എൽപിഎസ്ടി സമരപ്പന്തൽ ബലമായി പൊളിച്ചുമാറ്റി പൊലീസ്; സമരനേതാവ് വളർമതിയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. സെക്രട്ടേറിയറ്റിന് മുന്നിലെ താൽക്കാലിക ഷെഡ് നീക്കിയത് ഫുട്പാത്ത് കയ്യേറിയെന്നാരോപിച്ച് നൽകിയ നോട്ടീസിന് പിന്നാലെ. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന് സമരസമിതി. പന്തൽ വീണ്ടും കെട്ടുമെന്ന് ഡിവൈഎഫ്ഐ നേതാവ് ആർ. രാഹുൽ

തിരുവനന്തപുരം: എല്‍പിഎസ്ടി സമരക്കാരുടെ പന്തൽ ബലമായി പൊളിച്ചുമാറ്റി പൊലീസ്. സമര നേതാവ് വളര്‍മതിയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച സമരസമിതി, നാളെ മുതൽ മറ്റൊരു സമരം തുടരുമെന്ന് വ്യക്തമാക്കി. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നാണ് സമരസമിതിയുടെ നിലപാട്.
വെയിലത്തും മഴയത്തും ഞങ്ങളെ കിടത്താനാണ് ആഗ്രഹമെങ്കില്‍ അത് നടക്കട്ടെ. സമരപ്പന്തല്‍ പൊളിച്ചു മാറ്റിയേ പറ്റൂ എന്ന നിര്‍ബന്ധമാണ് സര്‍ക്കാരിനെന്നും വളര്‍മതി പ്രതികരിച്ചിരുന്നു. ഇത്രയും കാലവും ഇവിടെ നടപ്പാതയില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ ഉണ്ടായിരുന്നു.
അതൊന്നും ഇതുവരെയും ആരും എടുത്തു മാറ്റിയിട്ടില്ല. പൊലീസ് അവരുടെ ഡ്യൂട്ടി ചെയ്‌തോട്ടെ, എന്നാല്‍ സമരത്തില്‍ നിന്ന് പിന്മാറാനില്ലെന്ന് വളര്‍മതി വ്യക്തമാക്കിയിരുന്നു.
എല്‍പിഎസ്ടി സമരവേദി പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് പൊലീസ് രണ്ട് ദിവസങ്ങൾക്ക് മുമ്പ് നോട്ടീസ് നല്‍കിയിരുന്നു. സെക്രട്ടറിയേറ്റിനു മുന്‍പില്‍ ഫുട്പാത്ത് കയ്യേറി സമരം നടത്തുന്നുവെന്ന് ആരോപിച്ചാണ് നോട്ടീസ് നല്‍കിയിരുന്നത്.
ഫ്ലക്‌സ് ബോര്‍ഡുകളും സമരവേദിയും പൊളിച്ചു മാറ്റണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. നിരാഹാര സത്യാഗ്രഹത്തിന്റെ ഭാഗമായി നിര്‍മ്മിച്ച താല്‍ക്കാലിക ഷെഡാണ് നിലവിൽ പൊളിച്ചു മാറ്റിയിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ ആർ. രാഹുൽ പൊലീസിനെ വെല്ലുവിളിച്ചു. സമരപന്തൽ വീണ്ടും കെട്ടുമെന്ന് അറിയിച്ചു.




