ഓട്ടോ ചാർജ് വർദ്ധിപ്പിക്കാമെങ്കിൽ ബസ് ചാർജ് എന്തുകൊണ്ട് വർദ്ധിപ്പിച്ചു കൂടാ. ബസ് ചാർജ് വർദ്ധനവിൽ അനുകൂല തീരുമാനമില്ലെങ്കിൽ സംയുക്ത സമരത്തിനിറങ്ങുമെന്ന് ബസ്സുടമകൾ. കഴിഞ്ഞ 15 വർഷമായി തുടരുന്ന കൺസെഷൻ സമ്പ്രദായത്തിൽ കാലോചിതമായ മാറ്റം വരുത്തണമെന്നും ആവശ്യം

കോട്ടയം: ഓട്ടോ ചാർജ് വർദ്ധിപ്പിക്കാമെങ്കിൽ ബസ് ചാർജ് എന്തുകൊണ്ട് വർദ്ധിപ്പിച്ചു കൂടാ. ബസ് ചാർജ് വർദ്ധിപ്പിക്കില്ലെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധവുമായി സ്വകാര്യ ബസ്സുടമകൾ രംഗത്ത്.
നിരക്ക് വർദ്ധനവില്ലാതെ ഇനി ഒരു ദിവസം പോലും സർവീസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും, സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ എല്ലാ ബസ് ഉടമ സംഘടനകളും ചേർന്ന് സംയുക്തമായി സമരരംഗത്തേക്ക് ഇറങ്ങുമെന്നും ബസ് ഉടമകൾ വ്യക്തമാക്കി.
നാല് വർഷം മുൻപ് നിരക്ക് കൂട്ടിയ ഓട്ടോ-ടാക്സി തൊഴിലാളികൾക്ക് പ്രവർത്തനച്ചെലവ് പരിഗണിച്ച് വീണ്ടും ചാർജ് വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാകുമ്പോൾ, നാലര വർഷം മുൻപ് നിരക്ക് കൂട്ടിയ സ്വകാര്യ ബസ്സുകളെ അവഗണിക്കുന്നത് എന്തിനാണെന്നാണ് ബസ്സുടമകളുടെ ചോദ്യം.
ഇന്ധനവില, ഓയിൽ, സ്പെയർ പാർട്സ്, ടയർ, ബസ്സിന്റെയും ഷാസിയുടെയും വില തുടങ്ങി ബസ് നടത്തിപ്പിന്റെ എല്ലാ മേഖലകളിലും ഭീമമായ വിലവർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ നിലവിലെ നഷ്ടം നികത്താൻ യാത്രാനിരക്ക് വർദ്ധിപ്പിക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്നും ഉടമകൾ ചൂണ്ടിക്കാട്ടുന്നു.
വർദ്ധിച്ചുവരുന്ന പ്രവർത്തനച്ചെലവിന് ആനുപാതികമായി സ്വകാര്യ ബസ്സുകളുടെ യാത്രാനിരക്ക് അടിയന്തരമായി വർദ്ധിപ്പിക്കുക.
കഴിഞ്ഞ 15 വർഷമായി തുടരുന്ന കൺസെഷൻ സമ്പ്രദായത്തിൽ കാലോചിതമായ മാറ്റം വരുത്തുക.
നിലവിലെ ഒരു രൂപ നിരക്ക് മാറ്റി, വിവിധ കമ്മീഷനുകൾ ശുപാർശ ചെയ്തതുപോലെ വിദ്യാർത്ഥികളുടെ മിനിമം ചാർജ് 5 രൂപയാക്കുകയും, യാത്രാനിരക്കിന്റെ 50 ശതമാനം കൺസെഷൻ നിരക്കായി നിശ്ചയിക്കുകയും ചെയ്യുക എന്നിവയാണ് ബസ് ഉടമകൾ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങൾ.
ഈ രണ്ട് പ്രധാന വിഷയങ്ങളിലും സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ സംസ്ഥാനത്തെ സ്വകാര്യ ബസ് സർവീസുകൾ പൂർണ്ണമായും സ്തംഭിക്കുന്ന രീതിയിലുള്ള സമരത്തിലേക്ക് നീങ്ങേണ്ടി വരുമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ മുന്നറിയിപ്പ് നൽകി.




