Skip to content
November 13, 2026
⌕

മുഖ്യമന്ത്രിയുടെ സ്റ്റാഫിലേക്കെത്തിയ മാധ്യമപ്രവര്‍ത്തകന് ചുമതല മീഡിയ വിഭാഗത്തിലല്ല, കേന്ദ്ര പദ്ധതികളുടെ ഏകോപനവും സിവില്‍ സര്‍വീസും സര്‍ക്കാരുമായുള്ള പാലമാകലും. ആദ്യം വെട്ടിയ കെപി സായ് കിരണ് വീണ്ടും വഴിയൊരുക്കിയത് വിഡി സതീശനുമായുള്ള ഹൃദയബന്ധം തന്നെ. മീഡിയ രംഗത്തെ അതിപ്രഗല്‍ഭര്‍ ടീം സതീശനെ നയിക്കുമ്പോള്‍…

November 12, 2026
Share this post to

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ ഓഫീസിലേക്ക് വീണ്ടുമൊരു മാദ്ധ്യമപ്രവർത്തകൻ കൂടിയെത്തിയത് വാര്‍ത്തയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ അസിസ്‌റ്റൻ്റ് എഡിറ്റർ കെ.പി സായ് കിരണാണ് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി ചുമതലയേറ്റത്. എന്നാല്‍ മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും മാദ്ധ്യമ, പി.ആർ ചുമതലയല്ല സായിക്കുള്ളത്. 


ഏറെക്കാലം ഡൽഹിയിൽ പ്രവർത്തിച്ച് അനുഭവസമ്പത്തുള്ള സായിയെ കേന്ദ്രസർക്കാർ പദ്ധതികളുടെ ഏകോപനത്തിനും സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള പദ്ധതികൾ തയ്യാറാക്കാനും സിവിൽ സർവീസുകാരും സർക്കാരുമായുള്ള ഏകോപനത്തിനുമടക്കം ചുമതല നൽകിയാണ് നിയമിച്ചത്. 


മിക്ക സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായും സായിക്ക് അടുത്ത ബന്ധമാണുള്ളത്. ഇംഗ്ലീഷും ഹിന്ദിയും അനായാസമായി കൈകാര്യം ചെയ്യാനുള്ള മികവും സായിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുള്ള വഴിയൊരുക്കി.

സതീശൻ മുഖ്യമന്ത്രിയായപ്പോൾ തന്നെ സായിയെ പേഴ്സണൽ സ്റ്റാഫിലേക്ക് പരിഗണിച്ചിരുന്നതാണ്. എന്നാൽ രാഷ്ട്രീയ കാര്യങ്ങളിൽ വലിയ പിടിയില്ലെന്ന് പറഞ്ഞ് ചിലർ വെട്ടുകയായിരുന്നു. എന്നാൽ ഡൽഹിയിൽ സായിക്കുള്ള പരിചയം മുതലാക്കാൻ സതീശൻ തീരുമാനിക്കുകയായിരുന്നു.  

kp sai kiran

ദി ടൈംസ് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ബ്യൂറോയിൽ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിക്കുന്ന കെ.പി. സായി കിരൺ 2011 മുതൽ കേരളത്തിലാണ്. 


ന്യൂഡൽഹിയിലും കേരളത്തിലുമായി വർഷങ്ങളോളം പ്രവർത്തിച്ച അദ്ദേഹം, കുറ്റകൃത്യങ്ങൾ, കോടതികൾ എന്നിവ മുതൽ ഭരണനിർവ്വഹണം, പൊതുനയങ്ങൾ എന്നിവ വരെയുള്ള വിവിധ വിഷയങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണ്ണൂർ സ്വദേശിയാണ്. 


കേരള രാഷ്ട്രീയം, ഭരണനിർവ്വഹണം, സർക്കാർ നയങ്ങൾ, പൊതുജനാരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, തിരുവനന്തപുരത്തെയും കേരളത്തിലെയും പ്രധാന സാമൂഹിക-സാമ്പത്തിക സംഭവവികാസങ്ങൾ എന്നിവയാണ് അദ്ദേഹം പ്രധാനമായും റിപ്പോർട്ട് ചെയ്തിരുന്നത്. 

