ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ഒഴിവാക്കി ആരാധകരെ കണ്ട് അമിതാഭ് ബച്ചൻ; പിതാവിന് കാവലായി അഭിഷേക് | Amitabh Bachchan Sunday fan meet

മുംബൈയിലെ ജുഹുവിലുള്ള വസതിയായ ജൽസയ്ക്ക് മുന്നിൽ പതിവ് ഞായറാഴ്ച ആരാധകരെ കാണാനെത്തിയ അമിതാഭ് ബച്ചൻ ഇത്തവണ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് സുരക്ഷയില്ലാതെയാണ് പ്രത്യക്ഷപ്പെട്ടത്. മകൻ അഭിഷേക് ബച്ചൻ സമീപത്തുനിന്ന് പിതാവിനെയും ചുറ്റുപാടുകളെയും ശ്രദ്ധിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. (Amitabh Bachchan Sunday fan meet)
നവംബർ 15 ഞായറാഴ്ചയായിരുന്നു താരത്തിന്റെ ആരാധകരുമായുള്ള കൂടിക്കാഴ്ച. ഹൂഡിയും ബാൻഡാനയും ധരിച്ചെത്തിയ അമിതാഭ്, ഉയർത്തി ഒരുക്കിയ വേദിയിൽ നിന്നാണ് ആരാധകരെ അഭിവാദ്യം ചെയ്തത്. താരത്തെ കാണാൻ ജൽസയ്ക്ക് മുന്നിൽ പതിവുപോലെ നിരവധി ആരാധകരാണ് എത്തിയത്. എന്നാൽ രണ്ടാഴ്ച മുമ്പ്, നവംബർ ഒന്നിന് ആരാധകരെ കണ്ടപ്പോൾ അമിതാഭ് ബച്ചൻ പ്രത്യേക സുരക്ഷാ ക്രമീകരണത്തോടെയായിരുന്നു എത്തിയത്. അദ്ദേഹം നിന്നിരുന്ന ചക്രങ്ങളുള്ള സ്റ്റാൻഡിന്റെ മൂന്ന് വശങ്ങളിലും ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് സ്ഥാപിച്ചിരുന്നു. ഒക്ടോബർ 18ന് നടൻ ടൈഗർ ഷ്രോഫിന് നേരെയുണ്ടായ വെടിവെപ്പ് സംഭവത്തിന് പിന്നാലെയായിരുന്നു ഈ സുരക്ഷാ മുൻകരുതൽ.
ഒക്ടോബർ 23ന് മുംബൈ മേയർ ഋതു താവ്ഡെയുടെ ഓഫീസിലേക്ക് ലഭിച്ച ഭീഷണി ഇമെയിലിലും അമിതാഭിന്റെ വസതിയായ ജൽസയെ ലക്ഷ്യമിടുമെന്ന് പറഞ്ഞിരുന്നു. ഒക്ടോബർ 31നും നവംബർ 27നും ഇടയിൽ ജൽസയിൽ ആക്രമണം നടത്തുമെന്നായിരുന്നു ഭീഷണി. ഗായകൻ ദിൽജിത് ദോസാഞ്ജിന്റെ നവംബർ 27ലെ സംഗീത പരിപാടി നടക്കുന്ന വേദിയെയും ഇമെയിലിൽ പരാമർശിച്ചിരുന്നു. തുടർന്ന് ബന്ധപ്പെട്ട ഇടങ്ങളിൽ സുരക്ഷയും നിരീക്ഷണവും ശക്തമാക്കി. ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ഒഴിവാക്കിയത് സുരക്ഷാ ഏജൻസികളുടെ നിർദേശപ്രകാരമാണോ അതോ അമിതാഭ് ബച്ചന്റെ വ്യക്തിപരമായ തീരുമാനമാണോ എന്നത് വ്യക്തമല്ല. ടൈഗർ ഷ്രോഫിന് നേരെയുണ്ടായ വെടിവെപ്പിന്റെ ഉത്തരവാദിത്വം ലോറൻസ് ബിഷ്‌ണോയ് സംഘം ഏറ്റെടുത്തിരുന്നു. സൽമാൻ ഖാനുമായുള്ള ടൈഗറിന്റെ അടുപ്പമാണ് ആക്രമണത്തിന് കാരണമെന്ന് സംഘം അവകാശപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
Summary: Amitabh Bachchan greeted fans outside his Juhu residence without the bulletproof glass protection used during his November 1 appearance. His son Abhishek stayed close by as security concerns continue following threats against the actor’s home and a recent shooting incident involving Tiger Shroff.




