Skip to content
November 15, 2026
⌕

‘പിതാവ് അറിയാതെ മുൻപും കാറും ബൈക്കും ഓടിച്ചിട്ടുണ്ട്’ ; ചേരാനല്ലൂർ കേസിൽ മൊഴി നൽകി 17കാരൻ വാഹനം ഉപയോഗിച്ച് സ്കൂളിൽ പോയിട്ടുണ്ടെന്നും മൊഴി

November 13, 2026
Share this post to

കൊച്ചി: വാഹനാപകടത്തിൽ ചേരാനല്ലൂർ സ്വദേശി ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ കാറോടിച്ച 17 കാരന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണ സംഘം. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടുന്ന കേസുകളിൽ നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കണമെന്ന കോടതി നിർദേശത്തെ തുടർന്നാണ് ഈ നടപടി. 


താൻ ആദ്യമായിട്ടല്ല വാഹനം ഓടിക്കുന്നതെന്നും ഇതിനു മുൻപും കാറും ബൈക്കും ഓടിച്ചിട്ടുണ്ടെന്നും 17 കാരൻ അന്വേഷണ സംഘത്തിനു മൊഴി നൽകിയതാണു വിവരം. 


ഈ വാഹനം ഉപയോഗിച്ചു താൻ മുൻപും സ്കൂളിൽ പോയിട്ടുണ്ടെന്നും കുട്ടി സമ്മതിച്ചു. പക്ഷേ, പിതാവ് അറിയാതെയാണ് വാഹനങ്ങൾ ഓടിച്ചിരുന്നതെന്നാണ് കുട്ടി വ്യക്തമാക്കിയത്.


ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയാറാക്കുന്നതിന്റെ ഭാഗമായി, കോടതി അനുമതിയോടെയാണ് ഈ മൊഴിയെടുക്കൽ പൂർത്തിയാക്കിയത്. ഈ റിപ്പോർട്ട് ഉടൻ തന്നെ അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും. 


ജുവനൈൽ ജസ്റ്റിസ് ബോർഡും സെഷൻസ് കോടതിയും ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജയബാലകൃഷ്ണന്റെ കുടുംബം നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.


കഴിഞ്ഞ ഒക്ടോബർ 25-ന് പുലർച്ചെ രണ്ടരയോടെ ചേരാനല്ലൂർ കണ്ടെയ്‌നർ റോഡിൽവച്ചായിരുന്നു കേസിനാസ്പദമായ അപകടം. ശക്തമായ മഴയത്ത് അമിതവേഗത്തിൽ ബെൻസ് കാർ ഓടിച്ച 17 കാരൻ ജയബാലകൃഷ്ണൻ സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ജയബാലകൃഷ്ണൻ അന്നു തന്നെ മരിച്ചു. 


കുട്ടിയുടെ മൊബൈൽ ഫോണിൽനിന്ന് ലഭിച്ച ദൃശ്യങ്ങളും, ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴിയും സിസിടിവി ദൃശ്യങ്ങളും ഇൻസ്റ്റാഗ്രാം റീലുകളും അടക്കം നിരവധിയായ തെളിവുകൾ പൊലീസ് മുൻപേ ശേഖരിച്ചിട്ടുണ്ട്. 

കാറിന്റെ ഉടമയായ അഡീഷനൽ ജില്ലാ ജഡ്ജിയെയും കേസിൽ പ്രതിചേർത്തിരുന്നു. മകൻ സ്ഥിരമായി വാഹനങ്ങൾ ഓടിക്കുന്നയാളാണെങ്കിൽ അത് വീട്ടുകാർ അറിഞ്ഞിട്ടുണ്ടാകും എന്ന നിലപാടിലാണ് അന്വേഷണ സംഘം.

Get more updates from Pudukad News on Google