Skip to content
November 15, 2026
⌕

ഓരോ മഴയും ഗാസയ്ക്ക് പുതിയ ദുരിതം; വൈദ്യുതിയും ആരോഗ്യസേവനങ്ങളും തകരാറിലാകുമെന്ന് ആശങ്ക | Gaza Heavy Rainfall

November 13, 2026
Share this post to
Gaza Heavy Rainfall

ഗാസയിൽ കനത്ത മഴയും വെള്ളക്കെട്ടും ജനജീവിതം കൂടുതൽ ദുഷ്കരമാക്കുന്നു. താമസകേന്ദ്രങ്ങളിൽ വെള്ളം കയറുന്നതിന് പുറമെ സോളാർ വൈദ്യുതി സംവിധാനങ്ങൾക്കും ആരോഗ്യരംഗത്തെ ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്. ഇസ്രയേലിന്റെ ഉപരോധം തുടരുന്നതിനിടെ ആവശ്യത്തിന് സുരക്ഷിതമായ താമസസൗകര്യങ്ങളോ അടിസ്ഥാന സംവിധാനങ്ങളോ ഇല്ലാത്തവരാണ് മഴക്കെടുതിയുടെ ആഘാതം നേരിടുന്നത്. (Gaza Heavy Rainfall)

അഭയാർഥി ക്യാമ്പുകളിലെ താൽക്കാലിക ടെന്റുകളിലേക്ക് മഴവെള്ളം കയറിയതോടെ രാത്രിയിൽ ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ്. ഒട്ടനവധി ഇലക്ക്‌ട്രിക്ക് ഉപകരണങ്ങളും വെള്ളം കയറി പ്രവർത്തനരഹിതമായി. വൈദ്യുതി സേവനങ്ങൾ നിലനിർത്താൻ ശ്രമിക്കുന്ന കമ്പനികളും പ്രതിസന്ധിയിലാണ്. അബു സായിദ് ഇലക്ട്രിസിറ്റി കമ്പനിയുടെ ചില കേന്ദ്രങ്ങളിൽ വെള്ളം കയറി ഉപകരണങ്ങൾക്കും ജനറേറ്ററുകൾക്കും കേടുപാടുകൾ സംഭവിച്ചു. ഷോർട്ട് സർക്യൂട്ടും വൈദ്യുതാഘാതവും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ചില കേന്ദ്രങ്ങളിലെ സേവനം താൽക്കാലികമായി നിർത്തിവച്ചു. ഉപകരണങ്ങൾ പ്ലാസ്റ്റിക് ഷീറ്റുകളും ടാർപോളിനും ഉപയോഗിച്ച് മൂടുകയും തുറന്നുകിടക്കുന്ന വയറുകൾ സുരക്ഷിതമാക്കുകയും ചെയ്തിരുന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ വ്യാപകമായ നാശം പ്രതിരോധപ്രവർത്തനങ്ങളെ ബാധിച്ചതായി കമ്പനി ജനറൽ മാനേജർ അയ ഷഹീൻ പറഞ്ഞു.

യൂണിസെഫിന്റെ കണക്കനുസരിച്ച്, അടുത്തിടെയുണ്ടായ മഴ 1.06 ലക്ഷത്തിലധികം പേരെ ബാധിച്ചു. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ ഏകദേശം 9.5 ലക്ഷം കുടിയിറക്കപ്പെട്ടവർ കഴിയുന്നുണ്ട്. ഇതിൽ നാല് ലക്ഷം പേർ ഉയർന്ന അപകടസാധ്യതയുള്ള മേഖലകളിലാണ്. യുദ്ധത്തിനിടെ ഗാസയിലെ വൈദ്യുതി ഉൽപ്പാദന-വിതരണ സംവിധാനങ്ങളുടെ 80 ശതമാനവും നശിക്കുകയോ പ്രവർത്തനരഹിതമാകുകയോ ചെയ്തതായി ലോകബാങ്ക്, ഐക്യരാഷ്ട്രസഭ, യൂറോപ്യൻ യൂണിയൻ എന്നിവയുടെ സംയുക്ത വിലയിരുത്തൽ വ്യക്തമാക്കുന്നു. മഴവെള്ളം സോളാർ സംവിധാനങ്ങളിലെ ബാറ്ററികൾക്കും ഇൻവെർട്ടറുകൾക്കും കേടുപാടുകൾ വരുത്തുകയും ഷോർട്ട് സർക്യൂട്ടിനും തുരുമ്പെടുക്കലിനും കാരണമാകുകയും ചെയ്യുമെന്ന് ഊർജ സംവിധാന വിദഗ്ധരുടെ മുന്നറിയിപ്പുണ്ട്.

മഴയ്ക്ക് പിന്നാലെ വീടുകളിലെയും അഭയാർഥി ക്യാമ്പുകളിലെയും സോളാർ സംവിധാനങ്ങളുടെ തകരാറുകൾ 40 മുതൽ 50 ശതമാനത്തിലധികം വർധിച്ചതായാണ് കണക്ക്. ആശുപത്രികളിലെ ഓപ്പറേഷൻ തിയറ്ററുകൾ, ഓക്സിജൻ ജനറേറ്ററുകൾ, രോഗികളുടെ ആരോഗ്യനില നിരീക്ഷിക്കുന്ന ഉപകരണങ്ങൾ, ലബോറട്ടറി സംവിധാനങ്ങൾ എന്നിവയിലേക്കും വെള്ളമെത്തുന്നത് ഗുരുതരമായ ഭീഷണിയാണ്. അടിസ്ഥാന സൗകര്യങ്ങൾ തകർന്ന ഗാസയിൽ മഴക്കാലം വൈദ്യുതി ലഭ്യതയെയും ആരോഗ്യപരിചരണത്തെയും കൂടുതൽ അപകടത്തിലാക്കുകയാണ്.

Summary: Heavy rainfall in Gaza is flooding shelters, damaging solar power systems and disrupting electricity services. The damage also threatens hospital equipment and essential healthcare as displaced families face another difficult winter amid widespread infrastructure destruction.

Get more updates from Pudukad News on Google