Skip to content
November 13, 2026
⌕

മലയാള സിനിമയുടെ നാല് തലമുറകളെ ക്യാമറയിൽ പകർത്തിയ പ്രമുഖ ഫോട്ടോഗ്രാഫർ കൊല്ലം മോഹൻ അന്തരിച്ചു; തമിഴ്‌നാട്ടിലെ മാർത്താണ്ഡത്ത് കുടുംബത്തോടൊപ്പം ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ കാൽവഴുതി പുറത്തേക്ക് വീണാണ് ദാരുണാന്ത്യം. ‘നാന’ സിനിമാ വാരികയുടെ ഔദ്യോഗിക ഫോട്ടോഗ്രാഫറായി ദീർഘകാലം പ്രവർത്തിച്ചു. സിനിമാ-മാധ്യമ ലോകത്തിന് നികത്താനാവാത്ത നഷ്ടം

November 12, 2026
Share this post to

കൊല്ലം: പ്രമുഖ ഫോട്ടോഗ്രാഫറും സിനിമാ മേഖലയിലെ സജീവ സാന്നിധ്യവുമായിരുന്ന കൊല്ലം മോഹൻ അന്തരിച്ചു.തമിഴ്‌നാട്ടിലെ മാർത്താണ്ഡത്ത് വെച്ച് ട്രെയിനിൽ നിന്ന് കാൽവഴുതി വീണാണ് അപകടമുണ്ടായത്.കുടുംബത്തോടൊപ്പം യാത്രചെയ്യുമ്പോഴായിരുന്നു അപകടം.യാത്രയ്ക്കിടെ അബദ്ധത്തിൽ ട്രെയിനിൽ നിന്ന് പുറത്തേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

കൊല്ലത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന പ്രമുഖ സിനിമാ വാരിക ‘നാന’ യുടെ ഔദ്യോഗിക ഫോട്ടോഗ്രാഫറായി ദീർഘകാലം പ്രവർത്തിച്ചിരുന്ന മോഹൻ മലയാള സിനിമാ ചരിത്രത്തിലെ നിരവധി അവിസ്മരണീയ മുഹൂർത്തങ്ങൾ ക്യാമറയിൽ പകർത്തിയ വ്യക്തിയാണ്.


ഡിജിറ്റൽ ക്യാമറകളും സോഷ്യൽ മീഡിയയും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ, മലയാള സിനിമയെയും താരങ്ങളെയും സാധാരണക്കാരായ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നതിൽ കൊല്ലം മോഹന്റെ ചിത്രങ്ങൾ വഹിച്ച പങ്ക് ചെറുതല്ല.


ഇന്ന് മലയാള സിനിമയുടെ വെളളിത്തരയിൽ തിളങ്ങിനിൽക്കുന്ന പല താരോദയങ്ങൾക്കും സാക്ഷ്യം വഹിച്ച വ്യക്തിയാണ് കൊല്ലം മോഹൻ.’നാന’ യുടെ പേജുകളിലെ സജീവ സാന്നിധ്യമായിരുന്നു കൊല്ലം മോഹൻ എന്ന പേരും അദ്ദേഹമെടുത്ത ചിത്രങ്ങളും.

ഇന്ന് മലയാള സിനിമ അടക്കിവാഴുന്ന മെഗാസ്റ്റാറുകളും സൂപ്പർസ്റ്റാറുകളും തങ്ങളുടെ സിനിമാ ജീവിതത്തിന്റെ പ്രാരംഭ ഘട്ടത്തിൽ, ‘നാന’യിൽ ഒരു ചിത്രം അച്ചടിച്ചു വരാനായി കൊല്ലം മോഹന്റെ ക്യാമറയ്ക്ക് മുന്നിൽ എത്താൻ കാത്തിരുന്നവരാണ്.പ്രേംനസീർ മുതൽ ഫഹദ് ഫാസിൽ വരെയുളള നാല് തലമുറകളിൽപ്പെട്ടവരുടെ ചിത്രങ്ങളാണ് മോഹൻെറ ക്യാമറയിലൂടെ വായനക്കാർ കണ്ടത്.


