തെക്കൻ ഗാസയിലെ നാസർ ആശുപത്രിക്ക് നേരെ നടന്ന ഇസ്രായേൽ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത്

കുവൈത്ത്: തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുള്ള നാസർ ആശുപത്രിക്ക് നേരെ ഇസ്രായേൽ അധിനിവേശ സൈന്യം നടത്തിയ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു.
നിരവധി പേരുടെ മരണത്തിനും പരിക്കിനും ഇടയാക്കിയ ഈ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
സാധാരണക്കാരെയും ആരോഗ്യ സംവിധാനങ്ങളെയും ലക്ഷ്യമിട്ട് ഇസ്രായേൽ അധിനിവേശ സൈന്യം നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്നതായി മന്ത്രാലയം അറിയിച്ചു.
ഇത്തരം ആക്രമണങ്ങൾ തടയുന്നതിനും, സാധാരണക്കാരുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും, വെടിനിർത്തൽ കരാർ നിലനിർത്തുന്നതിനും അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു.
കൂടാതെ, പലസ്തീൻ ജനതയ്ക്കും അവരുടെ നിയമാനുസൃതമായ അവകാശങ്ങൾക്കും കുവൈത്തിന്റെ ഉറച്ച പിന്തുണ വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി.
1967-ലെ അതിർത്തികൾ പ്രകാരം കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് ഇവയിൽ ഏറ്റവും പ്രധാനമെന്നും പ്രസ്താവനയിൽ പറയുന്നു.




