“ക്രിമിനൽ ബാധ്യതയ്ക്കുള്ള പ്രായപരിധി 15 വയസ്സായി കുറയ്ക്കണം”: ജുവനൈൽ നിയമഭേദഗതി ആവശ്യപ്പെട്ട് ‘ഭദ്രപക്ഷം’ ജനകീയ മുന്നേറ്റത്തിന് തുടക്കം | Bhadrapaksham campaign

കൊച്ചി: രാജ്യത്തെ ജുവനൈൽ നീതിന്യായ വ്യവസ്ഥയിൽ സമഗ്രമായ മാറ്റം ആവശ്യപ്പെട്ട് ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ടോം ജോസഫിന്റെ നേതൃത്വത്തിൽ ‘ഭദ്രപക്ഷം’ എന്ന പേരിൽ പുതിയ ജനകീയ മുന്നേറ്റത്തിന് തുടക്കമായി (Bhadrapaksham campaign). ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ക്രിമിനൽ ബാധ്യത നിർണയിക്കുന്നതിനുള്ള നിയമപരമായ പ്രായപരിധി നിലവിലുള്ളതിൽനിന്ന് 15 വയസ്സായി കുറയ്ക്കണമെന്ന നിർദേശമാണ് കാമ്പയിനിലൂടെ പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്.
ഒക്ടോബർ 25ന് എറണാകുളം ചേരാനല്ലൂരിൽ 17 വയസ്സുകാരൻ ഓടിച്ച ബെൻസ് കാറിടിച്ച് തട്ടുകട ഉടമ ജയബാലകൃഷ്ണൻ മരിച്ച സംഭവമാണ് ഈ മുന്നേറ്റത്തിന് പ്രചോദനമായത്. മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി ഉയർത്തിയ ചോദ്യങ്ങളിൽനിന്നാണ് ടോം ജോസഫ് പ്രചാരണ പരിപാടിക്ക് രൂപം നൽകിയത്. പ്രായപൂർത്തിയാകാത്തവർ നടത്തുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ നിലവിലെ നിയമസംവിധാനം നൽകുന്ന പരിരക്ഷയെക്കുറിച്ച് സമൂഹം പുനർചിന്തനം നടത്തണമെന്ന ഭദ്രകീർത്തിയുടെ അഭ്യർഥനയും കാമ്പയിന് പിന്നിലുണ്ട്.
ഒരു ലക്ഷത്തിലധികം പേരുടെ പിന്തുണ തേടും
കാമ്പയിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഒരു ലക്ഷത്തിലധികം പൗരന്മാരുടെ ഒപ്പുകളും അഭിപ്രായങ്ങളും ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി തയ്യാറാക്കുന്ന നിവേദനം കേന്ദ്ര നിയമ-നീതി മന്ത്രാലയത്തിനും വനിതാ-ശിശു വികസന മന്ത്രാലയത്തിനും നേരിട്ട് സമർപ്പിക്കുമെന്ന് ടോം ജോസഫ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജുവനൈൽ നിയമം നിലവിൽ വന്ന കാലഘട്ടത്തിൽനിന്ന് ഇന്നത്തെ കുട്ടികളുടെ മാനസികാവസ്ഥയിലും സാമൂഹിക ചുറ്റുപാടുകളിലും വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നാണ് ടോം ജോസഫിന്റെ വാദം. മറ്റു ചില രാജ്യങ്ങൾ ജുവനൈൽ നീതിന്യായ സംവിധാനത്തിലെ പ്രായപരിധി കുറച്ചിട്ടുണ്ടെന്നും ഇന്ത്യയിലും നിയമത്തിൽ അടിയന്തര മാറ്റം വേണമെന്നും അദ്ദേഹം പറഞ്ഞു.
‘മറ്റൊരു കുടുംബത്തിനും ഈ വേദന ഉണ്ടാകരുത്’
അച്ഛനെ നഷ്ടപ്പെട്ടതിന്റെ വേദന ഒരിക്കലും മാറില്ലെന്നും എന്നാൽ മറ്റൊരു കുടുംബത്തിനും സമാനമായ ദുരന്തം ഉണ്ടാകരുതെന്ന ആഗ്രഹമാണ് നിയമമാറ്റത്തിനായി ശബ്ദമുയർത്താൻ പ്രേരിപ്പിച്ചതെന്നും ഭദ്രകീർത്തി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിയമനിർമാണവുമായി ബന്ധപ്പെട്ട ഈ മുന്നേറ്റത്തിൽ പങ്കാളികളാകാൻ രാജ്യത്തെ പൗരന്മാരോട് ഭദ്രകീർത്തിയും ടോം ജോസഫും അഭ്യർഥിച്ചു. ജുവനൈൽ നീതിന്യായ വ്യവസ്ഥയിലെ മാറ്റം സംബന്ധിച്ച പൊതുചർച്ചയ്ക്ക് തുടക്കമിടുകയാണ് കാമ്പയിന്റെ ലക്ഷ്യം.
Story Summary:
Jain University director Tom Joseph has launched a public campaign titled ‘Bhadrapaksham’, calling for changes to India’s juvenile justice system. The campaign proposes reducing the age threshold for criminal liability to 15 years, particularly in the context of serious offences. Inspired by questions raised by Bhadrakeerthi, whose father died in a car crash involving a 17-year-old driver in Cheranalloor, the initiative aims to collect more than one lakh signatures and submit a petition to the Union government.




