Skip to content
November 19, 2026
⌕

ക്വാറി ഉൽപന്നങ്ങളുടെ കയറ്റുമതി നിരോധിച്ച തമിഴ്‌നാട് സർക്കാർ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ‘3 എ’ ചട്ടം ഭരണഘടനാ വിരുദ്ധമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്. കേരളത്തിലെ നിർമാണ മേഖലയ്ക്കും ദേശീയപാത നിർമാണത്തിനും വൻ ആശ്വാസം

November 17, 2026
Share this post to

ചെന്നൈ: തമിഴ്‌നാട്ടിൽ നിന്നുള്ള ക്വാറി ഉൽപന്നങ്ങൾ കേരളമടക്കമുള്ള അയൽസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് നിരോധിച്ച് വിജയ് സർക്കാർ പുറത്തിറക്കിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി.

കഴിഞ്ഞ ജൂലൈയിൽ ഭേദഗതി വരുത്തിയ 2011-ലെ നിയമത്തിലെ ‘3 എ’ ചട്ടം ഭരണഘടനാ വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു. ഇത്തരത്തിൽ താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജിയോളജി വകുപ്പ് ഡയറക്ടർക്ക് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

പാറക്കല്ല്, മെറ്റൽ ജല്ലി, എംസാൻഡ് അടക്കമുള്ള നിർമാണ സാമഗ്രികളുടെ നീക്കം തടഞ്ഞ ചട്ടമാണ് കോടതി റദ്ദാക്കിയത്.

2027 ജനുവരി 25 വരെ നിരോധനം ഏർപ്പെടുത്തിക്കൊണ്ടായിരുന്നു തമിഴ്‌നാട് സർക്കാർ നേരത്തെ ഉത്തരവിറക്കിയത്. ഈ നിരോധനം കേരളത്തിലെ നിർമാണ മേഖലയെയും ദേശീയപാത നിർമാണത്തെയും സാരമായി ബാധിച്ചിരുന്നു.

നിയന്ത്രണം നിലവിൽ വന്നതോടെ തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള നിർമാണ സാമഗ്രികളുടെ വരവ് ഗണ്യമായി കുറഞ്ഞു.

വിഷയത്തിൽ ഇളവ് വേണമെന്ന് കേരളം ആവശ്യപ്പെടുകയും, കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു.

വിഴിഞ്ഞം തുറമുഖം, വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ എന്നിവയെ ദേശീയപാതയുമായി ബന്ധിപ്പിക്കേണ്ടതിനാൽ, ദക്ഷിണേന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് ഇവയുടെ നിർമാണം സമയബന്ധിതമായി പൂർത്തിയാകേണ്ടതുണ്ടെന്ന് വി.ഡി. സതീശൻ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. 

ദേശീയപാതാ നിർമാണം അടക്കം കേരളത്തിന്റെ ആവശ്യത്തിനുള്ള 40 ശതമാനം കരിങ്കല്ലും തമിഴ്‌നാട്ടിൽ നിന്നാണ് ലഭിച്ചിരുന്നത്. മദ്രാസ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ് കേരളത്തിലെ നിർമാണ മേഖലയ്ക്ക് വലിയ ആശ്വാസമാകും.

Get more updates from Pudukad News on Google