Skip to content
November 20, 2026
⌕

ഉത്തരാഖണ്ഡിൽ ശൈശവ വിവാഹം തടഞ്ഞു; 25കാരനുമായി വിവാഹം നടത്താനായിരുന്നു നീക്കം. വരൻ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്

November 20, 2026
Share this post to

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉധം സിങ് നഗർ ജില്ലയിൽ ശൈശവവിവാഹം തടഞ്ഞു. സംഭവത്തിൽ വരൻ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസെടുത്തതായി അധികൃതർ അറിയിച്ചു. 16 വയസ്സുകാരിയായ പെൺകുട്ടിയെ 25കാരനുമായി വിവാഹം കഴിപ്പിക്കാനുള്ള നീക്കമാണ് ഇടപെടലിലൂടെ തടഞ്ഞത്.

കുട്ടികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ എന്ന സിവിൽ സൊസൈറ്റി ശൃംഖലയുടെ സഹകരണത്തോടെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ഡെവലപ്‌മെന്റ്, അസോസിയേഷൻ ഫോർ വോളണ്ടറി ആക്ഷൻ എന്നീ സന്നദ്ധസംഘടനകളാണ് ഇടപെട്ടത്.


നവംബർ 18ന് വൈകിട്ട് ഏഴുമണിയോടെ ബുക്സൗറ ഗ്രാമത്തിലെ ഗൗതം വ്യാപാരിയുടെ വീട്ടിൽ ശൈശവവിവാഹം നടക്കുന്നതായി വിവരം ലഭിച്ചെന്ന് കിച്ച സ്വദേശിനി ബിന്ദു വാസിനി ദിനേശ്പൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.


സന്നദ്ധസംഘടനാ പ്രവർത്തകർ വീട്ടിലെത്തിയപ്പോൾ 16കാരിയുടെ വിവാഹം സമീർ ബിശ്വാസ് എന്ന 25കാരനുമായി നടത്തുന്നതായി കണ്ടെത്തി. ഗോപാൽ ബിശ്വാസ് എന്ന ഭൂപാൽ ബിശ്വാസിന്റെ മകനാണ് സമീർ.

വരന്റെയും വധുവിന്റെയും കുടുംബങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൗൺസിലിങ്ങിനായി വൺ സ്റ്റോപ്പ് സെന്ററിലേക്ക് മാറ്റുമെന്നും ബിന്ദു വാസിനി അറിയിച്ചു.


ശൈശവവിവാഹ നിരോധന നിയമം, 2006ലെ ഒൻപത്, പത്ത്, പതിനൊന്ന് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കുന്ന മുതിർന്ന പുരുഷന് ശിക്ഷ നൽകുന്നതാണ് ഒൻപതാം വകുപ്പ്. 


ശൈശവവിവാഹം നടത്തുന്നതും പ്രോത്സാഹിപ്പിക്കുന്നതും അനുവദിക്കുന്നതും ശിക്ഷാർഹമാണെന്ന് പത്ത്, പതിനൊന്ന് വകുപ്പുകൾ വ്യക്തമാക്കുന്നു.

നിയമപ്രകാരം 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികൾ പ്രായപൂർത്തിയാകാത്തവരാണ്. ഇത്തരം വിവാഹങ്ങൾ നടത്തുകയോ പ്രോത്സാഹിപ്പിക്കുകയോ അനുവദിക്കുകയോ ചെയ്യുന്നവർക്കെതിരെയും നിയമനടപടി സ്വീകരിക്കാം.

Get more updates from Pudukad News on Google