ഓക്ലഹോമയിൽ ആയുധധാരിയായ കുറ്റവാളിക്കായി വ്യാപക തിരച്ചിൽ

ഓക്ലഹോമ: ഓക്ലഹോമയിലെ ഗാർവിൻ കൗണ്ടിയിൽ ആയുധധാരിയായ പ്രതിക്കായി തിരച്ചിൽ ശക്തമാക്കി അധികൃതർ. ബ്രയാൻ കൗണ്ടിയിൽ വെടിവെയ്പ്പ് നടത്തിയ ശേഷം രക്ഷപ്പെട്ട മൈക്കൽ നാഥൻ ഡേൽ ഗാരറ്റ് എന്ന പ്രതിക്കായി ഗാർവിൻ കൗണ്ടിയിലും അന്വേഷണം പുരോഗമിക്കുകയാണ്. ബ്രയാൻ കൗണ്ടിയിലെ ഒരു വീട്ടിനുനേരെയും സ്ഥലത്തെത്തിയ ഡെപ്യൂട്ടികൾക്കുനേരെയും പ്രതി വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരുക്കുകളില്ലെന്ന് ഷെരീഫ് ഓഫിസ് അറിയിച്ചു.
ആറടി ഉയരവും ഏകദേശം 180 പൗണ്ട് ഭാരവുമുള്ള വെള്ളക്കാരനാണ് പ്രതിയെന്ന് അധികൃതർ അറിയിച്ചു. മുടിക്ക് ബ്രൗൺ നിറമാണ് . അവസാനമായി കാണുമ്പോൾ ഗ്രേ നിറത്തിലുള്ള ടി-ഷർട്ടും ഏത് നിറമാണെന്ന് വ്യക്തമല്ലാത്ത ഷോർട്സുമാണ് ധരിച്ചിരുന്നത്. കൂടാതെ കറുത്ത നിറത്തിലുള്ള ഒരു ബാക്ക്പാക്കും കൈവശമുണ്ട്.
ഗാർവിൻ കൗണ്ടിയിൽ പ്രതിയെ കണ്ടതായി വിവരം ലഭിച്ചിട്ടുണ്ടെങ്കിലും, ഇത് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പ്രദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ രീതിയിൽ ആരെയെങ്കിലും കണ്ടുകഴിഞ്ഞാൽ അവരുടെ അടുത്ത് പോകരുതെന്നും ഷെരീഫ് ജിം മുള്ളറ്റ് മുന്നറിയിപ്പ് നൽകി.
പ്രതിയുടെ വിവരം ലഭിക്കുന്നവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി ഉടൻ തന്നെ 911ൽ വിളിച്ചറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. ഫോട്ടോയെടുക്കാനോ പ്രതിയെ പിന്തുടരാനോ ശ്രമിക്കരുതെന്നും ജനങ്ങൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.




