കൊച്ചിയിലെ വഴിയോരക്കടയിലെ ബീഫ് വിൽപ്പനയിൽ ‘വേദന’ പങ്കുവെച്ച് രാജസ്ഥാൻ സ്വദേശി. പ്രധാനമന്ത്രിയും യോഗി ആദിത്യനാഥും ഇടപെടണമെന്ന് ആവശ്യം. ബീഫ് വിഭവങ്ങളുടെ പട്ടികയും പാചകക്കുറിപ്പുകളും നിരത്തി മലയാളികളുടെ വക ട്രോൾ മഴ

കൊച്ചി: കൊച്ചിയിലെ ഒരു വഴിയോര ഭക്ഷണശാലയിൽ ബീഫ് വിഭവങ്ങൾ പരസ്യമായി വിൽക്കുന്നതിനെ വിമർശിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പിട്ട രാജസ്ഥാൻ സ്വദേശിക്ക് രസകരവും രൂക്ഷവുമായ മറുപടിയുമായി മലയാളികൾ.
സഞ്ജയ് ശർമ എന്ന യുവാവാണ് കേരളത്തിലെ ബീഫ് വിൽപ്പനയിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഫേസ്ബുക്കിൽ ചിത്രവും കുറിപ്പും പങ്കുവെച്ചത്.
വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അടിയന്തരമായി ഇടപെടണമെന്നും രാജ്യവ്യാപകമായി നടപടി സ്വീകരിക്കണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യം. പോസ്റ്റ് വൈറലായതോടെ ട്രോളുകളും വിമർശനങ്ങളുമായി മലയാളികൾ കമന്റ് ബോക്സ് കയ്യടക്കി.
“കൊച്ചിയിലെ ഈ കാഴ്ച എന്നെ ഏറെ വേദനിപ്പിച്ചു. കേരളത്തിലെ ഒരു വഴിയോര ഭക്ഷണശാലയിൽ യാതൊരു മറയുമില്ലാതെ ബീഫ് വിൽക്കുന്നു.
പശുവിനെ പരിശുദ്ധമായി കാണുകയും ഹൈന്ദവ പാരമ്പര്യത്തിൽ അഭിമാനിക്കുകയും ചെയ്യുന്ന രാജ്യത്ത് ഇത്തരമൊരു കാഴ്ച കാണുന്നത് വേദനാജനകമാണ്” എന്നായിരുന്നു സഞ്ജയ് ശർമയുടെ പോസ്റ്റ്.
രാജ്യത്തിന്റെ വിശ്വാസവും പാരമ്പര്യവും സംരക്ഷിക്കാൻ പ്രധാനമന്ത്രിയും യോഗി ആദിത്യനാഥും ഗൗരവമായി ഇടപെടണമെന്നും എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഇയാൾ ആവശ്യപ്പെട്ടു.
എന്നാൽ, പോസ്റ്റിന് താഴെ മലയാളികളുടെ ഭാഗത്തുനിന്ന് വൻ പ്രതികരണമാണ് ഉയർന്നത്. കേരളത്തിൽ എന്ത് ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം മലയാളികൾക്കാണെന്നും, മറ്റുള്ളവരുടെ ഭക്ഷണശീലങ്ങളിൽ ഇടപെടാൻ ആരെയും അനുവദിക്കില്ലെന്നും നിരവധി പേർ വ്യക്തമാക്കി.
കേരളത്തിൽ ജീവിക്കുന്ന സസ്യാഹാരികൾക്കുപോലും മറ്റുള്ളവർ ബീഫ് കഴിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ലെന്ന് പലരും ചൂണ്ടിക്കാട്ടി. ‘ബീഫ് കഴിച്ചുകൊണ്ടാണ് ഈ പോസ്റ്റ് വായിക്കുന്നത്’, ‘ബീഫ് എന്നാൽ പശുവിറച്ചി മാത്രമല്ലെന്ന് ആദ്യം മനസ്സിലാക്കണം’ തുടങ്ങിയ കമന്റുകളും ശ്രദ്ധേയമായി.
ബീഫ് ഫ്രൈ, ബീഫ് റോസ്റ്റ്, ബീഫ് സ്റ്റ്യൂ, പെപ്പർ ഫ്രൈ, ചില്ലി ബീഫ്, കപ്പയും ബീഫും, കപ്പ ബിരിയാണി തുടങ്ങി കേരളത്തിലെ തനത് ബീഫ് വിഭവങ്ങളുടെ നീണ്ട പട്ടിക നിരത്തിയായിരുന്നു ഭൂരിഭാഗം പേരുടെയും മറുപടി.
മറ്റു ചിലരാകട്ടെ സ്വാദിഷ്ടമായ ബീഫ് കറി തയ്യാറാക്കുന്നതിനുള്ള വിശദമായ പാചകക്കുറിപ്പുകളും കമന്റായി പങ്കുവെച്ചു. കേരളത്തിന് പുറമെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബീഫ് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും അവിടങ്ങളിൽ പോയി ഇത്തരം ചിത്രങ്ങൾ പകർത്താൻ ധൈര്യമുണ്ടോ എന്നും ചിലർ പരിഹസിച്ചു.
കഴിഞ്ഞ മാസം ഫോർട്ട് കൊച്ചിയിലെ കാശി ആർട്ട് കഫേയിൽ ബീഫ് വിളമ്പുന്നതിനെ വിമർശിച്ച് വീഡിയോ പങ്കുവെച്ച ‘ലിട്ടി ചോഖ’ എന്ന സമൂഹമാധ്യമ അക്കൗണ്ടിന്റെ ഉടമ അമൃത് സിങ് ഡാരനെതിരെയും വ്യാപക പ്രതിഷേധമുയർന്നിരുന്നു.
മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്നാരോപിച്ച് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിന്റെ ഭക്ഷണസംസ്കാരത്തെയും ഭക്ഷണസ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്തുകൊണ്ടുള്ള സഞ്ജയ് ശർമയുടെ പുതിയ പോസ്റ്റും വലിയ ചർച്ചയായിരിക്കുന്നത്.




