കാറിനടിയിൽ കുടുങ്ങിയ ഭിക്ഷാടകനെ രണ്ട് കിലോമീറ്ററോളം വലിച്ചിഴച്ചു; അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു, ഡ്രൈവർ കസ്റ്റഡിയിൽ

കൊല്ലം: കരുനാഗപ്പള്ളിയിൽ വാഹനാപകടത്തിൽപ്പെട്ട ഭിക്ഷാടകനെ കാറിനടിയിൽ രണ്ട് കിലോമീറ്ററിലധികം ദൂരം വലിച്ചിഴച്ചു കൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റ ഭിക്ഷാടകൻ പിന്നീട് മരിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ കാർ ഓടിച്ച കടത്തൂർ സ്വദേശി ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ അർധരാത്രിയോടെയാണ് കൊല്ലം വവ്വാക്കാവിൽ അപകടമുണ്ടായത്. ദേശീയപാതയിൽ നിന്ന് സമീപത്തെ റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ ഭിക്ഷാടകൻ കാറിന് മുന്നിൽപ്പെടുകയായിരുന്നു. കാറിന് മുന്നിൽ ഒരാൾ കുടുങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞിട്ടും ഡ്രൈവർ വാഹനം നിർത്താതെ രണ്ട് കിലോമീറ്ററിലധികം ദൂരം ഇയാളെ വലിച്ചിഴച്ചുകൊണ്ടുപോയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
അപകടത്തിന് പിന്നാലെ ഭിക്ഷാടകനെ മറ്റൊരിടത്ത് ഉപേക്ഷിച്ച ശേഷം ഷാജഹാൻ യാത്ര തുടരുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് പച്ചക്കറി വ്യാപാരം നടത്തുന്ന ഷാജഹാനാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തി.
സംഭവത്തിൽ ഷാജഹാനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. അപകടത്തിൽപ്പെട്ടയാളെ തിരിച്ചറിയാനുള്ള നടപടികളും തുടരുകയാണ്.




