തല നിലത്തിടിപ്പിച്ചെന്ന ആദ്യ മൊഴി തിരുത്തി; കൗൺസിലിങ്ങിനിടെ ക്രൂരത വെളിപ്പെടുത്തി 17-കാരൻ, ബോധരഹിതനായ അഭിറാമിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊന്നത് രണ്ടാം പ്രതി ഉമർ എത്തിയ ശേഷം; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | Pangappara murder case

തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17കാരനായ അഭിറാമിനെ തലയ്ക്കടിച്ച് വീഴ്ത്തിയത് തേങ്ങ കൊണ്ടാണെന്ന് ഒന്നാം പ്രതിയായ 17കാരൻ സമ്മതിച്ചതായി പൊലീസ് (Pangappara murder case). അഭിറാമിന്റെ തല നിലത്തിടിപ്പിക്കുകയായിരുന്നുവെന്നാണ് പ്രതി ആദ്യം മൊഴി നൽകിയിരുന്നത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെ തലയോട്ടിയിലെ ഗുരുതരമായ പരുക്ക് നിലത്തടിച്ചതിലൂടെ ഉണ്ടായതല്ലെന്ന് വ്യക്തമായതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടായത്.
പുറമേ കാണപ്പെട്ട പരുക്കുകളേക്കാൾ ഗുരുതരമായ പരുക്ക് തലയ്ക്കുള്ളിലുണ്ടായിരുന്നുവെന്നും ആന്തരിക രക്തസ്രാവമുണ്ടായിരുന്നുവെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ വീണ്ടും കൗൺസിലിങ്ങിന് വിധേയനാക്കി. തുടർന്നാണ് പറമ്പിലുണ്ടായിരുന്ന തേങ്ങയെടുത്ത് ശക്തമായി അഭിറാമിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പ്രതി വെളിപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
അടിയേറ്റ് അഭിറാം ബോധരഹിതനായി വീണു. തുടർന്ന് രണ്ടാം പ്രതിയായ ഉമറിനെ വിളിച്ച് 17കാരൻ സഹായം തേടി. ഉമർ എത്തിയ ശേഷമാണ് ബെൽറ്റ് ഉപയോഗിച്ച് അഭിറാമിന്റെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കുന്നു.
തൊണ്ടിമുതലുകൾ കിണറ്റിൽ ഒളിപ്പിച്ചു
കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന ബെൽറ്റും അഭിറാമിന്റെ മൊബൈൽ ഫോണും വസ്ത്രങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ പുരയിടത്തിലെ കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്.
മൊഴി മാറ്റിപ്പറഞ്ഞ് മൂന്നാഴ്ചയോളം അന്വേഷണസംഘത്തെ കുഴക്കിയ ശേഷമാണ് രണ്ടാം പ്രതിയായ ഉമർ തൊണ്ടിമുതലുകൾ ഒളിപ്പിച്ച സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തത്.
കേസിൽ പ്രതികളുടെ മൊഴികളും കണ്ടെത്തിയ തെളിവുകളും അടിസ്ഥാനമാക്കി പൊലീസ് അന്വേഷണം തുടരുകയാണ്.
Story Summary:
Police say the 17-year-old first accused in the Pangappara murder case has admitted to hitting 17-year-old Abhiram on the head with a coconut. The accused had initially claimed that the victim’s head was struck against the ground, but the post-mortem findings indicated a more serious internal injury. Police say the second accused, Umar, arrived after Abhiram became unconscious, and the murder was subsequently carried out using a belt. The belt, mobile phone and clothes were recovered from a well near the crime scene.




