അച്ഛന്റെ സ്വത്ത് മകന് ജന്മാവകാശമായി ലഭിക്കുമോ? സുപ്രീംകോടതി വിധി ഇങ്ങനെ | Son birthright in fathers property

വിഭജനം നടത്തി പിതാവിന്റെ വ്യക്തിഗത സ്വത്തായി മാറിയ വസ്തുവിൽ മകന് ജന്മാവകാശം ഉന്നയിക്കാനാകില്ലെന്ന് സുപ്രീംകോടതി. പിതാവിന്റെ ജീവിതകാലത്ത് തന്നെ സ്വത്തിൽ പകുതി വിഹിതം ആവശ്യപ്പെട്ട് മകൻ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. (Son birthright in fathers property)
പിതാവിന്റെ സ്വത്ത് പൂർവിക സ്വത്താണെന്നോ കൂട്ടുകുടുംബ സ്വത്താണെന്നോ ചൂണ്ടിക്കാട്ടി മകന് വിഭജനം ആവശ്യപ്പെടാനാകുമോ എന്നതായിരുന്നു കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. 1,811 ചതുരശ്ര അടി വിസ്തീർണമുള്ള വസ്തുവിൽ പകുതി അവകാശം ആവശ്യപ്പെട്ട് 1997ൽ പ്രായപൂർത്തിയാകാത്ത മകനുവേണ്ടി അമ്മയാണ് കേസ് നൽകിയത്. സ്വത്ത് ആദ്യം മുത്തച്ഛന്റേതായിരുന്നുവെന്നും ജന്മനാ തനിക്ക് അതിൽ അവകാശമുണ്ടെന്നുമായിരുന്നു വാദം. എന്നാൽ, മകൻ ജനിക്കുന്നതിന് മുമ്പുതന്നെ മുത്തച്ഛൻ മരിക്കുകയും അനന്തരാവകാശ നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നുവെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. 1993ൽ സ്വത്ത് വിഭജിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. 1994 ജനുവരി ആറിനാണ് ഹർജിക്കാരൻ ജനിച്ചത്. അതേ വർഷം ഫെബ്രുവരി മൂന്നിന് വിഭജനവുമായി ബന്ധപ്പെട്ട ഒത്തുതീർപ്പും ഉണ്ടായി.
ഹിന്ദു പിന്തുടർച്ചാവകാശ നിയമം, 1956 പ്രകാരം മുത്തച്ഛന്റെ സ്വത്ത് ഒന്നാം ക്ലാസ് അനന്തരാവകാശികൾക്ക് ലഭിച്ചതാണെന്ന് കോടതി നിരീക്ഷിച്ചു. വിഭജനത്തിനുശേഷം ഓരോരുത്തർക്കും ലഭിച്ച വിഹിതം അവരുടെ വ്യക്തിഗത സ്വത്തായി മാറി. അതിനാൽ ഹർജിക്കാരന്റെ പിതാവിന് ലഭിച്ച വിഹിതം കൂട്ടുകുടുംബ സ്വത്തായി കണക്കാക്കാനാകില്ലെന്നും മകന് അതിൽ ജന്മാവകാശം ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി.
പിതാവ് പിന്നീട് തന്റെ വിഹിതം വിൽപ്പനരേഖകൾ വഴി കൈമാറിയിരുന്നു. ഈ വിൽപ്പനയെ ചോദ്യം ചെയ്തിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം പിതാവിന് ലഭിച്ച വ്യക്തിഗത സ്വത്തിൽ മകന് ജന്മനാ സഹാവകാശം (കോപാർസനറി അവകാശം) ഉന്നയിക്കാനാകില്ലെന്ന മുൻവിധിയും സുപ്രീംകോടതി ശരിവെച്ചു. ഇതോടെ അപ്പീൽ തള്ളി.
Summary: The Supreme Court ruled that a son cannot claim birthright in his father’s share of property that had already become his exclusive property after partition. The court dismissed an appeal seeking a half share, observing that the property had devolved upon the grandfather’s Class I heirs under the Hindu Succession Act, 1956.




