നോർത്ത് ടെക്സസ് മേഖലയിൽ ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണം വർധിക്കുന്നു

ഡാലസ്: നോർത്ത് ടെക്സസ് മേഖലയിൽ ഇൻഫ്ലുവൻസ (ഫ്ലൂ) ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതായി ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. സാധാരണയേക്കാൾ നേരത്തെ തന്നെ ഇത്തവണ ഇൻഫ്ലുവൻസ സീസൺ ശക്തിപ്രാപിച്ചതായും ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പീഡിയാട്രിക് ആരോഗ്യപരിചരണ ശൃംഖലയായ ‘ചിൽഡ്രൻസ് ഹെൽത്ത്’ പുറത്തുവിട്ട കണക്കുകൾ പ്രകാരം നോർത്ത് ടെക്സസിലെ വിവിധ ആശുപത്രികളിൽ പനി ബാധിച്ച് എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 26ന് അവസാനിച്ച ആഴ്ചയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ നവംബർ രണ്ടിന് അവസാനിച്ച ആഴ്ചയിൽ ഇൻഫ്ലുവൻസ കേസുകളിൽ 26 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.
രോഗവ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ ആറുമാസം പ്രായം മുതൽ കുട്ടികൾക്കും മുതിർന്നവർക്കും ഫ്ലൂ വാക്സീൻ സ്വീകരിക്കണമെന്ന് നോർത്ത് ടെക്സസ് ഏരിയ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റേഴ്സ് നിർദേശിച്ചു. വാക്സീൻ മുൻകൂട്ടി സ്വീകരിക്കുന്നതിലൂടെ രോഗബാധയ്ക്കുള്ള സാധ്യതയും രോഗം മൂലമുണ്ടാകാവുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഒരു പരിധിവരെ കുറയ്ക്കാനാകുമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കി.
ഇൻഫ്ലുവൻസ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വാക്സീനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ആരോഗ്യരംഗത്തെ വിദഗ്ധർ അഭ്യർഥിച്ചു.




