത്. ഹിമാചൽ വൈദ്യുതി വാങ്ങണമെന്ന് താൻ എവിടെയെങ്കിലും പറഞ്ഞതായി തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. യു.ഡി.എഫ് ഭരണകാലത്ത് സ്വകാര്യ കമ്പനികളുമായി ഉണ്ടാക്കിയ ദീർഘകാല കരാറുകൾ സംസ്ഥാനത്തിന് വൻ സാമ്പത്തിക ബാധ്യത വരുത്തിവെച്ചപ്പോൾ, എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് റെഗുലേറ്ററി കമ്മീഷന്റെ പൂർണ്ണ അംഗീകാരത്തോടെ സുതാര്യമായ രീതിയിലാണ് കരാറുകൾ ഉറപ്പാക്കിയത്.

കുറഞ്ഞ നിരക്കിലുള്ള ഹരിതോർജ്ജവും കൽക്കരി വൈദ്യുതിയുമായി 2,122 മെഗാവാട്ടിന്റെ 12 ദീർഘകാല കരാറുകളാണ് എൽ.ഡി.എഫ് ഉണ്ടാക്കിയത്. റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരമില്ലാതെ ഒരു യൂണിറ്റ് വൈദ്യുതി പോലും വാങ്ങാൻ എൽ.ഡി.എഫ് കരാറുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി നേരിട്ട് ചുക്കാൻ പിടിച്ച ഈ നിഗൂഢ ഇടപാടുകളിലെ സത്യം പുറത്തുവരുന്നതുവരെ ജനങ്ങളെ അണിനിരത്തി ശക്തമായ രാഷ്ട്രീയ പോരാട്ടം തുടരുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Story Summary

Opposition Leader Pinarayi Vijayan launched a scathing attack on Chief Minister V. D. Satheesan over the controversial power purchase deal, accusing the government of artificially creating a power crisis to facilitate large-scale corruption. Demanding a judicial probe into the matter, Vijayan claimed that official procedures were bypassed and even the Power Minister was kept in the dark regarding key decisions.

Get more updates from Pudukad News on Google