Skip to content
November 18, 2026
⌕

മാതാപിതാക്കളുടെ ബന്ധത്തെക്കുറിച്ചുള്ള പരാമർശം വിവാദമായതിന് പിന്നാലെ ബിജെപി-ആർഎസ്എസിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി; ഭയവും കോപവും വിദ്വേഷവും സ്നേഹത്തെ തിരിച്ചറിയുന്നതിൽനിന്ന് അവരെ തടയുന്നുവെന്ന് തുറന്മ്പറച്ചിൽ. ശിവൻ-പാർവതി ശിൽപത്തിന്റെ ചിത്രവും പങ്കുവെച്ചു

November 17, 2026
Share this post to

ന്യൂഡൽഹി: മാതാപിതാക്കളുടെ ബന്ധത്തെക്കുറിച്ചുള്ള തൻ്റെ പരാമർശങ്ങളെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ ബിജെപിക്കും ആർഎസ്എസിനുമെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. 

ഭയവും കോപവും വിദ്വേഷവും അവരുടെ ഹൃദയങ്ങളിൽ ഒരു വല നെയ്തിരിക്കുകയാണെന്നും, ഇത് സ്നേഹം അനുഭവിക്കുന്നതിൽ നിന്നും പ്രകടിപ്പിക്കുന്നതിൽ നിന്നും അവരെ തടയുന്നുവെന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.


ശിവൻ്റെ മടിയിലിരിക്കുന്ന പാർവതീദേവിയുടെ ഒരു ക്ഷേത്രശിൽപത്തിൻ്റെ ചിത്രം കൂടി പങ്കുവെച്ചായിരുന്നു മറുപടി.


ഭക്ഷണം കഴിക്കുമ്പോൾ മാതാപിതാക്കൾ പരസ്പരം മടിയിലിരുന്നിരുന്നുവെന്ന രാഹുലിൻ്റെ പരാമർശം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഉൾപ്പടെ നിരവധി ബിജെപി നേതാക്കൾ ഇതിനെ പരിഹസിച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു.

രാഹുലിൻ്റെ പ്രസംഗത്തിൻ്റെ വിഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ഹിമന്തയുടെ പ്രതികരണം.

‘ക്ഷമിക്കണം മാഡം, നിങ്ങളുടെ ജീവിതത്തിലെ ഇത്രയും വിശേഷപ്പെട്ടൊരു ദിവസം പോലും നിങ്ങൾക്ക് നാണക്കേടുണ്ടാക്കുന്നതിൽനിന്ന് അദ്ദേഹത്തിന് വിട്ടുനിൽക്കാനായില്ല’ എന്നായിരുന്നു ഹിമന്തയുടെ പരിഹാസം.


ഇതിനു പിന്നാലെയാണ് എക്സിൽ രാഹുലിൻ്റെ പ്രതികരണം വന്നത്.


‘ഭയവും ദേഷ്യവും വെറുപ്പും ചേർന്ന് ബിജെപി, ആർഎസ്എസ് അനുഭാവികളുടെ ഹൃദയങ്ങളിൽ ഒരു വല നെയ്തിരിക്കുന്നു; സ്നേഹമനുഭവിക്കുന്നതിൽ നിന്നും അത് പ്രകടിപ്പിക്കുന്നതിൽ നിന്നും ഈ വല അവരെ തടയുന്നു. ഒരു യഥാർത്ഥ ഹിന്ദു എന്ന നിലയിൽ, അവരെ ഈ വലയിൽ നിന്ന് മോചിപ്പിക്കേണ്ടത് എൻ്റെ കടമയാണ്. എങ്കിൽ മാത്രമേ, സ്നേഹത്തിൻ്റെയും ഒത്തുചേരലിൻ്റെയും അതിമനോഹരമായ സൗന്ദര്യവും സന്തോഷവും അവരുടെ ജീവിതത്തിലും അനുഭവിക്കാൻ അവർക്ക് കഴിയൂ’.

സത്യം ശിവം സുന്ദരം എന്ന പറഞ്ഞുകൊണ്ടാണ് രാഹുൽ കുറിപ്പ് അവസാനിപ്പിച്ചത്.

തിങ്കളാഴ്ച അമ്മ സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ ‘ബിലോഗിംങ്: എ ജേർണി ഓഫ് ലൗ’ പ്രകാശനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കവെയായിരുന്നു രാഹുലിൻ്റെ പരാമർഷം.


ചെറുപ്പത്തിൽ ഇതൊരു സാധാരണ കാര്യമാണെന്നാണ് താൻ കരുതിയിരുന്നതെന്നും എന്നാൽ സുഹൃത്തുക്കളുടെ മാതാപിതാക്കൾക്കിടയിൽ അത്തരം അടുപ്പം കാണാത്തത് തന്നെ അത്ഭുതപ്പെടുത്തിയെന്നും രാഹുൽ പറഞ്ഞു.


രാഹുലിൻ്റെ മറുപടിയിൽ പങ്കുവെച്ച ചിത്രത്തിനെതിരെയും ഹിമന്ത ബിശ്വ ശർമ്മ രംഗത്തെത്തി.

‘മനുഷ്യരെ ശിവനായും പാർവതിയായും ചിത്രീകരിക്കുന്നത് ഭക്തിയല്ല. സ്വയം ദൈവികമാണെന്ന് വിശ്വസിക്കുന്ന തരത്തിലേക്ക് വളർന്ന അഹങ്കാരമാണ്’. എന്നായിരുന്ന പ്രതികരണം. 

Get more updates from Pudukad News on Google