കിംസ് ഹെൽത്തിൽ ഡാവിഞ്ചി എക്സ്ഐ റോബോട്ടിക് സർജറി സംവിധാനം ഉദ്ഘാടനം ചെയ്തു | KIMSHEALTH

തിരുവനന്തപുരം: അത്യാധുനിക ഡാവിഞ്ചി എക്സ്ഐ (da Vinci Xi) റോബോട്ടിക് സർജറി സംവിധാനം അവതരിപ്പിച്ച് കിംസ് ഹെൽത്ത് (KIMSHEALTH). സംഗീത സംവിധായകനും ഗായകനുമായ ഷാൻ റഹ്മാൻ സംവിധാനം ഉദ്ഘാടനം ചെയ്തു. കിംസ് ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആസ്റ്റർ ഡി.എം. ക്വാളിറ്റി കെയർ ഇന്ത്യയുടെ ത്രീ ക്ലസ്റ്റർ സിഇഒ വിശാൽ മഹേശ്വരി മുഖ്യപ്രഭാഷണം നടത്തി.
ചെറിയ മുറിവുകളിലൂടെ സങ്കീർണ്ണമായ ശസ്ത്രക്രിയകൾ കൂടുതൽ കൃത്യതയോടെ നടത്താൻ ശസ്ത്രക്രിയാ വിദഗ്ധരെ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് റോബോട്ടിക് സർജറി. മിനിമലി ഇൻവേസീവ് അഥവാ കീഹോൾ ശസ്ത്രക്രിയാ രീതിയിൽ റോബോട്ടിക് സംവിധാനവും ഡോക്ടറുടെ വൈദഗ്ധ്യവും സംയോജിപ്പിച്ചാണ് ചികിത്സ നടത്തുന്നത്.
വേദന, രക്തനഷ്ടം, അണുബാധയ്ക്കുള്ള സാധ്യത, ആശുപത്രിവാസം എന്നിവ കുറയ്ക്കാനും ചെറിയ മുറിവുകളിലൂടെ ശസ്ത്രക്രിയ നടത്താനും വേഗത്തിൽ സുഖം പ്രാപിക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന് കിംസ് ഹെൽത്ത് അറിയിച്ചു. യൂറോളജി, ഗൈനക്കോളജി, സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, കാർഡിയോതൊറാസിക് സർജറി, സർജിക്കൽ ഓങ്കോളജി, ജനറൽ സർജറി, ഇ.എൻ.ടി തുടങ്ങിയ വിഭാഗങ്ങളിൽ സംവിധാനം പ്രയോജനപ്പെടുത്താനാകും.
നാല് മാസത്തിനിടെ 100 റോബോട്ടിക് ശസ്ത്രക്രിയകൾ
ലോകോത്തര നിലവാരത്തിലുള്ള ശസ്ത്രക്രിയാ സൗകര്യങ്ങളും നൂതന ചികിത്സാരീതികളും രോഗികൾക്ക് ലഭ്യമാക്കാനുള്ള കിംസ് ഹെൽത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് പുതിയ സംവിധാനമെന്ന് ഡോ. എം.ഐ. സഹദുള്ള പറഞ്ഞു. ഇതുവരെ 100 റോബോട്ടിക് ശസ്ത്രക്രിയകൾ പൂർത്തിയാക്കാൻ കിംസ് ഹെൽത്തിന് സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യരംഗത്ത് സാങ്കേതികവിദ്യ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്ന കാലഘട്ടത്തിൽ നൂതന ശസ്ത്രക്രിയാ സംവിധാനങ്ങൾ രോഗികളിലേക്ക് എത്തിക്കുന്ന കിംസ് ഹെൽത്തിന്റെ ശ്രമം അഭിനന്ദനാർഹമാണെന്ന് ഷാൻ റഹ്മാൻ പറഞ്ഞു.
നാല് മാസത്തിനിടെ 100 റോബോട്ടിക് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയത് മെഡിക്കൽ സംഘത്തിന്റെ നേട്ടമാണെന്ന് വിശാൽ മഹേശ്വരി പറഞ്ഞു. 39 ആശുപത്രികളുള്ള ശൃംഖലയിൽ ആകെ 10 ഡാവിഞ്ചി റോബോട്ടുകളുണ്ടെന്നും അവയിൽ ആറെണ്ണം നൂതന എക്സ്ഐ മോഡലുകളാണെന്നും അദ്ദേഹം അറിയിച്ചു.
കിംസ് ഹെൽത്ത് യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റും കോ-ഓർഡിനേറ്ററുമായ ഡോ. റെനു തോമസ് സ്വാഗതം ആശംസിച്ചു. യൂറോ-ഓങ്കോളജി ആൻഡ് റോബോട്ടിക് സർജൻ ഡോ. നസറെത്ത് സോളമൻ ഡാവിഞ്ചി എക്സ്ഐ സംവിധാനത്തെക്കുറിച്ച് വിശദീകരിച്ചു. ട്രാൻസ്പ്ലാന്റ് സർവീസസ് ഡയറക്ടറും ഹെപ്പറ്റോബിലിയറി, പാൻക്രിയാറ്റിക്, ലിവർ ട്രാൻസ്പ്ലാന്റ് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റുമായ ഡോ. ഷബീർ അലി ടി.യു. നന്ദി രേഖപ്പെടുത്തി.
Story Summary:
KIMSHEALTH has inaugurated the da Vinci Xi robotic surgery system in Thiruvananthapuram. Music director and singer Shaan Rahman inaugurated the facility at a function presided over by Dr. M.I. Sahadulla. The hospital said it has completed 100 robotic surgeries in four months. The system is intended to support minimally invasive procedures across several medical specialties.




