ഉത്തരാഖണ്ഡിൽ പാലത്തിൽ നിന്ന് കൊക്കയിലേക്ക് ബസ് മറിഞ്ഞ് എട്ട് പേർ മരിക്കുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു; അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ചമ്പാവത് ജില്ലയിലുണ്ടായ മറ്റൊരു വാഹനാപകടത്തിൽ അഞ്ച് പേർക്കും ജീവൻ നഷ്ടമായി

ഡല്‍ഹി: ഉത്തരാഖണ്ഡിലെ തെഹ്രി ഗര്‍വാള്‍ ജില്ലയില്‍ ചൊവ്വാഴ്ച രാവിലെ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഗുലാര്‍ ബസാറിന് സമീപമുള്ള പാലത്തില്‍ നിന്ന് ഏകദേശം 100 മീറ്റര്‍ താഴ്ചയിലുള്ള കൊക്കയിലേക്കാണ് ബസ് പതിച്ചത്.
അപകടവിവരം അറിഞ്ഞയുടന്‍ ബ്യാസി, ധല്‍വാല പോസ്റ്റുകളില്‍ നിന്നുള്ള സംസ്ഥാന ദുരന്തനിവാരണ സേന സംഘങ്ങളെ രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തേക്ക് അയച്ചതായി തെഹ്രി ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. ജില്ലാ മജിസ്ട്രേറ്റ് നിതിക ഖണ്ഡേല്‍വാള്‍, എസ്.എസ്.പി ശ്വേത ചൗബേ എന്നിവരും അപകടസ്ഥലത്തേക്ക് തിരിച്ചു.
അപകടസമയത്ത് ബസില്‍ ഏകദേശം 30 മുതല്‍ 35 വരെ യാത്രക്കാരുണ്ടായിരുന്നതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പരിക്കേറ്റ ഇരുപതോളം പേരെ ഇതുവരെ രക്ഷപ്പെടുത്തി ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിലൂടെ അനുശോചനം രേഖപ്പെടുത്തി.
അതേസമയം, ഉത്തരാഖണ്ഡിലെ ചമ്പാവത് ജില്ലയിലെ ബാരാകോട്ട് മേഖലയിലുണ്ടായ മറ്റൊരു അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ബാപ്രു-ബന്തോളി റോഡിന് സമീപം വാഹനം ഏകദേശം 200 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് തീപിടിക്കുകയായിരുന്നു.
സബ് ഇന്‍സ്‌പെക്ടര്‍ ദുംഗര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള എസ്.ഡി.ആര്‍.എഫ് സംഘവും ജില്ലാ പോലീസും ചേര്‍ന്ന് ദുഷ്‌കരമായ സാഹചര്യങ്ങളെ അതിജീവിച്ച് അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്ത് തുടര്‍നടപടികള്‍ക്കായി പോലീസിന് കൈമാറി.