വിശദമായ അന്വേഷണാത്മക റിപ്പോർട്ടുകൾ, സർക്കാർ നയങ്ങളെക്കുറിച്ചുള്ള വസ്തുതാപരമായ വിശകലനങ്ങൾ, നിയമസഭാ-ഭരണതല വാർത്തകൾ എന്നിവയിലൂടെ അദ്ദേഹം ശ്രദ്ധേയനാണ്. 

ദി ടൈംസ് ഓഫ് ഇന്ത്യയിൽ ചുമതലയേൽക്കുന്നതിന് മുൻപ്  ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ  പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചിയിലെ കേരള പ്രസ് അക്കാദമിയിലെ പൂർവ്വ വിദ്യാർത്ഥിയാണ്.

നിലവിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ മാദ്ധ്യമ ചുമതലയിൽ നിരവധി മാദ്ധ്യമപ്രവർത്തകരുണ്ട്. മാതൃഭൂമി ന്യൂസിൽ പ്രവർത്തിച്ചിരുന്ന സീജി കടയ്ക്കലാണ് പ്രസ് സെക്രട്ടറി. പ്രതിപക്ഷ നേതാവായിരുന്ന കാലം മുതൽ സതീശനൊപ്പം സീജി പ്രവർത്തിക്കുന്നുണ്ട്. 


മുതിർന്ന മാദ്ധ്യമ പ്രവർത്തകനായ റോയ് മാത്യൂസാണ് മീഡിയ സെക്രട്ടറി. ഉശിരന്‍ മാദ്ധ്യമ പ്രവർത്തകനായിരുന്ന അനീഷ് അനിരുദ്ധന്‍ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിട്ടുണ്ട്. സീജിയും അനീഷുമാണ് മുഖ്യമന്ത്രിയുടെ മാദ്ധ്യമ ചുമതലകൾ നിറവേറുന്നത്. 


anish anirudhan

ദേശീയ ചാനലുകളുമായും ഏജൻസികളുമായുമുള്ള അഭിമുഖങ്ങളും ഏകോപനവുമെല്ലാം നടത്തുന്നത് അച്ചായൻ എന്ന് വിളപ്പേരുള്ള റോയിയാണ്. ഇവർക്ക് പുറമെ പി.ആർ.ഡിയിൽ നിന്നുള്ള വലിയ മാദ്ധ്യമ സംഘവും മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവർത്തിക്കുന്നുണ്ട്. ഇവരെല്ലാം മുൻപ് വിവിധ മാദ്ധ്യമങ്ങളിൽ തിളങ്ങി നിന്നിരുന്നവരാണ്.

സായിയുടെ വരവോടെ ഡൽഹിയിൽ മുഖ്യമന്ത്രിയുടെ ആവശ്യങ്ങൾ വേഗത്തിൽ നിറവേറുമെന്നും ഏകോപനം വേഗത്തിൽ സാദ്ധ്യമാവുമെന്നും വിലയിരുത്തപ്പെടുന്നു. 


കേന്ദ്രപദ്ധതികളുടെ നടത്തിപ്പ് കേരളത്തിൽ ഇഴഞ്ഞുനീങ്ങുന്ന സാഹചര്യമാണുള്ളത്. എന്നാൽ പരമാവധി കേന്ദ്രപദ്ധതികൾക്ക് അപേക്ഷിക്കണമെന്നും പദ്ധതി റിപ്പോർട്ടുകൾ നൽകി പരമാവധി സഹായം കേരളത്തിന് നേടിയെടുക്കണമെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. 


അടിസ്ഥാന സൗകര്യ വികസനത്തിനടക്കം കേരളം അപേക്ഷിക്കുക പോലുമില്ലാത്ത പദ്ധതികൾ ഏറെയുണ്ടെന്ന് നേരത്തേ മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിലെല്ലാം മാറ്റമുണ്ടാക്കാൻ സായിയുടെ നിയമനത്തോടെ സാധിക്കും. 

മാത്രമല്ല വൻകിട നിക്ഷേങ്ങൾ ആകർഷിക്കാനുള്ള വലിയ ദൗത്യവും സായിക്കുണ്ട്. പിണറായി സർക്കാരിന്റെ കാലത്ത് കണ്ണൂരിൽ നിന്നുള്ള മേജർ ദിനേശ് ഭാസ്കറിനെ വൻകിട പദ്ധതികളുടെ ഏകോപനത്തിനും നിക്ഷേപങ്ങൾ ആകർഷിക്കാനുമായി നിയോഗിച്ചിരുന്നു.

Get more updates from Pudukad News on Google