എഐ കാലത്ത് ഫോണുകളെ വിശ്വസിക്കാനാകില്ല; രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തൽ ആരോപണത്തെ പിന്തുണച്ച് അഖിലേഷ് യാദവ് | Akhilesh Yadav Rahul Gandhi Phone Tapping

എഐയുടെ കാലത്ത് ഫോണുകളെയും ആധുനിക സാങ്കേതികവിദ്യയെയും പൂർണമായി വിശ്വസിക്കാനാകില്ലെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഫോൺ ചോർത്തുന്നുണ്ടെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ സാങ്കേതികവിദ്യ ഉപയോഗിച്ച് എന്തും സാധ്യമാണെന്നും അഖിലേഷ് പറഞ്ഞു. (Akhilesh Yadav Rahul Gandhi Phone Tapping)
നേരത്തെ, പ്രധാനമന്ത്രി തന്റെ ഫോൺ ചോർത്തുന്നുണ്ടെന്നും വിദേശശക്തികളുടെ നിയന്ത്രണത്തിലുള്ളത് ആരാണെന്ന കാര്യം പരസ്യമായ സംവാദത്തിലൂടെ വ്യക്തമാക്കാൻ മോദി തയ്യാറാകണമെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പ്രധാനമന്ത്രിയുടെ അറിവിലുണ്ടെന്നും രാഹുൽ അവകാശപ്പെട്ടു. ഈ ആരോപണങ്ങളെയാണ് അഖിലേഷ് പിന്തുണച്ചത്. അതേസമയം, ഉത്തർപ്രദേശിലെ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നും 1.27 കോടി പേരുകൾ പട്ടികയിൽനിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും അഖിലേഷ് ആരോപിച്ചു. സമാജ്വാദി പാർട്ടിയുടെ വോട്ടുകൾ ലക്ഷ്യമിട്ട് നീക്കം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരുകൾക്ക് പകരം മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ളവരെ എത്തിച്ച് വോട്ടർമാരായി രജിസ്റ്റർ ചെയ്യാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ആരോപിച്ചു.
മധ്യപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ഛത്തീസ്ഗഢ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ആളുകളെ ഉത്തർപ്രദേശിലെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ നീക്കമുണ്ടെന്നാണ് അഖിലേഷിന്റെ ആരോപണം. വോട്ടർ പട്ടികയിൽനിന്ന് പേര് ഒഴിവാക്കപ്പെട്ടവർ വോട്ടെടുപ്പ് ദിവസം ബൂത്തിലെത്തുമ്പോൾ വോട്ട് രേഖപ്പെടുത്താനാകാത്ത സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Summary: Samajwadi Party chief Akhilesh Yadav backed Rahul Gandhi’s phone-tapping allegation against Prime Minister Narendra Modi, saying technology cannot be trusted in the age of AI. Yadav also accused the BJP of manipulating voter lists in Uttar Pradesh and proposed biometric voter cards.




