കൂത്താളിയിൽ ജപ്തിക്കിടെ മരിച്ച കവിതയുടെ പോസ്റ്റ്‌മോർട്ടം ഇന്ന്; ബാങ്കിനെതിരെ ബന്ധുക്കളുടെ ആരോപണം | Koothali Kavitha death

കോഴിക്കോട്: പേരാമ്പ്രയിൽ ബാങ്കിന്റെ ജപ്തി നടപടികൾക്കിടെ മരിച്ച നിലയിൽ കണ്ടെത്തിയ കവിതയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും (Koothali Kavitha death). കൂത്താളി കൊയ്യോടൻകണ്ടി സ്വദേശി ബാബുവിന്റെ ഭാര്യയായ കവിതയെ വീടിനോട് ചേർന്നുള്ള പഴയ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജപ്തി നടപടികൾക്കായി ബാങ്ക് ഉദ്യോഗസ്ഥരും പൊലീസും വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.
വായ്പ തിരിച്ചടയ്ക്കാൻ ഏതാനും ദിവസത്തെ സാവകാശം ആവശ്യപ്പെട്ടിട്ടും ബാങ്ക് അനുവദിച്ചില്ലെന്നും ഇതിലുണ്ടായ മനോവിഷമത്തിലാണ് കവിത ജീവനൊടുക്കിയതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ബാങ്കിന്റെ വിശദീകരണം ലഭ്യമായിട്ടില്ല.
വായ്പാ ബാധ്യത 50 ലക്ഷമായെന്ന് കുടുംബം
കുടുംബം ആകെ 17 ലക്ഷം രൂപയാണ് വായ്പയെടുത്തിരുന്നതെന്നാണ് ബന്ധുക്കൾ പറയുന്നത്. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് വായ്പാ ബാധ്യത പലിശയടക്കം 50 ലക്ഷം രൂപയായി വർധിച്ചെന്നും കുടുംബം ആരോപിക്കുന്നു. പിന്നീട് ഒത്തുതീർപ്പിന്റെ ഭാഗമായി തുക 37 ലക്ഷം രൂപയായി കുറച്ചിരുന്നു.
ഇതിൽ അഞ്ച് ലക്ഷം രൂപ അടിയന്തരമായി തിരിച്ചടയ്ക്കണമെന്ന് ബാങ്ക് ആവശ്യപ്പെട്ടതായും കുടുംബം പറയുന്നു. തുക അടയ്ക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടും ബാങ്ക് സാവകാശം അനുവദിച്ചില്ലെന്നാണ് ബന്ധുക്കളുടെ പരാതി.
ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ലെന്നും ആരോപണം
ജപ്തി നടപടികൾക്കായി ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോഴാണ് കവിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരെ ആശുപത്രിയിലെത്തിക്കാൻ ബാങ്ക് ഉദ്യോഗസ്ഥർ തയ്യാറായില്ലെന്ന ആരോപണവും നാട്ടുകാർ ഉയർത്തുന്നുണ്ട്. ഈ ആരോപണങ്ങളിൽ ബാങ്കിന്റെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.
രാവിലെ പത്തുമണിയോടെ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിക്കും. നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Story Summary:
The post-mortem examination of Kavitha, who was found dead during bank attachment proceedings at her home in Koothali, Kozhikode, is scheduled for today. Her relatives allege that the bank did not grant additional time to repay the loan. The family claims that a loan of ₹17 lakh increased to ₹50 lakh during the COVID-related financial crisis and was later reduced to ₹37 lakh as part of a settlement. The bank’s response to the allegations is awaited.




