വായിലിട്ട പടക്കം പൊട്ടിത്തെറിച്ചു; ഛത്തീസ്ഗഢിൽ രണ്ട് വയസുകാരന് ദാരുണാന്ത്യം | Chhattisgarh firecracker accident

ഛത്തീസ്ഗഢിലെ സർഗുജ ജില്ലയിൽ പടക്കം വായിൽവെച്ച് പൊട്ടിത്തെറിച്ച് രണ്ട് വയസുകാരന് ദാരുണാന്ത്യം. നവംബർ ഒൻപതിന് സീതാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നവാപാര ഗ്രാമത്തിലായിരുന്നു അപകടം. ആദിത്യ എന്ന കുട്ടിയാണ് മരിച്ചത്. അയൽവാസികളായ കുട്ടികൾ ‘ലഹ്‌സുൻ’ എന്നറിയപ്പെടുന്ന വെളുത്തുള്ളിയുടെ ആകൃതിയിലുള്ള പോപ്പ്-പോപ്പ് പടക്കങ്ങൾ പൊട്ടിച്ചുകളിക്കുകയായിരുന്നു. ഇതിനിടെ നിലത്തുകിടന്ന ചെറിയ പാക്കറ്റ് ആദിത്യ എടുത്ത് വായിലിടുകയായിരുന്നു. പടക്കം വായ്ക്കുള്ളിൽവെച്ച് പൊട്ടിത്തെറിച്ചതോടെ മോണയ്ക്ക് പരിക്കേൽക്കുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തു. (Chhattisgarh firecracker accident)
സംഭവത്തെക്കുറിച്ച് മറ്റു കുട്ടികളാണ് കുടുംബത്തെ അറിയിച്ചത്. ആദ്യം കുട്ടിയെ സീതാപൂരിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. രക്തസ്രാവം നിലച്ചതോടെ വീട്ടിലേക്ക് മടങ്ങിയെങ്കിലും അടുത്ത ദിവസം വീണ്ടും രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നവംബർ 11ന് ഉച്ചയോടെ അംബികാപൂരിലെ മിഷൻ ആശുപത്രിയിലേക്ക് മാറ്റി. അന്ന് രാത്രി ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കുട്ടിയുടെ തൊണ്ടയ്ക്കുള്ളിൽ പടക്കത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായും പിതാവ് പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് റിപ്പോർട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
Summary: A two-year-old boy died in Chhattisgarh’s Surguja district after a pop-pop firecracker exploded inside his mouth. The child had reportedly picked up a packet of crackers while playing near other children. Police have registered an accidental death report and are investigating.




