ബാലഗോകുലം പ്രസിദ്ധീകരണത്തിന്റെ സ്കോളർഷിപ്പ് പരീക്ഷ നിർത്തിവെക്കാൻ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ നിർദ്ദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടും. അനുമതി നൽകിയത് മന്ത്രി അറിയാതെയെന്ന് വിശദീകരണം. സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വി.കെ. സനോജ് എം.എൽ.എയും എസ്.എഫ്.ഐയും

തിരുവനന്തപുരം: ആർ.എസ്.എസ് ബന്ധമുള്ള ബാലഗോകുലം പ്രസിദ്ധീകരണത്തിന്റെ ബാനറിൽ സംസ്ഥാനത്തെ യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പ് പരീക്ഷ നടത്താനുള്ള നീക്കം വിവാദമായതോടെ പരീക്ഷ അടിയന്തരമായി നിർത്തിവെക്കാൻ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിർദ്ദേശം നൽകി.
മന്ത്രിയുടെ അറിവോ സമ്മതമോ ഇല്ലാതെ പൊതുവിദ്യാഭ്യാസ ഡയറക്ടർ പരീക്ഷയ്ക്ക് അനുമതി നൽകിയ സംഭവത്തിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനും വിദ്യാഭ്യാസ വകുപ്പിനോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
ബാലഗോകുലം പ്രസിദ്ധീകരണമായ ‘മയിൽപ്പീലി’യും ദേശീയ അധ്യാപക പരിഷത്തും (എൻ.ടി.യു) സംയുക്തമായാണ് ‘യങ് സ്കോളർ എക്സാം’ എന്ന പേരിൽ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പരീക്ഷ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. ദേശീയ അധ്യാപക പരിഷത്ത് ജനറൽ സെക്രട്ടറി ടി. അനൂപ് കുമാറിനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതിനുള്ള അനുമതി നൽകിയത്.
പരീക്ഷയുടെ വിവിധ ഘട്ടങ്ങൾ സ്കൂളുകളിൽ പുരോഗമിക്കുന്നതിനിടെയാണ് മാധ്യമവാർത്തകളിലൂടെ മന്ത്രി ഇക്കാര്യം അറിയുന്നത്. സർക്കാരിന്റെ നയപരമായ നിലപാടുകൾക്ക് വിരുദ്ധമാണോ എന്ന് പരിശോധിക്കാതെ ഉദ്യോഗസ്ഥർ സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുത്തതിൽ മന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തി.
സംഭവം പുറത്തുവന്നതിന് പിന്നാലെ സർക്കാരിനെതിരെ പ്രതിപക്ഷവും വിദ്യാർത്ഥി സംഘടനകളും രൂക്ഷവിമർശനവുമായി രംഗത്തെത്തി. യു.ഡി.എഫ് ഭരണകാലത്ത് ഇത്തരം നടപടികൾ ഉണ്ടാകുന്നതിൽ അത്ഭുതമില്ലെന്നും, കാലടി സമരമുൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് സംഘപരിവാർ വിധേയത്വമാണ് തെളിയിക്കുന്നതെന്നും വി.കെ. സനോജ് എം.എൽ.എ കുറ്റപ്പെടുത്തി.
സിസ തോമസിന് വേണ്ടിയാണ് റോജി എം. ജോൺ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭയിൽ ബി.ജെ.പിക്ക് മൂന്ന് എം.എൽ.എമാർ മാത്രമേയുള്ളൂവെങ്കിലും, കേരളത്തിലെ ഭരണസംവിധാനത്തിൽ ഇടപെടാനുള്ള ആർ.എസ്.എസ് അജണ്ട യാതൊരു തടസ്സവുമില്ലാതെ നടപ്പിലാക്കാൻ അവർക്ക് സാധിക്കുന്നുണ്ടെന്നും സനോജ് ആരോപിച്ചു.
അതേസമയം, വിഷയത്തിൽ മുസ്ലിം ലീഗിനെയും വിദ്യാഭ്യാസ മന്ത്രിയെയും പരിഹസിച്ച് എസ്.എഫ്.ഐയും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നതെങ്കിൽ ലീഗ് ഹൗസിൽ സി.എച്ച്. മുഹമ്മദ് കോയയുടെ ചിത്രത്തിന് പകരം സവർക്കറുടെ ചിത്രം വെക്കേണ്ടി വരുമെന്നായിരുന്നു എസ്.എഫ്.ഐയുടെ വിമർശനം.
നേരത്തെ ആരോഗ്യം, എക്സൈസ് വകുപ്പുകളിലും ഉദ്യോഗസ്ഥർ മന്ത്രിമാരറിയാതെ സ്വന്തം നിലയ്ക്ക് തീരുമാനങ്ങളെടുത്തത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.




