Skip to content
November 17, 2026
⌕

ഫലസ്തീനികളെ നിരീക്ഷിക്കാൻ ഇസ്രായേൽ സൈന്യം ആമസോൺ ക്ലൗഡിലേക്ക് അപ്‌ലോഡ് ചെയ്തത് 35 ലക്ഷം ചിത്രങ്ങൾ. ഉപയോഗിച്ചത് എ.ഐ അധിഷ്ഠിത മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയായ ‘റെക്കഗ്നിഷൻ’. ‘ദി ഗാർഡിയൻ’ പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ നിർണ്ണായക വിവരങ്ങൾ. പ്രോജക്ട് നിംബസ് കരാറിലൂടെയുള്ള സഹകരണവും ചർച്ചയാകുന്നു

November 17, 2026
Share this post to

ലണ്ടൻ: ഫലസ്തീനികളെ നിരീക്ഷിക്കുന്നതിനായി ഇസ്രായേൽ സൈന്യം ആമസോണിന്റെ ക്ലൗഡ് പ്ലാറ്റ്‌ഫോമിലേക്ക് 35 ലക്ഷം ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തതായി വെളിപ്പെടുത്തൽ. 

ആമസോണിന്റെ എ.ഐ അധിഷ്ഠിത മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയായ ‘റെക്കഗ്നിഷൻ’ (Rekognition) ഉപയോഗിക്കുന്നതിനാണ് ഈ ഭീമൻ ചിത്രശേഖരം കൈമാറിയതെന്ന് ബ്രിട്ടീഷ് മാധ്യമമായ ‘ദി ഗാർഡിയൻ’ പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. 

ഗസ്സയ്‌ക്കെതിരായ ഇസ്രായേൽ യുദ്ധത്തിന്റെ ആദ്യ മാസങ്ങളിലാണ് ചോർന്ന രേഖകൾ പ്രകാരമുള്ള ഈ കൈമാറ്റം നടന്നത്. ഗസ്സയിലെയും അധിനിവേശ വെസ്റ്റ് ബാങ്കിലെയും ഫലസ്തീൻ ജനതയുടെ വിപുലമായ ചിത്രങ്ങൾ സൂക്ഷിക്കുന്ന ഇസ്രായേൽ സൈനിക വിഭാഗമാണ് ഇവ ആമസോൺ ക്ലൗഡിലേക്ക് അപ്‌ലോഡ് ചെയ്തത്.

ഇസ്രായേൽ പ്രതിരോധ സേനയുടെ രഹസ്യാന്വേഷണ വിവരങ്ങളും സെൻസിറ്റീവ് രേഖകളും ഉൾപ്പെടെയുള്ള വൻതോതിലുള്ള സൈനിക ഡാറ്റയാണ് ഇപ്പോൾ യു.എസ് ടെക് ഭീമനായ ആമസോണിന്റെ ഡാറ്റാ സെന്ററുകളിൽ സൂക്ഷിച്ചിരിക്കുന്നത്. 

സൈനിക സോഫ്റ്റ്‌വെയർ യൂണിറ്റിന്റെ ഭാഗമായ ‘റോളിംഗ് സ്റ്റോൺ’ എന്ന വിഭാഗമാണ് തെൽ അവീവിന് സമീപമുള്ള ആമസോൺ ഡാറ്റാ സെന്ററിലേക്ക് ചിത്രങ്ങൾ മാറ്റിയത്. 

ഫലസ്തീനികളുടെ വ്യക്തിവിവരങ്ങൾ, കുടുംബ വിവരങ്ങൾ, സ്വത്ത് വിവരങ്ങൾ, ചെക്ക്‌പോയിന്റ് യാത്രകൾ, വർക്ക് പെർമിറ്റുകൾ, ക്രിമിനൽ റെക്കോർഡുകൾ എന്നിവയെല്ലാം കേന്ദ്രീകരിച്ചിരിക്കുന്ന സൈനിക ഡാറ്റാബേസാണിത്. 

2023 ഒക്ടോബറിന് ശേഷം ബോംബാക്രമണങ്ങളെത്തുടർന്ന് പലായനം ചെയ്ത ഫലസ്തീൻ സിവിലിയന്മാരെ തടഞ്ഞുനിർത്തി സൈന്യം ചിത്രങ്ങൾ ശേഖരിച്ചിരുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ചെക്ക്‌പോയിന്റുകളിലും ഫേസ് സ്കാനിംഗ് പതിവാണ്. 2023 ഒക്ടോബർ 7-ന് ഹമാസ് ബന്ദികളാക്കിയവരെ തിരിച്ചറിയാനും ഇസ്രായേൽ റെക്കഗ്നിഷൻ ഉപയോഗിച്ചിരുന്നു.

ഗസ്സയിൽ വംശഹത്യ നടത്തുന്നുവെന്ന ആരോപണം ഇസ്രായേൽ സൈന്യം നേരിടുമ്പോഴും, ഇസ്രായേലും ആമസോണും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാകുന്നതായാണ് ചോർന്ന രേഖകൾ കാണിക്കുന്നത്. 

2021-ൽ ഒപ്പുവെച്ച കോടിക്കണക്കിന് ഡോളറിന്റെ ‘പ്രോജക്ട് നിംബസ്’ കരാറിലൂടെയാണ് ഇസ്രായേൽ സർക്കാരിനും സൈന്യത്തിനും ക്ലൗഡ് സേവനങ്ങൾ നൽകാൻ ആമസോൺ വെബ് സർവീസസും ഗൂഗിളും കരാറിലേർപ്പെട്ടത്. 

സേവന വ്യവസ്ഥകൾ ലംഘിച്ചാൽ പോലും ഇസ്രായേൽ സർക്കാരിന്റെയോ സൈന്യത്തിന്റെയോ ക്ലൗഡ് ഉപയോഗം നിയന്ത്രിക്കാനോ സസ്‌പെൻഡ് ചെയ്യാനോ യു.എസ് കമ്പനികൾക്ക് കഴിയില്ലെന്ന അസാധാരണ വ്യവസ്ഥകളും ഈ കരാറിലുണ്ട്.

അതേസമയം, ക്ലൗഡ് ഉപഭോക്താക്കളുടെ ഡാറ്റയിൽ തങ്ങൾക്ക് യാതൊരു നിയന്ത്രണമോ നിരീക്ഷണമോ ഇല്ലെന്നും ഉപഭോക്താക്കളുടെ സ്വകാര്യതയെ മാനിക്കുന്നുവെന്നും ആമസോൺ വെബ് സർവീസസ് വക്താവ് പ്രതികരിച്ചു. സൈനിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഇസ്രായേൽ സൈനിക വക്താവും വ്യക്തമാക്കി.

Get more updates from Pudukad News on Google