പുതുമുഖ താരങ്ങൾക്ക് സിനിമാ ലോകത്ത് വലിയ മേൽവിലാസം ഉണ്ടാക്കിക്കൊടുക്കാൻ അദ്ദേഹമെടുത്ത ചിത്രങ്ങൾക്ക് സാധിച്ചിട്ടുണ്ട്.’നാന’ സിനിമാ വാരികയുടെ നടുപ്പേജിൽ  അച്ചടിച്ചു വന്നിരുന്ന കൊല്ലം മോഹന്റെ വർണ്ണചിത്രങ്ങൾ അക്കാലത്തെ യുവതി യുവാക്കളുടെയും സിനിമാ പ്രേമികളുടെയും ഇടയിൽ തരംഗമായിരുന്നു. 


പല വീടുകളുടെയും ചുവരുകളിലും കലാലയ ഹോസ്റ്റലുകളിലും ബാർബർ ഷോപ്പുകളിലും അദ്ദേഹം പകർത്തിയ  താരങ്ങളുടെ ചിത്രങ്ങൾ ഇടംപിടിച്ചിരുന്നു.വെറുമൊരു ഫോട്ടോഗ്രാഫർ എന്നതിലുപരി, സംവിധായകർക്കും നിർമ്മാതാക്കൾക്കും അഭിനേതാക്കൾക്കും ഇടയിലെ ഊഷ്മളമായ ഒരു കണ്ണിയായിരുന്നു അദ്ദേഹം. 

മദ്രാസ് (ചെന്നൈ) കേന്ദ്രീകരിച്ച് മലയാള സിനിമ പ്രവർത്തിച്ചിരുന്ന കാലം മുതൽ കേരളത്തിലേക്ക് സിനിമാ വ്യവസായം പൂർണ്ണമായും ചുവടുമാറിയ ഘട്ടം വരെ അദ്ദേഹം ലൊക്കേഷനുകളിൽ സജീവമായിരുന്നു. താരങ്ങളുടെ മേക്കപ്പില്ലാത്ത സ്വാഭാവിക ഭാവങ്ങളും, ലൊക്കേഷനുകളിലെ അപൂർവ്വ സൗഹൃദ നിമിഷങ്ങളും ഒപ്പിയെടുക്കുന്നതിൽ അദ്ദേഹത്തിന് സവിശേഷമായ കഴിവുണ്ടായിരുന്നു.


‘നാന’യുടെ ഉടമകളുടെ രാഷ്ട്രീയ വാരികയായ കേരള ശബ്ദം വാരികയ്ക്ക് വേണ്ടി ചിത്രങ്ങളെടുത്തിരുന്നതും കൊല്ലം മോഹനായിരുന്നു. കേരളശബ്ദം വാരികയിലൂടെ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരുടെ ചിത്രങ്ങളും വാർത്താ ചിത്രങ്ങളും പകർത്തിക്കൊണ്ടാണ് അദ്ദേഹം തന്റെ കരിയർ വിപുലപ്പെടുത്തിയത്. 


ഫിലിം റോളുകളിൽ ചിത്രങ്ങളെടുത്ത്, അവ ഡാർക്ക് റൂമിൽ പ്രോസസ്സ് ചെയ്ത് പ്രിന്റുകളാക്കി മാറ്റിയിരുന്ന കാലത്തെ കഠിനാധ്വാനിയായ ഫോട്ടോഗ്രാഫർമാരുടെ തലമുറയിലെ പ്രധാനിയായിരുന്നു കൊല്ലം മോഹൻ.

മലയാള സിനിമയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾക്ക് സാക്ഷിയാവുകയും, തന്റെ ക്യാമറയിലൂടെ അവയെ രേഖപ്പെടുത്തുകയും ചെയ്ത ഒരു കലാകാരനെയാണ് കൊല്ലം മോഹന്റെ അപ്രതീക്ഷിത വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. അപകടവാർത്തയറിഞ്ഞ് സിനിമാ-മാധ്യമ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

 

Get more updates from Pudukad News on Google