മഹീന്ദ്രയുടെ ഇലക്ട്രിക് കാറുകൾ യുകെയിലേക്ക്; അയർലൻഡിലും എത്തിയേക്കും

മൂന്ന് ഇലക്ട്രിക് എസ് യു വി മോഡലുകളുമായി യൂറോപ്യൻ വിപണി ലക്ഷ്യമിടുന്നുഇന്ത്യൻ വാഹനനിർമാതാക്കളായ മഹീന്ദ്ര യുകെ വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളുമായി വീണ്ടും പ്രവേശിക്കാൻ ഒരുങ്ങുന്നു. 2027-ൽ മൂന്ന് പുതിയ ഇലക്ട്രിക് എസ് യു വി മോഡലുകൾ അവതരിപ്പിച്ച് ബ്രിട്ടീഷ് വിപണിയിൽ സാന്നിധ്യമുറപ്പിക്കാനാണ് കമ്പനിയുടെ നീക്കം.
മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് വാഹന നിരയിൽ ബി ഇ 6, എക്സ് ഇ വി 9ഇ, ബി ഇ 07 എന്നിവ ഉൾപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.യുകെയിൽ ആദ്യം അവതരിപ്പിക്കാനൊരുങ്ങുന്നത് ബി ഇ 6 ആയിരിക്കും. സ്പോർട്ടി കൂപ്പെ-എസ് യു വി രൂപകൽപ്പനയും ആധുനിക സാങ്കേതിക സംവിധാനങ്ങളും ഉൾപ്പെടുത്തിയ ഈ വാഹനം ഏകദേശം 41,000 പൗണ്ട് വിലയിൽ വിപണിയിലെത്തുമെന്നാണ് സൂചന. തുടർന്ന് കൂടുതൽ വലിപ്പവും പ്രീമിയം സൗകര്യങ്ങളുമുള്ള എക്സ് ഇ വി 9ഇ, ബി ഇ 07 എന്നിവയും അവതരിപ്പിച്ചേക്കും. ഏകദേശം 48,000 പൗണ്ട് വില പ്രതീക്ഷിക്കുന്ന എക്സ് ഇ വി 9ഇ ഉയർന്ന വിഭാഗത്തിലുള്ള ഇലക്ട്രിക് എസ് യു വികളോട് മത്സരിക്കാനാണ് ലക്ഷ്യമിടുന്നത്.
മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് വാഹനങ്ങൾ കമ്പനിയുടെ ഇഗ്ളൂ പ്ലാറ്റ്ഫോമിലാണ് നിർമ്മിച്ചിരിക്കുന്നത്. വലിയ ബാറ്ററി ശേഷി, ഉയർന്ന പ്രകടനമുള്ള ഇലക്ട്രിക് മോട്ടോറുകൾ, ഫാസ്റ്റ് ചാർജിങ്, ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവയാണ് വാഹനങ്ങളുടെ പ്രധാന ആകർഷണങ്ങൾ. ഇന്ത്യയിൽ ലഭ്യമായ മോഡലുകളുടെ ബാറ്ററി ശേഷിയും റേഞ്ചും യു കെ പതിപ്പിൽ വ്യത്യാസപ്പെട്ടേക്കാം.യുകെ വിപണിയിൽ കപ്ര, ടെസ്ല, ഡി എസ് തുടങ്ങിയ ബ്രാൻഡുകളുമായി മത്സരിക്കുന്ന വിഭാഗത്തിലാണ് മഹീന്ദ്ര പുതിയ വാഹനങ്ങളെ അവതരിപ്പിക്കാൻ ലക്ഷ്യമിടുന്നത്.
ബ്രിട്ടനിലെ ബാമ്പുരിയിലുള്ള മഹീന്ദ്രയുടെ ഡിസൈൻ കേന്ദ്രത്തിനും പുതിയ വാഹനങ്ങളുടെ രൂപകൽപ്പനയിലും വികസനത്തിലും പങ്കുണ്ട്.യുകെയിലെ വിൽപ്പന വിജയകരമാകുന്ന പക്ഷം അയർലൻഡ് ഉൾപ്പെടെയുള്ള മറ്റ് യൂറോപ്യൻ വിപണികളിലേക്കും മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനങ്ങൾ വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്. അയർലൻഡിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ മഹീന്ദ്രയുടെ പുതിയ മോഡലുകൾ വിപണിയിലെത്തുന്നത് ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പുകൾ നൽകും. എന്നാൽ അയർലൻഡിലെ ഔദ്യോഗിക വിൽപ്പന, ഡീലർഷിപ്പുകൾ, വില എന്നിവ സംബന്ധിച്ച് തീരുമാനമാകുന്ന മുറയ്ക്ക് അയർലണ്ടിലും വില്പന ആരംഭിക്കും എന്നാണ് സൂചന
യുകെ വിപണിയിൽ മഹീന്ദ്രയുടെ മുൻ പ്രവേശനശ്രമങ്ങൾ വിജയിച്ചിരുന്നില്ല. 2016-ൽ അവതരിപ്പിച്ച ഇ2o ഇലക്ട്രിക് കാർ വിൽപ്പന കുറഞ്ഞതിനെ തുടർന്ന് പിൻവലിക്കുകയും പിന്നീട് 2022-ൽ അഞ്ച് ഇലക്ട്രിക് എസ് യു വികളുമായി വിപണിയിൽ പ്രവേശിക്കാനുള്ള പദ്ധതിയും ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഇത്തവണ കൂടുതൽ ആധുനികവും പ്രീമിയം സവിശേഷതകളുള്ളതുമായ മൂന്ന് എസ് യു വി കളുമായി തിരിച്ചെത്താനുള്ള നീക്കം വിജയിച്ചാൽ, യൂറോപ്യൻ വിപണിയിൽ ഇന്ത്യൻ വാഹനനിർമാണ കമ്പനികളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന മുന്നേറ്റമായി മാറും.




