തുടർച്ചയായി എട്ട് വർഷം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഇൻഡോറിന്റെ റെക്കോർഡ് തകർത്ത് മഹാരാഷ്ട്രയിലെ നവി മുംബൈ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടു; സ്വച്ഛ് സർവേക്ഷൻ 2025-26 ഫലങ്ങൾ പ്രഖ്യാപിച്ചപ്പോൾ സൂറത്ത് രണ്ടാമതും വിജയ്വാഡ മൂന്നാമതും എത്തി

ഡല്‍ഹി: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന എട്ട് വര്‍ഷത്തെ ഇന്‍ഡോറിന്റെ റെക്കോര്‍ഡ് തകര്‍ത്ത് മഹാരാഷ്ട്രയിലെ നവി മുംബൈ ഒന്നാം സ്ഥാനം സ്വന്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷിക നഗര ശുചിത്വ സര്‍വേയായ ‘സ്വച്ഛ് സര്‍വേക്ഷന്‍ 2025-26’ പ്രകാരമുള്ള ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി നവി മുംബൈയെ തിരഞ്ഞെടുത്തു.
ഗുജറാത്തിലെ സൂറത്ത് രണ്ടാമതും ആന്ധ്രാപ്രദേശിലെ വിജയ്വാഡ മൂന്നാമതും എത്തിയപ്പോള്‍, നവീകരിച്ച ‘സ്വച്ഛ് ഷെഹര്‍ ജോഡി’ വിഭാഗത്തിലാണ് ഇന്‍ഡോര്‍ മത്സരിച്ചത്. നവംബര്‍ 11-ന് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പുരസ്കാരങ്ങള്‍ സമ്മാനിച്ചു.
രാജ്യത്തുടനീളമുള്ള 4,700-ലധികം നഗര ഭരണസമിതികളാണ് ഈ വര്‍ഷത്തെ സര്‍വേയില്‍ പങ്കെടുത്തത്. ഇന്‍ഡോര്‍ ഒന്നാം സ്ഥാനത്തുനിന്ന് താഴേക്ക് പോയതല്ല, മറിച്ച് മികച്ച നഗരങ്ങള്‍ പിന്നോക്കം നില്ക്കുന്ന നഗരങ്ങളെ ശുചിത്വത്തില്‍ സഹായിക്കുന്നതിനായി കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം പുതുതായി ആരംഭിച്ച ‘സ്വച്ഛ് ഷെഹര്‍ ജോഡി’ (ടൗണ്‍ഷിപ്പ് മെന്റര്‍ഷിപ്പ്) വിഭാഗത്തിലാണ് ഇന്‍ഡോര്‍ പങ്കെടുത്തത്.
പങ്കാളി നഗരമായ ദേപാല്പൂരിനൊപ്പം ഈ വിഭാഗത്തില്‍ ഇന്‍ഡോര്‍ രണ്ടാം സ്ഥാനം നേടിയപ്പോള്‍, അഹമ്മദാബാദും സാനന്ദും ഒന്നാം സ്ഥാനത്തെത്തി. മെന്റര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ശുചിത്വ സൂചകങ്ങളില്‍ വലിയ പുരോഗതിയുണ്ടായതായി മന്ത്രാലയം വ്യക്തമാക്കി.
വീടുകളില്‍ നിന്നുള്ള മാലിന്യ ശേഖരണം 52 ശതമാനത്തില്‍ നിന്ന് 74 ശതമാനമായും, ഉറവിടത്തില്‍ തന്നെ മാലിനം തരംതിരിക്കുന്നത് 16 ശതമാനത്തില്‍ നിന്ന് 30 ശതമാനമായും ഉയര്‍ന്നു.
ജനസംഖ്യാടിസ്ഥാനത്തിലുള്ള വിവിധ വിഭാഗങ്ങളില്‍ വിശാഖപട്ടണം, ഉജ്ജൈന്‍, ദേവാസ്, വിറ്റ എന്നിവയും, നദീതീര നഗരങ്ങളില്‍ രേവയും, തീരദേശ നഗരങ്ങളില്‍ ഒഡീഷ്യയിലെ പുരിയും (ആലപ്പുഴ രണ്ടാമതെത്തി), ഹിമാലയന്‍ നഗരങ്ങളില്‍ ഉത്തരാഖണ്ഡിലെ രുദ്രപൂറും മികച്ച നഗരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
3,000-ലധികം പരിശീലനം സിദ്ധിച്ച വിലയിരുത്തല്‍ വിദഗ്ധരും ജി.പി.എസ് നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ച് പൂര്‍ണ്ണമായും ഡിജിറ്റലായാണ് ഈ വര്‍ഷത്തെ സര്‍വേ പൂര്‍ത്തിയാക്കിയത്.




